ദയാവധം ഇനി നിയമവിധേയം!

ന്യൂഡൽഹി:ഭരണഘടനയുടെ 21 -ാം അനുച്ഛേദപ്രകാരം അന്തസോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസോടെ മരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് സുപ്രിം കോടതി. ദയാവധം സുപ്രീംകോടതി നിയമ വിധേയമാക്കി.

ദയാവധം ആഗ്രഹിക്കുന്ന,പൂര്‍ണ്ണ മാനസികാരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും മരണപത്രം തയാറാക്കാം. എന്നാല്‍ മരണപത്രത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച്‌ പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം.

ഏതു സാഹചര്യത്തില്‍ ചികിത്സ പിന്‍വലിക്കാമെന്ന് വ്യക്തമാക്കണം. നിര്‍ദ്ദേശങ്ങള്‍ സുവ്യക്തകണം. അനിശ്ചിതത്വം പാടില്ല. ഏതു സമയത്ത് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാമെന്നത് സംബന്ധിച്ച്‌ അധികാരം നല്‍കണം. പ്രത്യാഘാതത്തെപ്പറ്റി ഉത്തമ ബോധ്യമുണ്ടെന്ന് രേഖപ്പെടുത്തണം.

നടപ്പാക്കുമ്ബോള്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ സമ്മതം നല്‍കേണ്ട രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ പേര് മരണ പത്രത്തില്‍ രേഖപ്പെടുത്തിയിരിക്കണം.

ഒന്നിലധികം മരണ താത്പര്യ പത്രമുണ്ടെങ്കില്‍ ഏറ്റവും സമീപകാലത്ത് തയ്യാറാക്കിയ പത്രം പരിഗണിക്കണം എന്നും സുപ്രിം കോടതി വിധിയില്‍ നിര്‍ദേശിക്കുന്നു. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ വേണം മരണതാത്പര്യപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍.

സാക്ഷികള്‍ സ്വതന്ത്രവ്യക്തികള്‍ ആയിരിക്കണം. ബന്ധപ്പെട്ട പ്രദേശത്തെ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പത്രത്തില്‍ ഒപ്പുവയ്ക്കണം. ഈ മജിസ്ട്രേറ്റ് ആരെന്ന് ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തണം. സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതെ പൂര്‍ണ്ണ സമ്മതപ്രകാരമാണ് തീരുമാനമെന്ന് മജിസ്ട്രേറ്റ് ഉറപ്പാക്കണം.

മരണ പത്രത്തിന്റെ പകര്‍പ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സ്വന്തം ഓഫീസില്‍ ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കണം. ഒരു പകര്‍പ്പ് ജില്ലാ മജിസ്ട്രേറ്റിന് അയക്കണം. ജില്ലാ കോടതി രാജിസ്ട്രി ഡിജിറ്റല്‍ രേഖയായും അല്ലാതെയും ഇത് സൂക്ഷിക്കണം.

ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മരണസമ്മതപത്രത്തിന്റെ ഉടമയുടെ ബന്ധുക്കളെ തീരുമാനത്തെപ്പറ്റി അറിയിക്കണം. പകര്‍പ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയോ മുനിസിപ്പാലിറ്റിയിലെയോ പഞ്ചായത്തിലെയോ ഉദ്യോഗസ്ഥനും കൈമാറണം.

തദ്ദേശസ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടമാകുമ്ബോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മെഡിക്കൽ ബോർഡ് രൂപികരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബോർഡ് തീരുമാനം ജില്ലാ കളക്ടറെ അറിയിക്കുക.

കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണം. ആശുപത്രി തലത്തിലെ മെഡിക്കല്‍ ബോര്‍ഡിലേത് പോലെ 20 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയമുള്ള മൂന്ന് മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്നതായിരിക്കണം ബോര്‍ഡ്.

ദയാവധം അനുവദിക്കാമെന്ന് ബോര്‍ഡ് രോഗിയെ നേരിട്ട് പരിശോധിച്ച്‌
ബോധ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് നല്‍കണം. മെഡിക്കല്‍ ബോര്‍ഡ്, സംസാരിക്കാന്‍ പറ്റുമെങ്കില്‍ രോഗിയോടോ അല്ലെങ്കില്‍ മരണതാത്പര്യപത്രത്തില്‍ പേരുള്ള ബന്ധുവിനോട് സംസാരിച്ച്‌ അവരുടെ ആഗ്രഹം മനസിലാക്കണം.

സ്വന്തം താത്പര്യപ്രകാരം ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പത്രം തയ്യാറാക്കിയത് എന്നുറപ്പാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തീരുമാനം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ അറിയിക്കണം. തീരുമാനം അനുകൂലമെങ്കില്‍ മജിസ്ട്രേറ്റ് ഉടന്‍ രോഗിയെ നേരിട്ട് സന്ദര്‍ശിക്കണം.

അതിന് ശേഷം ദയാവധം നാടപ്പാക്കാന്‍ അനുമതി നല്‍കാം. മുന്‍കൂറായി തയ്യാറാക്കിയ പത്രം എപ്പോള്‍ വേണമെങ്കിലും വ്യക്തികള്‍ക്ക് പിന്‍വലിക്കാം. നടപടിക്രമങ്ങള്‍ പാലിക്കണം.

Be the first to comment on "ദയാവധം ഇനി നിയമവിധേയം!"

Leave a comment

Your email address will not be published.


*