റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തി

റെഡ്-ലിസ്റ്റില്‍പ്പെട്ട-രാജ്യങ്ങള്‍ക്ക്-വിസ-അനുവദിക്കുന്നത്-ബഹ്‌റൈന്‍-നിര്‍ത്തി

| Lipi | Updated: 14 Jun 2021, 10:53:00 AM

ഇന്ത്യ, ശ്രീലങ്ക, പാക്സിതാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Bahrain bans new work permits for people from red list countries

മനാമ: ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യക്കാര്‍ക്ക് പുതുതായി വിസ നല്‍കുന്നത് ബഹ്റൈന്‍ ഭരണകൂടം നിര്‍ത്തിവച്ചു. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യക്കാര്‍ക്കാണ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇന്ത്യ, ശ്രീലങ്ക, പാക്സിതാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നപടിയെന്ന് ബഹ്‌റൈന്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിരോധത്തിനായുള്ള നാഷനല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് റെഡ് ലിസ്റ്റില്‍ പെട്ട രാജ്യക്കാര്‍ക്ക് വിസ നല്‍കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇതുപ്രകാരം നിലവില്‍ ബഹ്‌റൈനിന് പുറത്ത് കഴിയുന്ന ഈ രാജ്യക്കാര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കില്ല. അതേസമയം, റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതിനനുസരിച്ച് അവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: സൗദിയിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30% സ്വദേശിവത്ക്കരണം നിലവില്‍ വന്നു
നിലവില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ് ബഹ്‌റൈനില്‍. ഇതേത്തുടര്‍ന്ന് ജൂണ്‍ 25 വരെ ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഇതുപ്രകാരം ഷോപ്പിംഗ് മാളുകള്‍, സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, സ്വകാര്യ ജിമ്മുകള്‍, വിനോദ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നത് വിലക്കിയിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങള്‍ മാത്രം അനുവദിക്കും.

അതേസമയം, അടിയന്തര സര്‍വീസുകളായ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, പലചരക്കു കടകള്‍, മല്‍സ്യ ഷോപ്പുകള്‍, ബേക്കറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, എടിഎമ്മുകള്‍, ബാങ്കുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം 931 പുതിയ കേസുകളും 10 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 257,852 ആയി ഉയര്‍ന്നു. ഇതിനകം 1206 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പാർക്ക് ചെയ്ത കാർ ​ഗർത്തത്തിലേക്ക് ആണ്ടുപോയി; കാർ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ കാണാം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : bahrain bans new work permits for people from red list countries
Malayalam News from malayalam.samayam.com, TIL Network

Exit mobile version