കുട്ടികളെ അടുക്കളയിലേക്ക് കൊണ്ടുവന്നാലോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കുട്ടികളെ-അടുക്കളയിലേക്ക്-കൊണ്ടുവന്നാലോ?-ശ്രദ്ധിക്കാം-ഇക്കാര്യങ്ങള്‍

പാചകം എന്നത് നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പക്ഷേ, പാചകം എന്നത് രസകരവും ക്രിയാത്മകതവും, വിലപ്പെട്ട ഓര്‍മകളുമൊക്കെ ആയി നമുക്ക് മാറ്റാന്‍ പറ്റുന്നതുമാണ്. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തില്‍ വല്ലപ്പോഴുമെങ്കിലും നമ്മള്‍ക്കു തോന്നുന്ന ഒന്നാണ് ഉറ്റവരുമൊത്തു വേണ്ടത്ര സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ല എന്നത്. നമ്മുടെ ദിവസത്തിന്റെ ഒരു നല്ല പങ്കും നമ്മള്‍ അടുക്കളയില്‍ കുടുംബത്തിനു വേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ ചെലവഴിക്കുന്നു, അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമ്മുടെ കുട്ടികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തിക്കൂടാ?

‘കുടുംബം’ എന്നാല്‍ ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട ഒന്ന്’ എന്നാണല്ലോ…? എന്നും കഴിയില്ലെങ്കിലും ഒഴിവു ദിവസങ്ങളില്‍ നമ്മള്‍ അടുക്കളയില്‍ ചെലവഴിക്കുന്ന സമയം കുട്ടികളെയും പങ്കാളിയെയും കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍, അത് പുതിയൊരു കുടുംബ പാരമ്പര്യമായി വളര്‍ത്താനും വളരെ നല്ല ഓര്‍മകള്‍ നെയ്‌തെടുക്കാനും സഹായിക്കും. അങ്ങനെ, നമ്മുക്ക് ഇമ്പവും ഈണവും സ്വരവും ലയവുമുള്ള ഒരു കുടുംബം വളര്‍ത്തിയെടുക്കാന്‍ പറ്റും. 
പാചകം ചെയ്യുന്നതില്‍ നിങ്ങളുടെ കുട്ടികളെ എങ്ങനെ ഉള്‍പ്പെടുത്താമെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ? കുട്ടികളുടെ പ്രായവും, അഭിരുചിയുമനുസരിച്ച് അവര്‍ക്കു വേണ്ട ചുമതലകള്‍, നിങ്ങളുടെ യുക്തിയനുസരിച്ച് തിരഞ്ഞെടുക്കുക.

കുട്ടികളുടെ സുരക്ഷ ഇതില്‍ വളരെ പ്രധാനമാണ്. അല്‍പ്പം പരീക്ഷണവും തമാശയും ഒക്കെ കൂട്ടി ഒന്ന് കൊഴുപ്പിച്ചാല്‍, വളരെ വിനോദകരമായി മാറ്റാവുന്ന ഒരു പ്രവൃത്തിയാണ് പാചകം. അതിനുള്ള ചില കുറുക്കുവഴികളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്:

1. തുടക്കത്തില്‍ ലളിതവും എന്നാല്‍ പ്രായത്തിന് ഉതകുന്നതുമായ പ്രവൃത്തികള്‍ കുട്ടികള്‍ക്കായി തിരഞ്ഞെടുക്കുക.
2. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക.
3. കുട്ടികളെ ഉള്‍പ്പെടുത്തി ചെയ്യാവുന്ന റെസിപ്പി തിരഞ്ഞെടുക്കുക.
4. രസകരമായ പേരുകള്‍, സംഭാഷണങ്ങള്‍ ഭക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ എല്ലാം രംഗം മോടിപിടിപ്പിക്കും.
5. ക്ഷമ വളരെ അത്യാവശ്യമാണിവിടെ -കുട്ടികളാണ് അതിനാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ ഇരട്ടി സമയമെടുക്കുമെന്നത് ഉള്‍ക്കൊള്ളുക.
6. ഇരട്ടി വൃത്തിയാക്കല്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കുക.
7. തെറ്റുകുറ്റങ്ങള്‍ ഉണ്ടാകും. പക്ഷേ, അതിനെ കുറ്റപ്പെടുത്താതെ, തിരുത്താനും അവര്‍ ചെയ്തതിനെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക.

മൂന്നര വയസ്സില്‍ താഴെയുള്ള കുട്ടികള്‍

ഈ പ്രായത്തിലുള്ള കുട്ടികള്‍ ജിജ്ഞാസ കാരണം എന്തിലുംകയ്യെത്തിപ്പിടിക്കാന്‍ നോക്കും. അതുകൊണ്ട് ചൂടുള്ള പത്രങ്ങള്‍, മൂര്‍ച്ചയുള്ളതും പരുക്കുണ്ടാക്കാവുന്നതുമായ സാധങ്ങള്‍, മസാലപ്പൊടികള്‍, ഭാരമുള്ള പാത്രങ്ങള്‍ എന്നിവ ഇവര്‍ പെരുമാറുന്ന സ്ഥലത്തിന്റെ അടുത്ത് വയ്ക്കാതിരിക്കുക. അതുപോലെ, അന്തവും കുന്തവുമില്ലാതെ ഓടുന്ന പ്രായമായതുകൊണ്ട് സ്റ്റൂള്‍, മാറ്റ്, മുതലായവ മാറ്റുക. അങ്ങനെ അവര്‍ക്ക് യഥേഷ്ടം സഞ്ചരിക്കാനുള്ള പാത ഉണ്ടാക്കുക. ഈ പ്രായത്തിലുള്ള കുസൃതികള്‍ക്ക് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ചെയ്യാന്‍ പറ്റിയ ചില പണികളാണ് താഴെ കൊടുത്തിരിക്കുന്നത്:

-പഴങ്ങളും, പച്ചക്കറികളും കഴുകുക (ഇവയുടെ പേര് പരിചയപ്പെടുത്താന്‍ പറ്റിയ സമയം).
-ക്യാബിനറ്റ് വാതിലുകളും ഡ്രോയറുകളും അടയ്ക്കുക.
-കഴുകി വച്ചിരിക്കുന്ന പ്ലേറ്റുകളും ഗ്ലാസ്സുകളും (പൊട്ടാന്‍ സാധ്യതയില്ലാത്തത്) വെള്ളം തുടച്ച് വയ്ക്കുക.
-ഡൈനിങ് ടേബിള്‍ ഒരുക്കാന്‍ സഹായിക്കുക.
-പച്ചക്കറികള്‍ തരംതിരിക്കുക (നിറങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ പറ്റിയ സമയം).
-ഡിഷ് വാഷര്‍  ഉണ്ടെങ്കില്‍ അതില്‍ പാത്രങ്ങള്‍ എടുത്തു വയ്ക്കാന്‍ നിങ്ങളെ സഹായിക്കുക.
-കുക്കര്‍ വിസില്‍ എണ്ണുക (എണ്ണം പഠിപ്പിക്കാന്‍ ഇതിലും വല്യ സഹായം ഉണ്ടോ?).
-സവാളയുടെ തൊലി, വെളുത്തുള്ളിയുടെ തൊലി എന്നിവ കളയുക.

മൂന്നര മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍

മൂന്നര വയസ്സ് പ്രായമാകുമ്പോഴേക്കും കുരുന്നുകള്‍ക്ക് നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയും. കുട്ടികള്‍ക്ക് വളരെ വൈവിധ്യമുള്ള താത്പര്യങ്ങളാകും ഉണ്ടാകുക, രക്ഷിതാക്കള്‍ അവരുടെ അഭിരുചി മനസ്സിലാക്കി അതനുസരിച്ചുള്ള വിധത്തില്‍ പ്രവൃത്തികള്‍ തിരഞ്ഞെടുക്കുക.

-ഷോപ്പിങ് കഴിഞ്ഞ് കൊണ്ടുവന്നിരിക്കുന്ന സാധനങ്ങള്‍ അവയുടെ യഥാസ്ഥലങ്ങളില്‍ വയ്ക്കുക.
-അരിയും മറ്റു ധാന്യങ്ങളും അളന്നെടുക്കുക.
-അരിയും ധാന്യങ്ങളും കഴുകുക.
-ചേരുവകള്‍ സ്പൂണ്‍ കൊണ്ടോ കൈകള്‍ കൊണ്ടോ മിശ്രിതമാക്കുക.
-ഡൈനിങ് ടേബിളില്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വയ്ക്കുക
-ഡിഷ് വാഷര്‍ ഉണ്ടെങ്കില്‍ അതില്‍ പാത്രങ്ങള്‍ എടുത്തു വയ്ക്കുക.
-കഴുകി വച്ചിട്ടുള്ള സ്പൂണ്‍, ഗ്ലാസ്, പ്ലേറ്റ് എന്നിവ വെള്ളം തുടച്ച് വൃത്തിയാക്കുക.
-ബേക്കിങ് ചെയ്യുമ്പോള്‍ സഹായിക്കുക.
-മിക്‌സര്‍, ഗ്രൈന്‍ഡര്‍ എന്നിവ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുക.
-മുട്ടയുടെ തോട് പൊളിക്കുക (മുട്ടകള്‍ ചൂടുള്ളതല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം).

ആറ് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള കുട്ടികള്‍

മുകളില്‍ പറഞ്ഞിട്ടുള്ള പണികള്‍ കൂടാതെ, ഈ പ്രായത്തില്‍ കുറച്ചുകൂടി സങ്കീര്‍ണമായ പ്രവൃത്തികള്‍ ഉള്‍പ്പെടുത്താവുന്നതാണ്. കുട്ടിയുടെ കഴിവിനെ എല്ലായ്‌പോഴും പരിഗണിച്ചുകൊണ്ടു വേണം കത്തി, കത്രിക മുതലായ ഉപയോഗിക്കാന്‍ കൊടുക്കുന്നത്. നിങ്ങള്‍ക്ക്, കുട്ടി അതിനു തയാറല്ല എന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും അത് കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കുക.

-പച്ചക്കറികളായ അച്ചിങ്ങ, ബീന്‍സ് എന്നിവ പാചകത്തിന് കൈകള്‍ കൊണ്ട് ഒടിക്കുക.
-മുരിങ്ങ ഇലകള്‍ പറിച്ച് ഒന്നിച്ചാക്കുക.
-ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ പൊളിക്കുക.
-തറയില്‍ വീഴുന്ന മാലിന്യങ്ങള്‍ ഒന്നിച്ചാക്കി ചവറ്റുകുട്ടയില്‍ ഇടുക.
-കിച്ചന്‍ കൗണ്ടര്‍ടോപ്പ് വൃത്തിയാക്കുക.
-കിച്ചന്‍ ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങളെടുക്കുക, ആവശ്യം കഴിയുമ്പോള്‍ തിരികെ വയ്ക്കുക.

പത്ത് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ 

അത്ര സരളമല്ലാത്ത, എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ചെയ്യാവുന്ന പണികളില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അവര്‍ക്ക് സ്വയം ചെയ്യാന്‍ പ്രചോദനം നല്‍കുന്നതും കൂടുതല്‍ സ്വാതന്ത്ര്യമനുവദിച്ച് അവരുടെ ക്രിയാത്മകത പുറത്തു കൊണ്ടുവരാന്‍ പറ്റിയ പ്രായമാണിത്. എന്നിരുന്നാലും അടുക്കളയിലെ അപകടങ്ങള്‍ കണക്കിലെടുത്ത് രക്ഷിതാക്കളുടെ ശ്രദ്ധ വേണം. 

-എന്തു ഭക്ഷണമാണ് ഉണ്ടാക്കേണ്ടതെന്ന് അവരെയും കുട്ടി തീരുമാനിക്കുക.
-അതിന് വേണ്ട സാധനസാമഗ്രികള്‍ അവര്‍ തന്നെ എടുക്കട്ടെ.
-റെസിപ്പി ബുക്ക് ഉണ്ടാക്കാന്‍, അല്ലെങ്കില്‍ അവര്‍ ചെയ്യുന്നത് കുറിച്ചു വയ്ക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.
-കത്തി, പീലര്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍ സുരക്ഷിത രീതിയില്‍, ശരിയായി എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊടുക്കുക.
-പച്ചക്കറി, പഴങ്ങള്‍ മുറിക്കുക.
-സുരക്ഷിതമാണെങ്കില്‍, അടുപ്പില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ തവി ഉപയോഗിച്ച് ഇളക്കാന്‍ അനുവദിക്കുക.
-ചായ, കാപ്പി ഇടാന്‍ പഠിപ്പിക്കുക.
-ചപ്പാത്തിക്ക് കുഴയ്ക്കാന്‍, പരത്താന്‍, ചുടാന്‍ പഠിപ്പിക്കുക.
-മസാല കണ്ടയ്‌നറുകള്‍ നിറയ്ക്കുക.

പതിനഞ്ച് വയസ്സിന് മുകളില്‍

ഈ പ്രായം ആയാല്‍ വീടുകളിലെ മിക്ക പണികള്‍ക്കും രക്ഷിതാക്കളെ സഹായിക്കാന്‍ മിക്ക കുട്ടികള്‍ക്കും കഴിയും.  എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും കുട്ടികള്‍ക്ക് എന്ത് ഈ കാലഘട്ടത്തില്‍ ചെയ്യാമെന്നുള്ളത്, അവര്‍ അതുവരെ എന്ത് ചെയ്തിട്ടുണ്ട്, പഠിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും.  അടുക്കളയില്‍ കുഞ്ഞുങ്ങളെ നമ്മുടെ കൂടെ കൂട്ടുന്നതു വഴി നമ്മള്‍ അവര്‍ക്ക്, ഭാവിയില്‍ ആവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, ഒരു വ്യത്യസ്ത രീതിയില്‍, ഒരു കുപ്പിയില്‍ നിന്ന് ഗ്ലാസ്സിലേക്ക് പാല്‍ ഒഴിക്കാന്‍ കുട്ടിയെ കൂട്ടുമ്പോള്‍, അല്ലെങ്കില്‍ കുട്ടി അതു ചെയ്യുമ്പോള്‍ നമ്മള്‍ അവരുടെ മോട്ടോര്‍ സ്‌കില്‍, ഏകോപന കഴിവ് (കോ-ഓര്‍ഡിനേഷന്‍ സ്‌കില്‍സ്) മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്.

പച്ചക്കറികളും പഴങ്ങളും കഴുകുമ്പോഴും അടുക്കള വൃത്തിയാക്കുമ്പോഴും കുഞ്ഞ് പഠിക്കുന്നത് ഭക്ഷ്യ ശുചിത്വത്തിന്റെ ബാലപാഠങ്ങള്‍ ആണ്. നമ്മുടെ കൂടെ നിന്ന് നമ്മള്‍ ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ പഠിക്കുന്നത് വിവിധ ഗൃഹോപകരണങ്ങള്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ്. കുക്കറിന്റെ വിസില്‍ കേള്‍ക്കുമ്പോള്‍ അത് സംഖ്യാ പഠനത്തിന്റെ ആദ്യചുവടായി. 

പച്ചക്കറി, പഴങ്ങള്‍ വേര്‍തിരിച്ചു വയ്ക്കുമ്പോള്‍, അവര്‍ നിറങ്ങള്‍ കണ്ടു പഠിക്കുകയാണ്. ചുടു, തണുപ്പ് എന്നിവ എങ്ങനെ വസ്തുക്കളില്‍ മാറ്റം വരുത്തുന്നു എന്നും അവയുടെ വ്യത്യസ്ത അവസ്ഥകളും നേരില്‍ കണ്ടു മനസ്സിലാക്കുന്നു. കേക്ക് ഉണ്ടാക്കാന്‍ കുഞ്ഞിനെ കൂട്ടുമ്പോള്‍ കണക്കിന്റെ പ്രാഥമിക പാഠങ്ങളായ എണ്ണല്‍, ഭാഗങ്ങളായി വിഭജിക്കല്‍, ഇരട്ടിപ്പിക്കല്‍, ചേര്‍ക്കല്‍, കുറയ്ക്കല്‍ എല്ലാം പ്രാവര്‍ത്തികമാക്കി മനസ്സിലാക്കുന്നു.  അപ്പോള്‍ സംശയം തീരെ വേണ്ട, കുട്ടിപ്പട്ടാളത്തെ അടുക്കളപ്പണിയില്‍ ഉള്‍പ്പെടുത്തുന്നതു വഴി ഗുണങ്ങള്‍ മാത്രമേയുള്ളൂ, അവര്‍ക്കും നമുക്കും. പാചകവും വിളമ്പലും ക്രിയാത്മകമാക്കിയാല്‍  അവരെ സന്തോഷിപ്പിക്കാന്‍ നമുക്ക് കഴിയും. എന്തിനേറെ, വേണമെങ്കില്‍ ലിപികളും പഠിപ്പിക്കാം. ഇത് അവര്‍ക്ക് കൗതുകവും നമുക്ക് അവരുടെ ഉത്സാഹം കാണുമ്പോള്‍ സന്തോഷവും ഉണ്ടാക്കും.

Content Highlights: Kids and kitchen

Exit mobile version