പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ സർകോസി

പാരിസ്: ഫ്രാൻസിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡൻറ് നികോളാസ് സർകോസി. സ്വന്തം ഫേസ്ബുക് പേജിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് സർകോസി ഇക്കാര്യം അറിയിച്ചത്. 2017ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തീരുമാനിച്ചിട്ടുണ്ട്.

കുടിയേറ്റ പ്രശ്നത്തെക്കുറിച്ചും രാജ്യത്ത് തുടർചയായി നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ചുമുള്ള കാമ്പയിന് നേതൃത്വം നൽകാനും 61 കാരനായ സർകോസി ആലോചിക്കുന്നുണ്ട്. ഇതിലൂടെ നാഷനൽ ഫ്രണ്ട് നേതാവും പ്രസിഡൻറ് സ്ഥാനാർഥിയുമായ മറൈൻ ലീ പെന്നിനെയാണ് സർകോടി ഉന്നമിടുന്നത്.

2012ൽ പ്രസിഡൻറ് സ്ഥാനാർഥിയായി സർകോസി വീണ്ടും മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് മൂല്യങ്ങൾ വെച്ചു പുലർത്തുന്ന ഫ്രാൻസിസ് ഒാലൻറിനോട് പരാജയപ്പെട്ടിരുന്നു. ശേഷം രാഷ്ട്രീയം വിടുകയാണെന്നും രാജ്യത്തെ സേവിക്കാൻ മറ്റൊരു വഴി കണ്ടെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2014ൽ കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്തെത്തിയതോടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സർകോസി തീരുമാനിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ 2004ൽ ഫ്രാൻസിലെ പൊതു സ്കൂളുകളിൽ ഏർപ്പെടുത്തിയ ശിരോവസ്ത്ര നിേരാധം സർവകലാശാലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സർകോസി പറഞ്ഞിരുന്നു.

Be the first to comment on "പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ സർകോസി"

Leave a comment

Your email address will not be published.


*