ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മുന്‍ഗണന, ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും അനുമതി നല്‍കും; കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി

ഇതുവരെ-ഹജ്ജ്-ചെയ്യാത്തവര്‍ക്ക്-മുന്‍ഗണന,-ഒരു-ഡോസ്-വാക്‌സിന്‍-എടുത്തവര്‍ക്കും-അനുമതി-നല്‍കും;-കൂടുതല്‍-നിര്‍ദ്ദേശങ്ങളുമായി-സൗദി
ജിദ്ദ: സൗദിയില്‍ താമസിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 60,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കിയതിനു പിന്നാലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി സൗദി അധികൃതര്‍ രംഗത്തെത്തി. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ ജീവിതത്തില്‍ ഇതു വരെ ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണത്തെ ഹജ്ജിന് മുന്‍ഗണന നല്‍കുകയെന്ന് ഹജ്ജ്- ഉംറ ഡെപ്യൂട്ടി മിനിസ്റ്റര്‍ അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു.

​ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കണം

ഇത്തവണത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിയരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിഹും അറിയിച്ചു. തീരെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഹജ്ജിന് അനുമതിയില്ല. ഹജ്ജിന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ മാറാവ്യാധികള്‍ ഇല്ലാത്തവരും 18നും 65നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ കൃത്യമായി ഓണ്‍ലൈന്‍ രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യത്തില്‍ ആര്‍ക്കും കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുടെ തവക്കല്‍നാ ആപ്പില്‍ അക്കാര്യം തീയതിയും സ്ഥലവും വാക്‌സിന്റെ ബാച്ച് നമ്പറും സഹിതം ലഭ്യമാവും. അവ പരിശോധിച്ച ശേഷം മാത്രമേ ഹജ്ജിന് പ്രവേശനാനുമതി നല്‍കൂ എന്നും അദ്ദേഹം അറിയിച്ചു.

​കൊവിഡ് നിയന്ത്രണം പൂര്‍ണമായി പാലിക്കണം

ഹജ്ജ് തീര്‍ഥാടനത്തിന്റെ ഓരോ ഘട്ടത്തിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആളുകള്‍ തയ്യാറാവണം. ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഘട്ടംഘട്ടമായാണ് താര്‍ഥാടകരെ വിവിധ കര്‍മങ്ങള്‍ക്കായി പ്രവേശിപ്പിക്കുക. ആളുകള്‍ ഇടകലരുന്നത് തടയാനും സാമൂഹ്യ അകലം പാലിച്ച് കര്‍മങ്ങള്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തിലായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക. തീര്‍ഥാടകരെ നിയന്ത്രിക്കുന്നതില്‍ മനുഷ്യരുടെ ഇടപെടല്‍ പമാവധി കുറയ്ക്കുന്ന വിധത്തില്‍ റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം സാധ്യമാക്കും.

​തീര്‍ഥാടകരുടെ എണ്ണം കുറച്ചത് സുരക്ഷ പരിഗണിച്ച്

തീര്‍ഥാടകരുടെ എണ്ണം 60,000 പേരായി പരിമിതപ്പെടുത്തിയത് എല്ലാവരുടെയും സുരക്ഷ പരിഗണിച്ചാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടരുടെ അനുവദിക്കുന്ന പക്ഷം രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചു. സൗദിയിലുള്ളവര്‍ക്കും ഇവിടെ എത്തുന്ന തീര്‍ഥാടകര്‍ക്കും ഇടയില്‍ മാത്രമല്ല, തീര്‍ഥാടകര്‍ തിരിച്ചു ചെന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള രാജ്യങ്ങളിലും അത് കൊവിഡ് വ്യാപനത്തിന് കാരണമാവാന്‍ ഇടയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : saudi arabia announced new instructions regarding the hajj pilgrimage
Malayalam News from malayalam.samayam.com, TIL Network

Exit mobile version