എ കെ ശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പു നാടകമെന്ന് രമേശ് ചെന്നിത്തല!

രമേശ് ചെന്നിത്തല

എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ശശീന്ദ്രനെതിരായ കേസിൽ കോടതിയിൽ നടന്നത് ഒത്തു തീർപ്പു നാടകമാണെന്നും അദ്ദേഹം പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്.ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നത്.

കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണ്. അത് കൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. അന്ന് സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ സംഭാഷണം തന്റേതല്ല എന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല. മറിച്ച് കയ്യോടെ രാജി വയ്ക്കുകയായിരുന്നു ചെയ്തത്. കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ഏറ്റവും കൂടുതൽ പീഡനം നടക്കുന്ന കാലമാണിത്. സ്ത്രീ സംരക്ഷണം എന്ന മുദ്രാവാക്യം വോട്ട് തട്ടാനുള്ള ഇടത് മുന്നണിയുടെ മാർഗം മാത്രമാണ് എന്ന് ശശീന്ദ്രന്റെ സംഭവം ഓർമിപ്പിക്കുന്നു. ധാർമിക നിലവാരം കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികൾ വീഴ്ച വരുത്തുമ്പോൾ അത്തരക്കാരെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തേണ്ടത് സാമാന്യ മര്യാദയാണ്.സ്ത്രീകളെ അപമാനിക്കുന്ന നീക്കത്തിൽ നിന്നും ഇടത് മുന്നണി പിന്തിരിയണം

Be the first to comment on "എ കെ ശശീന്ദ്രൻ കേസിൽ നടന്നത് ഒത്തുതീർപ്പു നാടകമെന്ന് രമേശ് ചെന്നിത്തല!"

Leave a comment

Your email address will not be published.


*