രജതചകോരം ലിജോ ജോസ് പെല്ലിശേരിയ്ക്ക്

തിരുവനന്തപുരം:ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങി.മികച്ച സംവിധായകനുള്ള രജതചകോരം ഈ മ യൌ എന്ന ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയ്ക്ക് ലഭിച്ചു.അഞ്ച് ലക്ഷം രൂപയും ശില്‍‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രമായ ‘ദ് ഡാര്‍ക് റൂം’ സ്വന്തമാക്കി. 15 ലക്ഷം രൂപയും ശില്‍‌പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം. മേളയില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രചതചകോരവും ഈ മ യൌ തന്നെ സ്വന്തമാക്കി.

‘സുഡനി ഫ്രം നൈജീരിയ’ എന്ന ചിത്രമാണ് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സ്വന്തമാക്കിയത്. ‘ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ അനാമിക ഹസ്‌കര്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കി.

മികച്ച ഇന്ത്യന്‍ സംവിധായക ചിത്രത്തിനുള്ള കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ് പുരസ്കാരം അമിതാഭ് ചാറ്റാര്‍ജി സംവിധാനം ചെയ്ത ‘മനോഹര്‍ ആന്‍ഡ് ഐ’ എന്ന ചിത്രം നേടിയപ്പോള്‍ വിനു കോലിച്ചാല്‍ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴല്‍’ എന്ന ചിത്രം ഇതേ വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

ബിയാട്രിസ് സഗ്നര്‍ സംവിധാനം ചെയ്ത ‘ദ് സൈലന്‍സ്’ എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.

Be the first to comment on "രജതചകോരം ലിജോ ജോസ് പെല്ലിശേരിയ്ക്ക്"

Leave a comment

Your email address will not be published.


*