കേരളത്തിൽ വീണ്ടും ദുരഭിമാനക്കൊല;വധുവിന്റെ വീട്ടുകാർ തട്ടികൊണ്ടുപോയ നവവരൻ കൊല്ലപ്പെട്ട നിലയിൽ!

കോട്ടയം:പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ കെവിന്‍ പി ജോസഫ് എന്ന 23കാരന്റെ മൃതദേഹ൦ തെന്മല ചാലിയേക്കര തോട്ടിൽ ഇന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിൽ കൂരമായ പീഡനമേറ്റതിന്റെ പാടുകളുണ്ട്.മുഖത്തും കണ്ണിലും മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

മൃതദേഹം തോട്ടിൽ നിന്നും കരയ്ക്കടുത്തെങ്കിലും അവിടെ നിന്നും മാറ്റാൻ നാട്ടുകാർ സമ്മതിക്കാതിരുന്നത് സംഘര്ഷത്തിനിടയാക്കി. കെവിന്റെ ബന്ധുക്കൾ എത്തിയതിനു ശേഷം മൃതദേഹം മാറ്റിയാൽ മതിയെന്ന് പറഞ്ഞു നാട്ടുകാർ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.തുടർന്ന് സ്ഥിതിഗതികൾ സന്തമാക്കിയതിനു ശേഷമാണു പോലീസ് ഇക്വാസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

തുടർന്ന് മൃതദേഹം വൈകീട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയതിനാൽ നാളെയെ പോസ്റ്റുമോർട്ടം ചെയ്യുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം കെവിന്റെ മരണം ഓടി രക്ഷപെടുന്നതിനിടെ കാൽതെറ്റി തോട്ടിൽ വീണുള്ള മുങ്ങിമരണമാണെന്നു വരുത്തിത്തീർക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായതായി ആരോപണമുണ്ട്. കെവിന്റെ മരണ വർത്തയറിഞ്ഞു ഭാര്യ നീനുവിനു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നു ദിവസങ്ങൾക്കു മുൻപാണ് കെവിനും കൊല്ലം പത്തനാപുരം സ്വദേശിനിയായ നീനുവും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നത്. കെവിൻ ദളിത് ക്രിസ്തവ സമുദായ അംഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുമുള്ളയാളാണ്. നീനു ക്രിസ്തീയ സഭ വിശ്വാസികളാണെങ്കിലും സാമ്പത്തികമായും ജാതീയമായും ഉയർന്ന നിലയിലുള്ളവരും.

ഇരുവരും തമ്മിലുള്ള ബന്ധം നീനുവിന്റെ വീട്ടുകാർക്ക് ഇഷ്ടമില്ലായിരുന്നു.വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് വധുവിന്റെ വീട്ടുകാർ പോലീസിനെ സമീപിച്ചു.വീട്ടുകാരുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് കെവിനെയും നീനുവിനെയും വിളിച്ചു വരുത്തിയെങ്കിലും കെവിനൊപ്പം പോണമെന്ന നിലപാടിലായിരുന്നു നീനു.

തുടർന്നും നീനുവിന്റെ വീട്ടുകാരുടെ ഭീഷണി തുടർന്നതോടെ കെവിൻ നീനുവിനെ ലേഡീസ് ഹോസ്റ്റലിൽ ആക്കുകയും, കെവിൻ മാന്നാനത്തുള്ള ബന്ധു വീട്ടിലേക്കി മാറുകയുമായിരുന്നു.ഞായറാഴ്ച പുലർച്ചെ ഇവിടെ നിന്നുമാണ് കെവിനെയും ബന്ധുവായ അനീഷിനെയും വീടാക്രമിച്ച ശേഷം നീനുവിന്റെ സഹോദരൻ ഷീനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടികൊണ്ടുപോയത്.

പിന്നീട് മർദ്ദിച്ചവശനാക്കിയ അനീഷിനെ സംഘം ഉപേക്ഷിച്ചു.രാവിലെ ആറുമണിയോടെ കെവിന്റെ പിതാവ് ജോസഫ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് സ്വീകരിച്ചില്ല. അനീഷ് തട്ടികൊണ്ടുപോയ വാഹനത്തിന്റെ നമ്പർ സഹിതം പരാതി നൽകിയിട്ടും പോലീസ് അലംഭാവം തുടർന്നു. നീനു പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്നതോടെയാണ് സംഭവം വിവാദമായത്.

Be the first to comment on "കേരളത്തിൽ വീണ്ടും ദുരഭിമാനക്കൊല;വധുവിന്റെ വീട്ടുകാർ തട്ടികൊണ്ടുപോയ നവവരൻ കൊല്ലപ്പെട്ട നിലയിൽ!"

Leave a comment

Your email address will not be published.


*