ലക്ഷ്മി നായർ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും അഞ്ചു വർഷത്തേയ്ക്ക് മാറിനിൽക്കും!

തിരുവനന്തപുരം:ലോ കോളേജ് മാനേജ്മെന്റും എസ്എഫ്ഐയും തമ്മിൽ നടന്ന ചർച്ചയിൽ ലക്ഷ്മി നായരെ അഞ്ചു വർഷത്തേയ്ക്ക് പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും മാറ്റി നിർത്താമെന്നു മാനേജ്മെന്റ്. ഈ അഞ്ചുവര്ഷത്തേയ്ക്കു അദ്ധ്യാപികയായി പോലും കോളേജിൽ പ്രവേശിക്കില്ലെന്നു ഉറപ്പു ലഭിച്ചതായും അതിനാൽ സമരം അവസാനിപ്പിക്കുന്നതായും എസ്എഫ്ഐ പറഞ്ഞു. എസ്എഫ്ഐ ആവശ്യപ്പെട്ട 20 ൽ 17 ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചതായും എസ്എഫ്ഐ പറയുന്നു.

എന്നാൽ എസ്എഫ്ഐയുമായി മാത്രമാണ് മാനേജ്മെന്റ് ചർച്ച നടത്തിയതെന്ന് മറ്റു വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു. പ്രിൻസിപ്പലിനെ അഞ്ചു വർഷത്തേയ്ക്ക് മാറ്റുകയല്ല പകരം ലക്ഷ്മി നായർ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും രാജി വെയ്ക്കുകയാണ് വേണ്ടതെന്നും എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു. ഈയാവശ്യം ഉന്നയിച്ചാണ് കഴിഞ്ഞ 21 ദിവസമായി സമരം നടത്തുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.

എസ്എഫ്ഐയെ മാത്രം വിളിച്ചു മാനേജ്മെന്റ് ചർച്ച നടത്തിയത് ശരിയായില്ലെന്നും എസ്എഫ്ഐ വിദ്യാർത്ഥികളെ ചതിച്ചുവെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. എസ്എഫ്ഐ വിദ്യാർത്ഥികളെ വഞ്ചിച്ചുവെന്നു വിദ്യാർത്ഥികൾക്ക് പിന്തുണപ്രഖ്യാപിച്ചു നിരാഹാരം നടത്തുന്ന വി മുരളീധരനും പറഞ്ഞു.

അതേസമയം വ്യാഴാഴ്‌ച മുതൽ സ്ഥലം എംഎൽഎ കെ.മുരളീധരൻ നിരാഹാരം തുടങ്ങുമെന്ന് കെപിസിസി പ്രസിഡന്റെ വി എം സുധീരൻ അറിയിച്ചു.

Be the first to comment on "ലക്ഷ്മി നായർ പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും അഞ്ചു വർഷത്തേയ്ക്ക് മാറിനിൽക്കും!"

Leave a comment

Your email address will not be published.


*