മകളെ മറന്ന അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും ആഷിഖ് അബുവും!

കൊച്ചി:ഇന്നലെ ചേർന്ന ‘അമ്മ’ ജനറൽബോഡി മീറ്റിങ്ങിൽ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്തെത്തി. ദിലീപിന്റെ സംഘടനയിൽ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ അമ്മയ്‌ക്കെതിരെ ഏഴു ചോദ്യങ്ങളാണ് ഡബ്ല്യുസിസി ചോദിച്ചിരിക്കുന്നത്. ഡബ്ല്യുസിസിയുടെ പ്രതിഷേധക്കുറിപ്പ്;

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം.

ഡബ്ല്യുസിസിക്കൊപ്പം സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തി. മണ്മറഞ്ഞ മഹാനടനെ അനുസ്മരിച്ചു കൊണ്ടാണ് ആഷിഖ് അമ്മയ്‌ക്കെതിരെ പ്രതികരിച്ചത്.

‘ക്രിമിനൽകേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ?’ ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

Be the first to comment on "മകളെ മറന്ന അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസിയും ആഷിഖ് അബുവും!"

Leave a comment

Your email address will not be published.


*