കൊട്ടിയൂർ പീഡനം; പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടന്നിരുന്നു!

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ പതിനാറുക്കാരി പ്രസവിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടന്നതായി പോലീസ്. സാമ്പത്തിക സഹായം നൽകി കേസ് ഒതുക്കാനും ശ്രമം നടന്നു. അതേസമയം പതിനാറുക്കാരി പ്രസവിച്ച സംഭവത്തിലെ പ്രതിയായ കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി റോബിൻ വടക്കുംചേരി(48) കുറ്റം സമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം മറച്ചു വെച്ചവർക്കെതിരെയും നടപടി ഉണ്ടാകും. കുട്ടി പ്രസവിച്ച ഹോസ്പിറ്റലിനെതിരെയും നടപടി എടുക്കുമെന്നും പേരാവൂർ പോലീസ് അറിയിച്ചു.

സ്കൂൾ മാനേജർ കൂടിയായ വൈദികൻ കൊട്ടിയൂർ പള്ളി മേടയിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുപതു ദിവസങ്ങൾക്കു മുൻപാണ് കുത്തുപറമ്പിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് പെൺകുട്ടി പ്രസവിച്ചത്.സമ്മർദ്ദത്തെ തുടർന്ന് പ്രസവശേഷം കുഞ്ഞിനെ വായനാടുള്ള സ്വകാര്യ ഓർഫനേജിലേയ്ക്ക് മാറ്റുകയായിരുന്നു.

വിവരം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ പോലീസ് കണ്ടെത്തി കണ്ണൂരെ സർക്കാർ ഓർഫനേജിലേയ്ക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ പോലീസിന്റെ സംരക്ഷണയിലാണ്.

ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് പീഡനത്തെ കുറിച്ച് പോലീസിൽ അറിയിച്ചത്. സംഭവം വിവാദമായതോടെ ഫാദർ റോബിൻ വടക്കുംചേരി കാനഡയിലേക്ക് കടക്കുന്നതിനായി അങ്കമാലി വഴി നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിക്കു വരുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ തന്നെ കുട്ടികളെ പീഡിപ്പിക്കുമ്പോൾ ചുമത്താവുന്ന എല്ലാ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. പ്രതിയെ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി.തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Be the first to comment on "കൊട്ടിയൂർ പീഡനം; പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടന്നിരുന്നു!"

Leave a comment

Your email address will not be published.


*