സോഷ്യൽ മീഡിയയുടെ സ്വാധീനം യുവാക്കളിൽ!

രണ്ടു ദിവസങ്ങളായി തലസ്ഥാനത്ത് നടക്കുന്ന ഒരു കൂട്ടായ്മയാണ് ഇന്നത്തെ നമ്മുടെ ചർച്ച വിഷയം. ശ്രീജിത് എന്നയുവാവിന് പിന്തുണയുമായി യുവാക്കൾ സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലിറങ്ങി. പതിനായിരങ്ങൾ അണിനിരന്ന ഈ പിന്തുണ രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെ കണ്ണ് തുറപ്പിച്ചു എന്ന് തീർച്ച.

നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവ് തന്റെ സഹോദരനായ ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞ രണ്ടു വർഷത്തിലധികമായി(766 ദിവസം) സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിവരുന്ന ഒറ്റയാൾ പോരാട്ടത്തിനാണ് യുവാക്കൾ പിന്തുണയുമായെത്തിയത്.

എപ്പോഴും ഫോണിൽ ചുണ്ണാബും തേച്ചിരിക്കുന്ന യുവാക്കൾക്ക് സമൂഹത്തെ കുറിച്ച് എന്ത് പ്രതിബദ്ധത എന്ന ചോദ്യം എപ്പോഴും സാമൂഹ്യബോധം ഉണ്ടെന്നു നടിക്കുന്നവരിൽ നിന്നും ഉയർന്നിരുന്നു. അതിനെല്ലാമുള്ള മറുപടിയാണ് യുവാക്കളുടെ കൂട്ടായ്മയിൽ നിന്നും ഇന്നലെ നമുക്ക് മനസ്സിലാകുന്നത്.

സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളെല്ലാം ചേർന്ന് ശ്രീജിത്തിന് പിന്തുണയുമായെത്തിയപ്പോൾ നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടി.ഭരണ സംവിധാനത്തെ തന്നെ വെല്ലു വിളിച്ചു കൊണ്ടാണ് യുവാക്കളുടെ ഫേസ് ബുക്ക് കൂട്ടായ്മ അനീതിക്കെതിരെ ശബ്‌ദമുയർത്തി രംഗത്തെത്തിയത്. ഇത് വെറുമൊരു ശക്തിപ്രകടനം മാത്രമായല്ല മറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുള്ള,ശക്തമായ ചിന്താഗതികളോടെ, കണക്കുകൂട്ടലുകളുമായി ഒരു സംഘടന ശക്തി യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ വളർന്നു വരുന്നു എന്ന് വേണം കരുതാൻ.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് വിഷയത്തിലും യുവാക്കളുടെ മുന്നേറ്റം നാം കണ്ടതാണ്.’ ഇതുപോലെയാണ് ജനമുന്നേറ്റം ഉണ്ടാകുകയെന്ന’ ഒരു യുവാവ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. ഇന്നലെയുണ്ടായ യുവാക്കളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി പോലും ഇത്രയും നാൾ സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരുന്നിരുന്ന ശ്രീജിത്തിനെ ഒന്ന് കാണാൻ വിളിപ്പിച്ചതെന്നതും, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ നിന്നും നിരവധിയാളുകൾ പിന്തുണയുമായെത്തിന്നതും.

ഇതുവരെ ഈ സമരം കാണാതെ പോയതോർത്തു പല നേതാക്കളും ലജ്ജിക്കുന്നതും നാം കണ്ടു. അധികാരികളെ നിങ്ങൾ ഒന്നോർക്കുക, ഇന്ന് സമൂഹത്തിലുണ്ടാകുന്ന ഓരോ കാര്യങ്ങളും വ്യക്തമായി നിരീക്ഷിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. വാമൊഴികളിൽ നിന്നുമല്ല, മറിച്ചു കണ്ടറിവുകളിൽ നിന്നുമാണ് അവർ കാര്യങ്ങൾ ഗ്രഹിക്കുന്നത്. അവരുടെ ശക്തിയെ നിങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ഇത് യുവാക്കളുടെ മുന്നേറ്റമാണ്.

Be the first to comment on "സോഷ്യൽ മീഡിയയുടെ സ്വാധീനം യുവാക്കളിൽ!"

Leave a comment

Your email address will not be published.


*