പ്രവാസികള്‍ ഉള്‍പ്പടെ ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്ന ബജറ്റ്: ഐഎംസിസിജിസിസി

പ്രവാസികള്‍-ഉള്‍പ്പടെ-ഏവര്‍ക്കും-പ്രതീക്ഷ-നല്‍കുന്ന-ബജറ്റ്:-ഐഎംസിസിജിസിസി

 കുവൈത്ത് സിറ്റി > പ്രവാസികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഓരോരുത്തര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന  കേരള ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തീര്‍ത്തും ശ്ലാഘനീയമാണെന്ന് ഐ എം സി സി ജി സി സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ പറഞ്ഞു. കോവിഡ് മഹാമാരി സംസ്ഥാനത്ത് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു ഇടയിലാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും പൊതുജനാരോഗ്യം ഒന്നാമത് എന്ന നയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപനമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയത്. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്തായാലും വികസനപ്ര്വര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞത് സര്‍ക്കാര്‍ ജന പക്ഷത്താണ് എന്നതിനുള്ള തെളിവാണെന്നും സത്താര്‍ കുന്നില്‍ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നതും തീര്‍ത്തും സ്വാഗതാര്‍ഹമാണ് .എന്നും പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍,  പ്രതിസന്ധിക്കിടയിലും പ്രവാസികള്‍ക്ക് കൈത്താങ്ങ് ആവുകയാണ്.കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ അവതരിപ്പിച്ചത്.

നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം വഴി കുറഞ്ഞ പലിശയോടെ 1000 കോടി രൂപ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനവും, വായ്പ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപയും എന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് എന്നും അദ്ദേഹം പറഞ്ഞു.  8000 കോടി രൂപ  നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് പേര്‍ക്ക് ഏറെ ആശ്വാസകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version