സർക്കാരിനെതിരെ ആരോപണങ്ങളുമായി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍!

തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സെന്‍കുമാര്‍ സമർപ്പിച്ച അപ്പീലിൽ ഇടതു സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് അദ്ദേഹം പറയുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്തു ഡിജിപി ആയിരുന്ന താൻ സിപിഐഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിലുള്ള പ്രതികാര നടപടിയാണ് സ്ഥാനചലനമെന്നാണ് സെൻകുമാറിന്റെ ആരോപണം.

ടിപി ചന്ദ്ര ശേഖരന്‍ വധക്കേസ്, കതിരൂർ മനോജ് വധകേസ്,ഷുക്കൂർ വധകേസ് തുടങ്ങിയ കേസുകളില്‍ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ കേസുകളിൽ പ്രതി ചേർത്തതാണ് പകയ്ക്കു കാരണമെന്നും സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.

താൻ ഡിജിപി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നതെന്നും, തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകം നടന്നെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞു.

40 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചുമതലയേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.ഇത് പോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടനെത്തന്നെ സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.ഇതിനെതിരെ സെൻകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

Be the first to comment on "സർക്കാരിനെതിരെ ആരോപണങ്ങളുമായി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍!"

Leave a comment

Your email address will not be published.


*