അകലെ അകലെ ആ നീലാകാശം

നായകന്റെ മരണം 1971 ജൂൺ 15 പുലർച്ചെ 4.10ന്‌. 59‐-ാം വയസ്സിൽ. തലസ്ഥാനനഗരം കണ്ണീരിൽ കുതിർന്നുനിന്നു. ചെന്നൈയിൽനിന്ന്‌‌ പ്രത്യേക വിമാനത്തിൽ  സത്യന്റെ  മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും ആരാധകരാൽ നഗരം നിറഞ്ഞു. പൊതുദർശനസ്ഥലമായ വിജെടി ഹാളി(ഇന്നത്തെ അയ്യൻകാളി ഹാൾ)ലേക്ക്‌ ഇടതടവില്ലാതെ ജനപ്രവാഹം. ജൂൺ 16 ബുധനാഴ്‌ച രാവിലെ വിലാപയാത്ര പുറപ്പെട്ടപ്പോൾ പള്ളികളിൽ ദുഃഖമറിയിച്ച് മണിമുഴങ്ങി. എൽഎംഎസ്‌ പള്ളി സെമിത്തേരിയിലായിരുന്നു മഹാനടന്റെ അന്ത്യവിശ്രമം. അനശ്വരനടനെക്കുറിച്ചുള്ള ഓർമകൾ മക്കളായ സതീഷ്‌ സത്യനും ജീവൻ സത്യനും പങ്കിടുന്നു

മലയാള സിനിമയ്‌ക്ക്‌ കുതിക്കാൻ പാതയൊരുക്കിയവരിൽ മുൻനിരയിലുണ്ടായിരുന്നു സത്യൻ. 1952ൽ നാൽപ്പതാം വയസ്സിൽ ‘ആത്മസഖി’യിലൂടെ വെള്ളിത്തിരയിൽ. 19 വർഷം മാത്രമുള്ള അഭിനയജീവിതത്തിൽ നൂറ്റിനാൽപ്പതോളം ചിത്രങ്ങൾ. 1969ൽ സംസ്ഥാന സർക്കാർ ചലച്ചിത്രപുരസ്‌കാരം ഏർപ്പെടുത്തിയപ്പോൾ ഡബിൾ റോളിലെത്തിയ കടൽപ്പാലത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം.‌‌ കരകാണാക്കടലിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം മരണാനന്തരം ലഭിച്ചു. ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടി. വയലാർ സമരത്തിനെതുടർന്ന്‌ കമ്യൂണിസ്റ്റുകാരെ അടിച്ചൊതുക്കാൻ ദിവാൻ സി പി രാമസ്വാമി അയ്യർ നിയോഗിച്ച പൊലീസ്‌ ഇൻസ്‌പെക്ടറായിരുന്നു. അന്ന്‌ ക്രൂരമായി വേട്ടയാടിയ പൊലീസ്‌ ഓഫീസർ പിന്നീട്‌ കമ്യൂണിസ്റ്റ്‌ വീരഗാഥകളെക്കുറിച്ചുള്ള സിനിമകളിൽ നായകൻ.  1971 ജൂൺ 15ന്‌ രക്താർബുദം ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു സത്യന്റെ മരണം. ചെമ്മീനിലെ പളനിയായും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനായും ഓടയിൽനിന്നിലെ പപ്പുവായും… ആസ്വാദകരുടെ ഓർമകളിൽ കത്തുന്ന തീപ്പന്തമായി അദ്ദേഹം തുടരുന്നു. ആ മഹാനടനില്ലാത്ത അമ്പതാം വർഷമാണിത്‌. പല ഓർമകൾ, വിചാരങ്ങൾ ചേരുന്ന അരനൂറ്റാണ്ട്‌. അച്ഛനെക്കുറിച്ച്‌ സതീഷ്‌ സത്യനും ജീവൻ സത്യനും.

-ജീവൻ: കുട്ടിക്കാലത്ത് ഞങ്ങൾ മൂന്നുമക്കളോടും വളരെ ഫ്രീയായിട്ടായിരുന്നു പപ്പ ഇടപെട്ടിരുന്നത്. കോളേജിലെത്തിയപ്പോൾ കർക്കശക്കാരനായി. കൃത്യനിഷ്‌ഠ, സുഹൃത്തുക്കളെ തെരഞ്ഞെടുക്കൽ, പുസ്‌തക വായന എന്നിവയിലൊക്കെ പപ്പയുടെ സ്വാധീനമുണ്ടായിരുന്നു. വായിക്കണമെന്ന്‌ എപ്പോഴും പറയും. നിന്റെ സുഹൃത്തുക്കൾ ആരെന്ന്‌ പറഞ്ഞാൽ നീ ആരെന്ന്‌ ഞാൻ പറയാം എന്ന ചൊല്ലുപോലെ നമ്മുടെ സുഹൃത്തുക്കളെ വച്ച്‌ നമ്മളെ വിലയിരുത്തും. സ്വഭാവമാണ്‌ സൗന്ദര്യമെന്ന്‌ പറയും. എല്ലാവരെയും ബഹുമാനിക്കുമ്പോഴും ആർക്കു മുന്നിലും തലക്കുനിക്കേണ്ടിവരരുതെന്നും പറയുമായിരുന്നു. അതാണ്‌ ഞങ്ങൾ കണ്ടതും ശീലിച്ചതും പഠിച്ചതും.

സതീഷ്‌: കൃത്യനിഷ്‌ഠയുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത ആളായിരുന്നു പപ്പ. രാവിലെ ഒമ്പത്‌ മുതൽ രാത്രി ഒമ്പതുവരെയാണ്‌ ഷൂട്ടിങ്ങെങ്കിൽ 8.30ന്‌ റെഡി. വേറൊരാൾ തനിക്കായി‌ കാത്തിരിക്കേണ്ടി വരരുതെന്ന്‌ നിർബന്ധം. 1971 ജൂൺ 15നാണല്ലോ മരണം. തൊട്ടടുത്ത വർഷം ‘വാഴ്‌വേ മായ’ത്തിലെ അഭിനയത്തിന്‌ കൊല്ലത്തെ ഒരുസംഘടന മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. അടൂർ ഭാസിക്കായിരുന്നു ഹാസ്യതാരത്തിനുള്ള അവാർഡ്‌. ഭാസി സാറും ഞാനും ഒരുമിച്ചാണ്‌ പോയത്‌. യാത്രയിലുടനീളം പപ്പയെ കുറിച്ചായിരുന്നു സംസാരം. ഭാസി സാറ്‌ പറഞ്ഞു തുടങ്ങി: 

‘മോനേ എന്റെ കാര്യം അറിയോ? എനിക്കൊരു ദുശ്ശീലമുണ്ടായിരുന്നു. ഞാൻ‌ ഒരേ ദിവസം രണ്ടു പടത്തിന്‌ കാൾഷീറ്റ്‌ കൊടുക്കും. എന്നിട്ട്‌ മൂന്നാമതൊരു പടത്തിൽ അഭിനയിക്കും. നസീർ സാറ്‌, ഷീല, ശാരദ ഇവരൊക്കെയുള്ള പടത്തിന്റെ ക്ലൈമാക്‌സ്‌ ഷൂട്ട്‌. ഞാൻ മാത്രമില്ല. 9.30 ആയപ്പോൾ ദേഷ്യപ്പെട്ട്‌ ഇരിക്കുകയാണ്‌  സത്യൻസാറ്‌. ഭരണി സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിലാണ്‌ ഞാൻ. സ്റ്റുഡിയോയിൽ‌ വിളിച്ച്‌ എന്നെ ലൈനിൽ വേണമെന്ന്‌ ആവശ്യപ്പെട്ടു. വളരെ സരസമായി ഹലോ അടൂർ ഭാസിയാണ്‌… എന്ന്‌ നീട്ടിയങ്ങ്‌ പറയുമ്പോഴേക്കും അപ്പുറത്തുനിന്ന്‌ പ്‌ഫാ… താനാർക്കെങ്കിലും ഇന്ന്‌ കാൾ ഷീറ്റ്‌ കൊടുത്തിട്ടുണ്ടോ എന്ന ചോദ്യം. സാർ കൊടുത്തിട്ടുണ്ട്‌. പത്തുമിനിറ്റിനകം ഇവിടെ എത്തിയിരിക്കണം എന്ന ഓർഡർ. ഫോൺ കട്ടായി. സത്യം പറഞ്ഞാൻ മോനേ ഞാൻ കിടുങ്ങിപ്പോയി. ഫോൺ വച്ചിട്ട്‌ അവിടുത്തെ സംവിധായകനോടോ നിർമാതാവിനോടോ പറയാതെ ടാക്‌സിയിൽ നേരെ ഷൂട്ടിങ്‌ സ്ഥലത്തേക്ക്‌. മേയ്‌ക്കപ്പൊന്നും മായ്‌ച്ചിരുന്നില്ല. അവിടെ ചെന്ന്‌ കൈകൂപ്പി നിൽക്കണോ ഓച്ഛാനിച്ച് നിൽക്കണോ എന്നറിയാതെ വിഷമിച്ച്‌ പേടിച്ച്‌ നിൽക്കുകയാണ്‌. അടികിട്ടുമെന്നാണ്‌ കരുതിയത്‌. പുള്ളി ചൂടിലാണ്‌. ഒരു ചോദ്യമേ ചോദിച്ചുള്ളൂ. തന്റെ തന്ത ഇ വി കൃഷ്‌ണപിള്ള തന്നെയാണോ? മേലാൽ ഇതാവർത്തിക്കരുത്‌. പ്രൊഡ്യൂസർമാർ കടം മേടിച്ചും പലിശയ്‌ക്ക്‌ വാങ്ങിച്ചുമൊക്കെയാണ്‌ പടം പിടിക്കുന്നത്‌.  പടം സമയത്തിന്‌ തീർത്തില്ലെങ്കിൽ ഒരു ദിവസം അവർക്ക്‌ എത്ര രൂപയുടെ നഷ്ടമാണെന്ന്‌ തനിക്ക്‌ വല്ലോം അറിയോ.’ അതിനുശേഷം സത്യൻപടത്തിന്റെ കാൾ ഷീറ്റുണ്ടെങ്കിൽ ഒമ്പതുമണിക്കാണ്‌ ഷൂട്ടിങ്ങെങ്കിൽ ഞാൻ എട്ടുമണിക്കേ അവിടെ പോയിരിക്കും. വെറുതെ തന്തയ്‌ക്കു വിളികേൾക്കണ്ട. തല്ലു കൊള്ളേണ്ട’.

മറ്റൊരു കാര്യം സിനിമയിൽ എല്ലാമായിരുന്നിട്ടും വ്യക്തി ജീവിതത്തിൽ പപ്പയെ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ്‌ വലിച്ചോ കണ്ടിട്ടില്ല. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന്‌ പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ പപ്പ കൂളായി പറയും ‘സോറി ഐഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’ ‌

കാഴ്‌ച പ്രശ്‌നമുള്ള എന്നെയും ചേട്ടനെയും ലഖ്‌നൗവിലുള്ള പ്രശസ്‌തനായ ഡോക്ടറെ കാണിക്കാൻ പപ്പ കൊണ്ടുപോയിരുന്നു. വിദേശികളൊക്കെ താമസിക്കുന്ന ആഡംബര ഹോട്ടലിലായിരുന്നു താമസം. കുളിയൊക്കെ കഴിഞ്ഞ്‌ പപ്പ ഞങ്ങളെ റെസ്റ്റോറന്റിലേക്ക്‌ കൊണ്ടുപോയി. ബെയറർ വന്ന്‌ ‘എനിതിങ്‌ ഹോട്ട്‌’ എന്ന്‌ ചോദിച്ചു. വിളിക്കാമെന്ന്‌ പറഞ്ഞ്‌ പപ്പ അയാളെ മടക്കി. എന്നിട്ട്‌ പറഞ്ഞു: ‘ഞാൻ വ്യക്തിപരമായ ചോദ്യം  ചോദിക്കുകയാണ്‌. രണ്ടുപേർക്കും മദ്യം രുചിക്കണമെന്നുണ്ടോ. മദ്യപാനം ഒരിക്കലും നല്ല ശീലമല്ല. ഒരിക്കലും മദ്യപാനി ആകരുത്‌. മദ്യം ഉപയോഗിക്കരുത്‌, വിഷമാണ്‌ എന്നൊക്ക പറഞ്ഞു. പക്ഷേ കുട്ടികൾ എന്ന നിലയ്‌ക്ക്‌ രുചി അറിയാനുള്ള ആകാംക്ഷയുണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ എന്നോട്‌ പറയുക. നിങ്ങളെന്നെ സുഹൃത്തിനെ പോലെ കരുതുക. കഴിച്ചാൽ കുഴപ്പമില്ലാത്ത രീതിയിൽ ഞാനത്‌ മാനേജ്‌ ചെയ്യും. അപ്പോൾ പറയൂ. എന്തെങ്കിലും വേണോ. പപ്പ ‌ ഒന്നുകൂടി ചോദിച്ചു. പപ്പ എനിക്ക്‌ വേണ്ട… ചേട്ടനും വേണ്ടാന്ന്‌ പറഞ്ഞു.

പഠിക്കുമ്പോൾ ഏതു വിഷയമായാലും ഉറക്കെ വായിച്ച്‌ പഠിക്കണം എന്ന്‌ പറയും. ഞങ്ങൾ മക്കൾ മൂന്നുപേർക്കും മുറികളുണ്ടായിരുന്നു. എനിക്കാണെങ്കിൽ മലയാളം ബുദ്ധിമുട്ടായിരുന്നു. പപ്പയാണെങ്കിൽ വിദ്വാൻ പരീക്ഷയൊക്കെ ജയിച്ചയാളും. മക്കളിൽ ഏറ്റവും കുസൃതിയും ഞാനായിരുന്നു. പപ്പ വീട്ടിലുണ്ടെങ്കിൽ മലയാളം ബുക്ക്‌ ഞാൻ തുറക്കില്ല. എല്ലാവിഷയത്തിലും അദ്ദേഹത്തിന്‌ അടിസ്ഥാനപരമായ അറിവുണ്ടായിരുന്നു. പപ്പ വീട്ടിലുണ്ടെങ്കിൽ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. മ്യൂസിയത്തിലും ബീച്ചിലുമൊക്കെയാണ്‌ പോകാറുള്ളത്‌.

ജീവൻ: കരമനയാറിന്റെ തീരത്ത്‌ താമസിക്കുന്ന കാലത്ത്‌ ആറ്റിൽ നീന്തുക പപ്പയ്‌ക്ക്‌ ഹോബിയായിരുന്നു. മമ്മി തേങ്ങയില്ലെന്ന്‌ പറഞ്ഞാൽ തെങ്ങിൽ കയറി തേങ്ങയിടും. തെങ്ങിന്‌ തടമെടുക്കും. എല്ലാ പണികളുമറിയാം. അതൊന്നും ചെയ്യാൻ മടിയില്ല. എന്റെയും ചേട്ടന്മാരുടെയും കാഴ്‌ച തിരിച്ചുകിട്ടാൻ പപ്പ എംബസി വഴി റഷ്യയിൽനിന്ന്‌ മരുന്നെത്തിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. കാഴ്‌ച മങ്ങൽ ആദ്യമുണ്ടായത്‌ പ്രകാശിനാണ്‌.

സതീഷ്‌: വീട്ടിൽ ലാൻഡ്‌ ഫോൺ ഉണ്ടായിരുന്നെങ്കിലും എസ്‌ടിഡി വിളിക്കാൻ പറ്റില്ല. ഞങ്ങൾ മക്കൾ കത്തുകളാണ്‌ എഴുതിയിരുന്നത്‌. പപ്പ തിരിച്ച്‌ എഴുതും. ഇംഗ്ലീഷ്‌ മീഡിയത്തിൽ പഠിക്കുന്ന കുട്ടികളല്ലേ. കത്ത്‌ ഇംഗ്ലീഷിൽ എഴുതിയാൽ മതിയെന്ന്‌ പപ്പ പറഞ്ഞിട്ടുണ്ട്‌. വ്യാകരണത്തിലോ  വാക്യഘടനയിലോ കുഴപ്പങ്ങളു ണ്ടെങ്കിൽ മറുപടിയിൽ പരാമർശിക്കും. നല്ല ഒഴുക്കാണ്‌ എഴുത്തിന്‌. മൈ സ്വീറ്റ്‌ സൺ എന്നാണ്‌ സംബോധന. അവസാനം യുവേർസ്‌ അഫക്ഷനേറ്റ്‌ലി എന്നതിന്‌ അഫ്‌ലി എന്നേ എഴുതൂ. താഴെ ഒപ്പും. ആ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌.

ശാരദാമ്മയും ഷീലാമ്മയും ഇടയ്‌ക്ക്‌ വിളിക്കും. അങ്ങനെ ഒരിക്കൽ ശാരദാമ്മ പറയുകയായിരുന്നു.നിന്റെ പപ്പയുള്ളപ്പോൾ മലയാള സിനിമയിൽ ഒരു കാരണവരുണ്ടായിരുന്നുവെന്ന്‌. എല്ലാ ആർട്ടിസ്റ്റുകൾക്കും. പ്രത്യേകിച്ച്‌ ഞങ്ങൾ സ്‌ത്രീകൾക്ക്‌. ഒരുതരത്തിലും ഭയപ്പെടണ്ട. സത്യൻ സാറ്‌ അടുത്ത്‌ എവിടെയെങ്കിലും ഉണ്ടെങ്കിൽ നമ്മളെ വേണ്ടാതെ ഒന്നുനോക്കാൻകൂടി ആരും ധൈര്യപ്പെടില്ല. അക്കാര്യത്തിൽ പഴയ ഇൻസ്‌പെക്ടർ തന്നെ.’

സുഹൃത്തുക്കൾക്ക്‌ എന്തുകാര്യവും ചെയ്യും. ബൈബിളിൽ പറയുന്നത്‌ പോലെ ഒരു കൈകൊണ്ട്‌ ചെയ്‌ത കാര്യം മറ്റേകൈ അറിയരുത്‌ എന്ന സ്വഭാവക്കാരനാണ്‌. പി എൻ മേനോൻ സംവിധാനംചെയ്‌ത ടാക്‌സി ഡ്രൈവർ സിനിമയുടെ എഡിറ്റിങ്‌ ശാരദ സ്റ്റുഡിയോയിൽ നടക്കുകയാണ്‌. ഞാനാണ്‌ നായകൻ. രാത്രി പത്ത്‌ പത്തരയായി കാണും. മേനോൻ സാർ പറഞ്ഞു നമുക്കൊരു ചായ കുടിക്കാം. ഒരു ചായക്കടയിൽ കയറി. ചുറ്റും നോക്കി സാറ്‌ പറഞ്ഞു, ‘എടാ സത്യൻ സാറിന്റെ പടം!’ വലിയ‌ മാലയൊക്കെ ഇട്ടിരിക്കുന്നു. കട ഉടമയായ യുവാവ്‌‌ സത്യന്റെ കാരുണ്യത്തിന്റെ കഥ പറഞ്ഞു. സ്റ്റുഡിയോയിൽ പ്രൊഡക്‌ഷൻ ബോയ് ആയ തന്നെ അദ്ദേഹത്തിന്‌ ‌ ഇഷ്ടമായിരുന്നു. ഒരു ദിവസം സങ്കടപ്പെട്ട്‌ ഇരിക്കുന്നതുകണ്ട്‌  കാര്യം തിരക്കി. അച്ഛൻ മരിച്ചുപോയെന്ന  വിവരം പറഞ്ഞു.  അച്ഛനായിരുന്നു കുടുംബനാഥൻ. ഇതൊക്കെ പറയുമ്പോൾ കണ്ണ്‌ നിറഞ്ഞിരുന്നു. സാറ്‌ പുറത്തുതട്ടി അടുത്ത ഞായറാഴ്‌ച ഫ്‌ളാറ്റിലേക്ക്‌ വരാൻ പറഞ്ഞു. ഫ്‌ളാറ്റിൽ പോയ എന്നെ അടുത്തിരുത്തി എന്താണ് ഇനി ചെയ്യാൻ ‌ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. ‌ ഒരു ചെറിയ ടീ കടയാണ്‌ ആഗ്രഹമെന്ന്‌ പറഞ്ഞു.  പിറ്റേ ആഴ്‌ച  കോടമ്പാക്കത്തെ പൊന്നും വിലയുള്ള കട എനിക്ക്‌ വാങ്ങി തന്നു സാർ.  സത്യൻ സാർ എനിക്ക്‌ കടവുൾമാതിരി, കണ്ണൻ എന്ന  ആ ചെറുപ്പക്കാരൻ പറഞ്ഞു.

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്ക് മദ്രാസിൽ പപ്പയ്‌ക്കൊപ്പം തങ്ങുന്നതിനിടെയാണ്‌ ജെമിനി സ്റ്റുഡിയോയിൽ  ചെമ്മീന്റെ പ്രിവ്യൂ കാണുന്നത്‌.  നിർമാതാവായ ബാബു സേഠ്, സംവിധായകൻ രാമു കാര്യാട്ട്‌, പപ്പ, ഞാൻ തുടങ്ങി നാലുപേരായിരുന്നു പ്രിവ്യൂ കാണാൻ ഉണ്ടായിരുന്നത്‌. പപ്പ അഭിനയിച്ച സിനിമകളിൽ ‌ ഏറ്റവും ഇഷ്ടം അനുഭവങ്ങൾ പാളിച്ചകൾ ആണ്‌. ചെല്ലപ്പനെന്ന കമ്യൂണിസ്റ്റുകാരന്റെ വേഷം. അതു കാണുമ്പോൾ കണ്ണുനിറയും. കടൽപ്പാലം, കരകാണാക്കടൽ, കരിനിഴൽ, ഓടയിൽനിന്ന്‌, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നിവയും ഇഷ്ടസിനിമകൾ.

ജീവൻ: ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ തുടങ്ങിയവയാണ്‌ പപ്പ അഭിനയിച്ച സിനിമകളിൽ ഏറെ ഇഷ്ടം. 1997 ൽ സത്യൻ ഫൗണ്ടേഷന്‌ രൂപം നൽകി. ഇതിന്റെ ആഭിമുഖ്യത്തിൽ പപ്പയുടെ ജന്മദിനാഘോഷവും അനുസ്‌മരണവും സംഘടിപ്പിക്കാറുണ്ട്‌. 1912 നവംബർ ഒമ്പതിനായിരുന്നു  പപ്പയുടെ ജനനം. തിരുവനന്തപുരം ആറാമടയാണ്‌ ജന്മസ്ഥലം.  1987 ലാണ്‌ മമ്മിയുടെ മരണം.

സതീഷ്‌: പപ്പ മരിക്കുന്നത്‌ ചൊവ്വാഴ്‌ചയായിരുന്നു. പുലർച്ചെ 4.10ന്‌. ഞാനും മമ്മിയും അന്ന്‌ മദ്രാസിലെ കെ ജെ ആശുപത്രിയിലുണ്ടായിരുന്നു. ഷൂട്ടിങ്‌ സ്ഥലത്തുനിന്ന്‌ പപ്പ ശനിയാഴ്‌ച വൈകിട്ട്‌ ആശുപത്രിയിൽ പോകുകയായിരുന്നു. ഞായറാഴ്‌ച രക്തം കയറ്റണമായിരുന്നു. അത്‌ ഉറപ്പാക്കാൻകൂടിയായിരുന്നു ആശുപത്രിയിൽ പോയത്‌. പോകാൻ നേരം കൈകൊടുത്തപ്പോഴാണ്‌ കടുത്ത പനിയുള്ള കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്‌. ഡോക്ടർ അന്നവിടെ നിൽക്കാൻ നിർബന്ധിച്ചു. രാത്രിയായപ്പോൾ ആരോഗ്യസ്ഥിതി ഗുരുതരമായി. തുടർന്ന്‌ ഞായറാഴ്‌ച വിവരമറിഞ്ഞ്‌ ഫ്‌ളൈറ്റിൽ മദ്രാസിലെത്തി. ഐസിയുവിലായിരുന്ന പപ്പയെ കണ്ടു. എനിക്ക്‌ കുഴപ്പമൊന്നുമില്ലെന്നും അവർ വെറുതെ കിടത്തിയിരിക്കുകയാണെന്നും പറഞ്ഞു. ക്ഷീണമാണ്‌. കുറച്ച്‌ ഉറങ്ങട്ടെ എന്നാണ്‌ പറഞ്ഞത്‌. പിന്നീട്‌ സംസാരിച്ചില്ല. പപ്പയ്‌ക്ക്‌ രക്തം വേണമെന്നറിഞ്ഞ്‌ ആശുപത്രിയിൽ രക്തം നൽകാനെത്തിയവരുടെ വലിയ നിര റോഡ്‌ വരെ നീണ്ടു. പപ്പയുടെയും എന്റെയും രക്തം ബി പോസിറ്റീവ്‌ ആണ്‌. എന്റെ രക്തം പപ്പയ്‌ക്ക്‌ കൊടുത്തു.

ജീവൻ: പരീക്ഷ കഴിഞ്ഞാണ്‌ തിങ്കളാഴ്‌ച ഞാനും ചേട്ടൻ പ്രകാശ്‌ സത്യനും ആശുപത്രിയിൽ എത്തിയത്‌. പപ്പ ഉറക്കത്തിലായിരുന്നു.

സതീഷ്‌: പപ്പയുടെ സുഹൃത്തുകൂടിയായ കുടുംബ ഡോക്ടർ കെ എൻ പൈയായിരുന്നു മരണം സ്ഥിരീകരിച്ചത്‌. നിറഞ്ഞ കണ്ണുമായി അദ്ദേഹം ഐസിയുവിന്റെ പുറത്തേക്ക്‌ വന്നപ്പോൾ ഞങ്ങൾക്ക്‌ മനസ്സിലായി പപ്പ ഇനി ഇല്ലെന്ന്‌.

(സത്യന്റെ മൂന്നുമക്കളിൽ മൂത്തയാൾ പ്രകാശ്‌. നിരവധി ബാലസാഹിത്യ കൃതികളും ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്‌. 2014 ൽ മരിച്ചു. സത്യന്റെ മരണശേഷം രണ്ടാമത്തെ മകൻ സതീഷ്‌ നാലുസിനിമകളിൽ അഭിനയിച്ചു. കാഴ്‌ച മങ്ങിയതോടെ അഭിനയരംഗം വിട്ടു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ അധ്യാപകനായിരുന്ന ശ്രീധരൻ നായരുടെ കുടുംബത്തോടൊപ്പം തിരുവനന്തപുരം തമ്പുരാൻമുക്കിലാണ്‌  33 വർഷമായി താമസം. ഇളയ മകൻ ജീവൻ  2007 ൽ സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ചു. വഞ്ചിയൂരിലാണ്‌ കുടുംബസമേതം താമസം)

സ്വാഭാവിക അഭിനയം

സ്വാഭാവികമായ അഭിനയം മലയാളസിനിമയിൽ കൊണ്ടുവന്നത്‌ സത്യനാണ്‌. അതിനുമുമ്പ്‌ ഉണ്ടായിരുന്നവർ നാടകത്തിന്റെ സ്വാധീനമുള്ളവരാണ്‌. സത്യനും പ്രേംനസീറും ആദ്യമായി അഭിനയിക്കുന്നത്‌ ത്യാഗസീമ എന്ന ചിത്രത്തിലാണ്‌. കെ  ബാലകൃഷ്‌ണനായിരുന്നു തിരക്കഥയും സംവിധാനവും. നടൻ രവികുമാറിന്റെ അച്ഛനായ കെ എം കെ മേനോനായിരുന്നു നിർമാതാവ്‌. ഇന്ന്‌ തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജ് (സിഇടി)‌ നിൽക്കുന്ന സ്‌ഥലത്ത്‌ ഓലകൊണ്ട്‌ കെട്ടിയ സ്റ്റുഡിയോ ഉണ്ടായിരുന്നു. അതിന്റെ ഉടമസ്ഥനായിരുന്നു മേനോൻ. ശ്രീകൃഷ്‌ണ സ്റ്റുഡിയോ  എന്നായിരുന്നു അതിന്റെ പേര്‌. സത്യനേശൻ നാടാരും ചിറയിൻകീഴ്‌ അബ്ദുൾ ഖാദറുമായിരുന്നു നായകന്മാർ. പ്രശസ്‌ത അമച്വർ നാടക നടനായിരുന്ന സി ഐ പരമേശ്വരൻ പിള്ളയുടെ ശുപാർശക്കത്തുമായാണ്‌ അബ്ദുൾ ഖാദർ അഭിനയിക്കാൻ എത്തുന്നത്‌. അന്ന്‌ പ്രേംനസീർ എന്ന പേരില്ല. പക്ഷേ ചിത്രം പൂർത്തിയായില്ല. ഷൂട്ടിങ്‌ തുടങ്ങിയപ്പോൾ ആരോ സ്റ്റുഡിയോയ്‌ക്ക്‌ തീയിട്ടു. ഇതിൽ നിരാശനായ മേനോൻ ചിത്രം ഉപേക്ഷിച്ച്‌ മദ്രാസിലേക്ക്‌ പോയി. 

ഇൻക്വിലാബ്‌ സിന്ദാബാദിന്റെ തിരക്കഥാകൃത്തായിരുന്ന എസ്‌എൽ പുരം സദാനന്ദനെ പുന്നപ്ര വയലാർ സമരകാലത്ത്‌ ഇൻസ്‌പെക്ടറായിരുന്ന സത്യൻ നാഭിക്ക്‌ തൊഴിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ച എഴുന്നേറ്റിട്ടില്ല അദ്ദേഹം. സത്യൻ അവസാനം അഭിനയിച്ച പടം ഇൻക്വിലാബ്‌ സിന്ദാബാദാണ്‌. അസുഖം ഗുരുതരമായിരിക്കുമ്പോഴാണ്‌ അനുഭവങ്ങൾ പാളിച്ചകളിലും ഇൻക്വിലാബ്‌ സിന്ദാബാദിലും സത്യൻ അഭിനയിച്ചിരുന്നത്‌. രോഗവിവരം ആരോടും പറഞ്ഞിരുന്നില്ല. ജീവിതാന്ത്യംവരെ അഭിനയിച്ച നടനാണ്‌ അദ്ദേഹം. ഓടയിൽനിന്നിലെ പപ്പു, ഒരുപെണ്ണിന്റെ കഥയിലെ തമ്പി, ചെമ്മീനിലെ പളനി, ത്രിവേണിയിലെ വൃദ്ധൻ എന്നിവയെല്ലാം സത്യൻ അഭിനയിച്ച ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്‌. ഒരു കഥാപാത്രവും അദ്ദേഹം അഭിനയിച്ച്‌ മോശമാക്കിയിട്ടില്ല. സത്യന്റെ മൂന്ന്‌ സിനിമയ്‌ക്ക്‌ പാട്ടെഴുതിയിട്ടുണ്ട്‌. എന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ അകലെ അകലെ നീലാകാശം സത്യനും ശാരദയുമാണ്‌ പാടി അഭിനയിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version