മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു

അക്കിത്തം അച്യുതന്‍ നമ്ബൂതിരി

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപുത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മികമൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

2010 സെപ്തംബര്‍ 24നാണ് ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിയത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 5ന് വീട്ടുവളപ്പില്‍ നടക്കും.1926 മാര്‍ച്ച്‌ 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്ബൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.

മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.

1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്ബൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Be the first to comment on "മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു"

Leave a comment

Your email address will not be published.


*