ഹൈലൈറ്റ്:
- കടൽക്കൊല കേസ് നടപടികൾ അവസാനിപ്പിച്ചു.
- നിർദേശങ്ങളുമായി സുപ്രീം കോടതി.
- നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കൈമാറും.
ന്യൂഡൽഹി: മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ മറീനുകൾ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
നഷ്‌ടപരിഹാര തുകയായ 10 കോടി രൂപയിൽ നിന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രിഡിക്ക് രണ്ട് കോടി രൂപയും ലഭ്യമാക്കണമെന്ന് ജസ്‌റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിൻ്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസ് നടപടികൾ അവസാനിപ്പിക്കുന്നതിൽ കേരളവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഇറ്റലി നൽകിയ നഷ്‌ടപരിഹാരത്തുക ന്യായമാണെന്ന് കോടതി വിലയിരുത്തി. തുക മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നതിനായി കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഒരു ജഡ്‌ജിയെ ചുമതലപ്പെടുത്തണം. തുക എപ്പോൾ കൈമാറണം എന്നതടക്കമുള്ള കാര്യങ്ങൾ ഈ ജഡ്‌ജിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
2012 ഫെബ്രുവരി 15നാണ് സെയ്‌ൻ്റ് ആൻ്റണി ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജെലസ്‌റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. സംശയത്തെ തുടർന്ന് എൻ്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തത്.
എല്ലാ നടപടികളും അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയതോടെ സുപ്രീം കോടതിയിലും, ഡൽഹി പട്യാല ഹൗസ് കോടതിയിലും നിലനിന്ന എല്ലാ കേസ് നടപടികളും അവസാനിച്ചു. എൻ്റിക്ക ലെക്‌സിയിലെ സുരക്ഷാ ജീവനക്കാരായിരുന്ന ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ലോക്ക് ഡൗൺ അവസാനിക്കുന്നു; പ്രാദേശിക നിയന്ത്രണം വന്നേക്കും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : supreme court closed all proceedings against italian marines for killing two kerala fishermen
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download