കേരളത്തിലെ കോൺഗ്രസ്സിന് മാറ്റം വേണമെന്ന് യുവനേതാക്കൾ!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് യുവനേതാക്കൾ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്നാണ് എംഎല്‍എമാരായ ഷാഫി പറമ്പിൽ,വി ടി ബൽറാം എന്നിവർ പറയുന്നത്.

സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെയെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞു. പാർലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികൾ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോൺഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ലനന്നായിരുന്നു വി ടി ബൽറാം പറഞ്ഞത്.

ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.സംസ്ഥാന നേതാക്കളുമായി ഹൈക്കമാൻഡ് വരുന്ന ആഴ്ച നടത്താനിരിക്കെയാണ് യുവ നേതാക്കളുടെ പ്രതികരണം.

വി ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റിനെ പൂർണ രൂപം;
കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. ഒഴിവുള്ള മൂന്ന് സീറ്റുകളിൽ ഒരെണ്ണത്തിൽ യു.ഡി.എഫിനാണ് വിജയ സാധ്യത. മുന്നണി ധാരണ പ്രകാരം ഇത്തവണ കോൺഗ്രസിനാണ് ആ സീറ്റ് ലഭിക്കുന്നത്.

പാർലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികൾ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോൺഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. ചില ഉന്നത നേതാക്കന്മാർ ദേശീയ, സംസ്ഥാന തലങ്ങളിൽ പാർലമെന്ററി സ്ഥാനങ്ങളിൽ നിലനിൽക്കേണ്ടത് സംഘടനയുടെ വിശാല താത്പര്യങ്ങൾക്ക് ഗുണകരമായേക്കാം.

ചില പാർലമെന്റ്/അസംബ്ലി മണ്ഡലങ്ങളിൽ വിജയസാധ്യത പരിഗണിച്ചും ചിലരെ ആവർത്തിച്ച് മത്സരിപ്പിക്കേണ്ടി വന്നേക്കാം. എന്നാൽ പാർട്ടി എംഎൽഎമാരുടെ വോട്ട് കൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് അങ്ങനെ ചിലർക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ നൽകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാർട്ടി പ്രവർത്തകർ മാത്രമല്ല, പാർട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, പ്രവർത്തന ശൈലിയുടേയും രാഷ്ട്രീയ മുൻഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണ്. അല്ലാത്തപക്ഷം പാർട്ടി നേരിടാൻ പോകുന്നത് നിലനിൽപ്പിന്റെ ഭീഷണിയാണ്.

രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂർവ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിലും വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടും.

പകരമായി പുതുമുഖങ്ങൾക്കും യുവാക്കൾക്കും ഇതുവരെ പാർലമെന്ററി അവസരങ്ങൾ ലഭിച്ചിട്ടില്ലാത്തവർക്കും പരിഗണന നൽകാനാണ് ഇത്തവണ കോൺഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാർ പാർലമെൻറിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാർ ജില്ലകളിൽ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും.

ഇത്തരം പലവിധ പരിഗണനകൾ വച്ചുകൊണ്ട് തഴെപ്പറയുന്ന പേരുകൾ (മുൻഗണനാടിസ്ഥാനത്തിലല്ല ) പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു:

ഷാനിമോൾ ഉസ്മാൻ: എഐസിസി സെക്രട്ടറി, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ ചെയർമാൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. മികച്ച സംഘാടക, വാഗ്മി.

ഡോ.മാത്യു കുഴൽനാടൻ: പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറി. നിയമ, സാമ്പത്തിക കാര്യ വിദഗ്ദൻ.

ടി.സിദ്ധീഖ്: കോഴിക്കോട് ഡിസിസി പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട്, മികച്ച സംഘാടകൻ, പ്രഭാഷകൻ.

എം.ലിജു: ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, രാഷ്ട്രീയ കാര്യ സമിതി അംഗം, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി. നല്ല സംഘാടകൻ.

രാജ്മോഹൻ ഉണ്ണിത്താൻ: മുൻ കെപിസിസി ജനറൽ സെക്രട്ടറി, സേവാദൾ മുൻ സംസ്ഥാന ചെയർമാൻ, മികച്ച പ്രഭാഷകൻ.

അർഹതപ്പെട്ട നിരവധി പേർ ഇനിയും ഈ പ്രസ്ഥാനത്തിലുണ്ട്, എന്നാലും കാര്യമായ അവസരങ്ങൾ ഇതുവരെ ലഭിക്കാത്ത ചിലരുടെ പേരുകൾ പ്രത്യേകമായി എടുത്തു പറയുന്നു എന്നേയുള്ളൂ. ഇക്കൂട്ടത്തിൽപ്പെട്ട ആരെങ്കിലുമാണ് രാജ്യസഭ സ്ഥാനാർത്ഥി എങ്കിൽ കേരളത്തിലെ കോൺഗ്രസിനേ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായിരിക്കും. പ്രവർത്തകർക്കും അനുഭാവികൾക്കുമുള്ള ക്രിയാത്മകമായ ഒരു സന്ദേശമായിരിക്കും.

ഈ ദിശയിലുള്ള അഭിപ്രായങ്ങൾ ബഹുമാന്യനായ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനെയും മറ്റ് മുതിർന്ന നേതാക്കളേയും ഉചിതമാർഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയിൽ ഇക്കാര്യങ്ങളിൽ ഒരു പൊതു ചർച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുൾക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും കഴിയുന്നവരാണ് കോൺഗ്രസിന്റെ നേതാക്കൾ എന്നാണ് എന്റെ പ്രതീക്ഷ.

*****

ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
അതെ! എല്ലാവരും ഉത്തരവാദികളാണ്.
എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.
ഈ കുറിപ്പ്‌ എഴുതുന്ന എനിക്കുൾപ്പടെ….
സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല…

ആദ്യം വേണ്ടത് ആത്മവിമർശനം തന്നെയാണ് ഉപരിതലത്തിലെ ഷോ വർക്കുകൾക്കപ്പുറത്തേയ്ക്ക് മാധ്യമ വാർത്തകളോടുള്ള പ്രതികരണങ്ങളായ സമരങ്ങൾക്കുമപ്പുറത്തേക്ക് താഴെ തട്ടിൽ യുവജന സംഘടന കെട്ടിപ്പടുക്കാൻ ഞാൻ ഉൾപ്പടെയുള്ളവർ എന്തു ചെയ്തു.? രണ്ടു തവണ MLA ആയ എന്റെ നിയോജക മണ്ഡലത്തിലുൾപ്പടെ പ്രവർത്തിക്കുന്ന എത്ര ബൂത്ത് കമ്മറ്റികളുണ്ട് യൂത്ത് കോൺഗ്രസിന്?

നവമാധ്യമങ്ങളിലെ ലൈക്കിനപ്പുറത്തേക്ക് ജനങ്ങളിലേയ്ക്ക് എത്തിയ എത്ര ക്യാമ്പയിൻ സംഘടനാപരമായി ഏറ്റെടുക്കാൻ നമുക്ക് കഴിഞ്ഞു. നേതാക്കൾക്കെതിരെ രോഷപ്രകടനം നടത്തുന്ന ഞാനും നിങ്ങളും നമ്മുടെ കാലത്ത് ചെറുപ്പക്കാരെ കൂടെ നിർത്തുന്ന കാര്യത്തിൽ എത്രമാത്രം വിജയിച്ചു.

അവരെ ബാധിക്കുന്ന എത്ര വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സാധിച്ചു.ആദ്യം മാറ്റം വേണ്ടത് നമുക്ക് തന്നെയാണ്, നമ്മുടെ ശൈലിക്കു തന്നെയാണ്.കടലാസിൽ എഴുതി കൊടുക്കുന്ന ബൂത്ത് ,മണ്ഡലം കമ്മിറ്റികൾക്കപ്പുറത്തേക്ക് ജീവനുള്ള സംഘടനാ സംവിധാനം ഉണ്ടാക്കി എടുക്കുന്നതിന് തീവ്രപരിശ്രമം നാം നടത്തേണ്ടിയിരിക്കുന്നു.

നാം വിമർശിക്കുന്നവരുടെ കാലത്തെ യൂത്ത്കോൺഗ്രസ് ,KSU ശക്തി തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതുകൊണ്ട് ആദ്യം നമുക്ക് മാറാം.അനിവാര്യമായ തിരിച്ചുവരവിന് ഊർജ്ജസ്വലരായി രംഗത്തിറങ്ങാം… യൂത്ത് കോൺഗ്രസ് പുന:സംഘടനാ നടപടികൾ അധികം വൈകാതെ ആരംഭിക്കുകയാണെന്ന് മനസ്സിലാക്കുന്നു.

നേതാക്കൻമാരോട്…..

കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ മറക്കരുത്.നിങ്ങൾക്കു ശേഷവും കോൺഗ്രസ് ഉണ്ടാവേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.
അത് അറിയാവുന്ന നിങ്ങൾ എടുക്കേണ്ട തീരുമാനങ്ങൾ സമയത്തെടുക്കണം. ആരെയും പിണക്കാത്ത ബാലൻസിങ്ങ് അല്ല പ്രതിസന്ധികളിൽ പാർട്ടിക്ക് ആവശ്യം.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജ്ജവവും കരുത്തുമാണ് തീരുമാനങ്ങളിൽ പ്രകടമാകേണ്ടത്. ചില കാര്യങ്ങളോടും, ചിലരോടും ,ചിലപ്പോഴെങ്കിലും അവനവനോടും “No ” പറയാനുള്ള ശേഷി നിങ്ങൾ വീണ്ടെടുക്കേണ്ടിയിരിക്കന്നു.
ഇല്ലെങ്കിൽ കോൺഗ്രസ്സിന്റെ വർത്തമാനകാലം മാത്രമല്ലാ ഭാവിയും കൂടി ആശങ്കയിലാവുകയാണ്‌..

കെ.പി.സി.സി യും യൂത്ത്‌ കോൺഗ്രസ്സും പുനസംഘടന ഉടൻ നടക്കാൻ പോവുകയാണെന്ന് അറിയുന്നു. അനിവാര്യമാണത്‌

രാജ്യസഭ..

ഞാൻ ജനിച്ചത് 1983ൽ, 1983 മുതൽ ഇങ്ങോട്ടു പരിശോധിക്കുമ്പോൾ എന്റെ അറിവ് ശരിയാണെങ്കിൽ ഇടക്കാലത്തേക്കും ,6 വർഷത്തെ മുഴുവൻ കാലയളവിലേക്കുമായി ഏകദേശം 20 ടേമിലുകളിലായി കോൺഗ്രസിന് രാജ്യസഭ മെമ്പർമാർ ഉണ്ടായി. ഈ കാലയളവിൽ കോൺഗ്രസ് അവസരം കൊടുത്തത് വെറും 6 പേർക്ക് മാത്രം. ഇതര പ്രസ്ഥാനങ്ങൾ 15 പേരെ രാജ്യസഭയിലേക്ക് അയച്ചപ്പോഴാണെന്ന് ഓർക്കണം .

അനിവാര്യരായ നേതാക്കൻമാർ തുടരുന്നത് മനസ്സിലാക്കാം എല്ലാവരും അനിവാര്യരാവുന്നത് ഇനി തുടരാൻ കഴിയില്ല. 1980 മുതൽ 1999 വരെ 6 തവണ ലോകസഭയിലേക്ക് P. J കുര്യൻ സാർ തിരഞ്ഞെടുക്കപ്പെട്ടതിനെ വില കുറച്ച് കാണുന്നില്ല.തിരഞ്ഞെടുപ്പുകളിൽ ജയിക്കുക എന്നത് നിഷ്പ്രയാസം സാധിക്കുന്ന കാര്യവുമല്ല.പല സീറ്റുകളും നമുക്ക് നഷ്ടപ്പെട്ടതോർക്കുമ്പോൾ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചതിന്റെ പ്രാധാന്യവും മനസ്സിലാവും.

2005 മുതൽ കുര്യൻ സാർ രാജ്യസഭയിലുണ്ട് .നിലവിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ്. അദ്ദേഹത്തിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ലാതെ തന്നെ ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാൻ അദ്ദേഹം തയ്യാറാവണം. ചെറുപ്പക്കാരന് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയല്ല മറിച്ച് ഒരു പുതുമുഖത്തെയെങ്കിലും പരിഗണിക്കണമെന്ന അനിവാര്യതയാണ് ചൂണ്ടി കാണിക്കുന്നത്.രാജ്യസഭയിലേക്ക്‌ പുതുമുഖം വന്നേ പറ്റൂ..

യു.ഡി.എഫ്‌ കൺവീനർ..

അനാരോഗ്യം മൂലം വൈക്കം വിശ്വൻ സ്ഥാനം ഒഴിയുന്നതിന്റെ വാർത്തകൾ കണ്ടു .
പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫ് ന് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് നേതൃത്വം നൽകാനും , പ്രവർത്തകരെ സമരസജ്ജരക്കാനും പി.പി തങ്കച്ചൻ സാറിന്റെ ആരോഗ്യം അനുവദിക്കില്ലെന്ന് അദ്ദേഹത്തിനും പാർട്ടിക്കും നന്നായി അറിയാം .
എന്നിട്ടും അനുയോജ്യനായ ഒരാളെ ആ ചുമതല ഏൽപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം കാണിക്കുന്ന അലംഭാവം യാതൊരു കാരണവശാലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല .

കെ പി സി സി യിലും യൂത്ത് കോൺഗ്രസിലും നല്ല മാറ്റങ്ങൾ ആസന്നമാണെന്ന് അറിയുന്നു .
വെല്ലുവിളികൾ ഉണ്ടാവുമ്പോൾ തോറ്റോടുന്നവരല്ല പാർട്ടി നേതാക്കന്മാരും , പ്രവർത്തകരും . മറിച്ച് അതിനെയെല്ലാം ക്രിയാത്മകമായി അതിജീവിക്കുന്നവരാണ്.

സൈബർ സഹപ്രവർത്തകരോട് …
ഒരു ഉപ തെരഞ്ഞെടുപ്പ്‌ തോൽവി കൊണ്ട്‌ ലോകം അവസാനിക്കുകയാണെന്ന മട്ടിൽ പെരുമാറരുത്‌
വിമർ ശനങ്ങൾ ക്രിയാത്മകവും വസ്തുതാപരവുമായിരിക്കണം. നേതാക്കന്മാരെ തെറി വിളിക്കുമ്പോൾ കിട്ടുന്ന ലൈക്കിലായിരിക്കരുത് കണ്ണ്.

പാർട്ടി പദവിയിലിരിക്കുന്നവരുടെ ഫോട്ടോ വെച്ച് അപഹസിക്കുന്നവർ പാർട്ടിക്കു തന്നെ അവമതിപ്പുണ്ടാക്കിയെന്ന് തിരിച്ചറിയണം.പിറവവും അരുവിക്കരയും, നെയ്യാറ്റിൻകരയുമൊക്കെ പരാജയപ്പെട്ടപ്പോൾ സൈബർ സഖാക്കൻമാർ ദാഹിച്ചത് പിണറായി വിജയന്റെ രക്തത്തിനല്ല .അവർ അപ്പോഴും വേട്ടയാടിയിരുന്നത് ഉമ്മൻ ചാണ്ടിയെ ആയിരുന്നെന്ന് ഓർമ്മിപ്പിക്കുന്നു.

അനിവാര്യമായ മാറ്റങ്ങൾ നമ്മളിൽ നിന്ന് തന്നെ തുടങ്ങണം.സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ല എന്ന് നേതൃത്വവും തിരിച്ചറിയട്ടെ..

ഷാഫി പറമ്പിൽ.

Be the first to comment on "കേരളത്തിലെ കോൺഗ്രസ്സിന് മാറ്റം വേണമെന്ന് യുവനേതാക്കൾ!"

Leave a comment

Your email address will not be published.


*