പ്രവാസികളോടുള്ള കരുതല്‍ ഊട്ടിയുറപ്പിക്കുന്ന ബജറ്റ്: റിയാദ് കേളി

പ്രവാസികളോടുള്ള-കരുതല്‍-ഊട്ടിയുറപ്പിക്കുന്ന-ബജറ്റ്:-റിയാദ്-കേളി

റിയാദ്> ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് പ്രവാസികളോടുള്ള കരുതല്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കണതാണെന്ന് കേളി കലാസാംസ്‌കാരിക വേദി. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കുന്നതും,  ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതുമായ പദ്ധതികളാണ്  ധനമന്ത്രി തന്റെ കന്നി ബജറ്റില്‍ അവതരിപ്പിച്ചത്.

 പ്രവാസി ക്ഷേമത്തിനുള്ള വിഹിതം 170 കോടി രൂപയായി ഉയര്‍ത്തിയത്, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ, പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ എന്നീ പദ്ധതികള്‍ പ്രവാസികള്‍ക്കായി പുതിയ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഞ്ചാംവര്‍ഷം ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്കുള്‍പ്പെടെ ഉള്ളവര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ അതുപോലെ തുടരുമെന്ന് പുതിയ ധനമന്ത്രി ഉറപ്പ് നല്കിയതും സ്വാഗതാര്‍ഹമാണ്.

കോവിഡ് പാക്കേജിനായി 20000 കോടി, ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനായി 2800 കോടി, 18 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ വാക്‌സിന് 1000 കോടി, കോവിഡ് മാന്ദ്യകാലത്ത് 8900 നേരിട്ട് ജനങ്ങളില്‍ എത്തിക്കുമെന്ന പ്രഖ്യാപനം, പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാത്തത് എല്ലാം തികച്ചും ശ്ലാഘനീയമാണെന്ന് ബജറ്റിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

നമ്മുടെ ബാങ്കുകള്‍ പ്രവാസി പുനരധിവാസ വായ്പകള്‍ അനുവദിക്കുന്നതില്‍ പുലര്‍ത്തിവരുന്ന വൈമുഖ്യം അവസാനിപ്പിക്കുക, അര്‍ഹതപ്പെട്ടവര്‍ക്ക് വായപ്കള്‍ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്ന ബേങ്കുകള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും കേളിയുടെ പ്രസ്താവനയില്‍ ഉന്നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version