തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കരുതെന്ന് സൗദി ഗ്രാന്റ് മുഫ്തി; പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സല്‍മാന്‍ രാജാവ്

റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കരുതെന്ന് സൗദി ഗ്രാന്റ് മുഫ്തി. ശമ്പളം വൈകിപ്പിക്കുന്നത് തൊഴിലാളികളോടുള്ള അനീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആല്‍ അഷൈഖ് പറഞ്ഞു. സൗദിയില്‍ മാസങ്ങളായി വേതനമില്ലാതെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് ഗ്രാന്റ് മുഫ്തിയുടെ പ്രസ്താവന. അതിനിടെ ശമ്പള മുടക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ഉത്തരവിട്ടു.

സൗദിയില്‍ ഒരു റേഡിയോ പരിപാടിക്കിടെയാണ് ഗ്രാന്റ് മുഫ്തി തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖുറാനില്‍ നിന്നുളള വചനങ്ങള്‍ കടമെടുത്ത് പറഞ്ഞത്. തൊഴിലാളികളുടെ വിയര്‍പ്പ് ആറുംമുന്‍പ് അവര്‍ക്ക് കൂലി കൊടുക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തൊഴില്‍ സാമൂഹിക മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി സഹകരിച്ച് കമ്പനികളോട് ശമ്പള മുടക്കമുളള കാര്യങ്ങള്‍ എത്രയുംവേഗം പരിഹരിക്കാനാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.

മുടങ്ങിയ ശമ്പളവും നല്‍കണമെന്നും ജോലി നഷ്ടമായവര്‍ക്ക് താമസം അടക്കമുളള സൗകര്യങ്ങള്‍ ഒരുക്കണം. ശമ്പളകുടിശിക അടക്കമുളള കാര്യങ്ങള്‍ പരിഹരിക്കാന്‍ 100 ദശലക്ഷം റിയാല്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തില്‍ തൊഴിലാളികള്‍ക്കായി വകമാറ്റുന്ന പണം കമ്പനികളില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിതാഖാത്തും എണ്ണവിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും കാരണം പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്. താമസ രേഖ (ഇഖാമ) പോലും കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് തൊഴില്‍ നഷ്ടപ്പെട്ടവരിലേറെയും.

Be the first to comment on "തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കരുതെന്ന് സൗദി ഗ്രാന്റ് മുഫ്തി; പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സല്‍മാന്‍ രാജാവ്"

Leave a comment

Your email address will not be published.


*