വാരാപ്പുഴയിലെ യുവാവിന്റെ മരണം;പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്;3 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു!

വരാപ്പുഴ:പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂർത്തിയായി. എറണാകുളം വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്ബില്‍ എസ്.ആര്‍. ശ്രീജിത്താണ് (26) പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.

ശ്രീജിത്തിന്റെ ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റിരുന്നു.വന്‍കുടല്‍ പൊട്ടി ഭക്ഷണപദാര്‍ത്ഥങ്ങള്‍ രക്തത്തിലേക്ക് കലര്‍ന്നു. ഇതുമൂലമുള്ള അണുബാധ കിഡ്നി, കരള്‍ എന്നിവയിലേക്ക് ബാധിച്ചു. ശരീരത്തിൽ ഏറ്റ മുറിവുകൾക്കു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും,ഇതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ചു ബിജെപി പറവൂരിൽ പ്രഖ്യാപിച്ച
ഹർത്താൽ അക്രമാസക്തമായി. ശ്രീജിത്തിന്റെ മരണത്തെ തുടർന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

റൂറൽ ടാസ്ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ആറാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് വരാപ്പുഴ ദേവസ്വംപാടം കുളമ്ബുകണ്ടത്തില്‍ വാസുദേവന്റെ വീട് ഒരുസംഘം ആളുകൾ ആക്രമിച്ചിരുന്നു.

ഇതിന്റെ മനോവിഷമത്തിൽ വാസുദേവൻ ആത്മഹത്യാ ചെയ്തിരുന്നു. ഇതിലെ പ്രതിയെന്ന നിലയിലാണ് അന്ന് രാത്രി ശ്രീജിത്തിനെ വീട്ടിൽ നിന്നും പോലീസ് പിടിച്ചു കൊണ്ട് പോയത്. വീട്ടിൽ നിന്നും പിടിച്ചു കൊണ്ട് പോകുന്നതിനിടെ തന്നെ പോലീസ് ശ്രീജിത്തിനെ മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് ഞായറാഴ്ചയാണ് പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും എന്നാല്‍ ഇന്നലെ വൈകിട്ട് ആറോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദക്ഷിണമേഖലാ എ.ഡി.ജി.പി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ഐ.ജി. ശ്രീജിത്ത് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. സംഭവത്തിൽ ശ്രീജിത്ത് നിരപരാധിയാണെന്നും ആളുമാറിയാണ് പോലീസ് ശ്രീജിത്തിനെ കാസ്റ്റഡിയിലെടുത്തതെന്നും നാട്ടുകാരും ബന്ധുക്കളും മരിച്ച വാസുദേവന്റെ മകനും ആരോപിച്ചു.

Be the first to comment on "വാരാപ്പുഴയിലെ യുവാവിന്റെ മരണം;പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്;3 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*