ഒരു ദിവസം എത്ര പാല്‍ കുടിക്കണം?

ഒരു-ദിവസം-എത്ര-പാല്‍-കുടിക്കണം?

ന്ന് ലോക ക്ഷീരദിനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ നമ്മളെ സംബന്ധിച്ച് ഈ ദിനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. സമീകൃതാഹാരം എന്ന നിലയില്‍ പാലിനെക്കുറിച്ചും പാലിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം ധാരാളമായി ചര്‍ച്ച ചെയ്ത് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ദിവസവും എത്ര പാല്‍കുടിക്കണം, കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്ലതാണോ, പാല്‍ അലര്‍ജി ഉണ്ടാക്കുമോ.. ഇങ്ങനെ നൂറ് സംശയങ്ങളും പാലിനെക്കുറിച്ചുണ്ട്. 

ഒരു ദിവസം എത്രപാല്‍ കുടിക്കണം?

പ്രായപൂര്‍ത്തിയായ, കൊളസ്‌ട്രോള്‍ സംബന്ധിച്ച അസുഖങ്ങളൊന്നുമില്ലാത്ത ഒരാള്‍ ദിവസേന 150 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്. 100 മില്ലി ലിറ്റര്‍ പശുവിന്‍ പാലില്‍ 87.8 ഗ്രാം വെള്ളമാണുള്‍ക്കൊള്ളുന്നത്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീന്‍, 120 മില്ലി ഗ്രാം കാല്‍സ്യം, 14 മില്ലി ഗ്രാം കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ ഉള്‍ക്കൊള്ളുന്നു. ശരീരത്തിനാവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തില്‍ തന്നെ ലഭിക്കുന്നു എന്നതും പ്രധാനമാണ്. കാത്സ്യത്തിന്റെ സാന്നിദ്ധ്യം എല്ലിനും പല്ലിനും ഗുണകരമാകുമ്പോള്‍ നിശ്ചിത അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാതെ സഹായിക്കുന്നു. എല്ലാതരം അമിനോ ആസിഡുകളുടേയും സാന്നിധ്യമുള്ളതിനാല്‍ പേശീനിര്‍മ്മാണത്തിനും ശരീരഭാരം ക്രമപ്പെടുത്തുന്നതിനും സഹായകരമാകുന്നു. കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ പാലിലെ വൈറ്റമിന്‍ ഡി യും ഘടകമാകുന്നു.

കൂടുതല്‍ വേണ്ട

നല്ലതാണെന്ന് കരുതി ഒരുപാട് പാല്‍, പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല. ഓരോ വ്യക്തിയുടേയും ആരോഗ്യനില, അസുഖങ്ങള്‍, കുട്ടികളാണെങ്കില്‍ വളര്‍ച്ച എന്നിവയെല്ലാം പരിഗണിച്ചാണ് ഒരു ദിവസം കുടിക്കേണ്ട പാലിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഇത് പലര്‍ക്കും പല രീതിയിലായിരിക്കും. അതിനാല്‍ തന്നെ ഒരു ന്യൂട്രീഷ്യനിസ്റ്റിനെ സന്ദര്‍ശിച്ച് തീരുമാനമെടുക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. ഗര്‍ഭിണികള്‍ 250 മില്ലി ലിറ്റര്‍ പാല്‍ കുടിക്കണം.

എല്ലാ പോഷകാവശ്യങ്ങളും നിറവേറ്റുന്ന സൂപ്പര്‍ ഫുഡ് ആണോ പാല്‍?

നമ്മുടെ പൊതുവായ ഭക്ഷണരീതി അത്രത്തോളം പോഷകസമൃദ്ധമായ ഒന്നല്ല, കാര്‍ബോഹൈഡ്രേറ്റും പൂരിത കൊഴുപ്പുമാണ് നമ്മുടെ ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. പോഷകാഹാരമല്ല എന്ന് ചുരുക്കം. പാരമ്പര്യ ഭക്ഷണശീലത്തിന് സമാന്തരമായി സമീപകാലത്ത് ഉയര്‍ന്ന് വന്നിരിക്കുന്ന ജങ്ക് ഫുഡ്, അറേബ്യന്‍ ഫുഡ് ശീലവും പോഷകാഹാരം കഴിക്കുന്നതില്‍ നിന്ന് നമ്മളെ പിന്നോട്ട് മാറ്റുമന്നു. സസ്യാഹാരം ശീലമാക്കിയവരെ സംബന്ധിച്ച് പ്രോട്ടീന്‍ ലഭിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് പാല്‍. ഇന്ത്യക്കാരെ സംബന്ധിച്ച് അമിതമായ ചെലവില്ലാതെ ലഭിക്കുന്ന പോഷകാരാഹങ്ങളിലൊന്നാണ് പാല്‍. എല്ലാ പോഷകങ്ങള്‍ക്കും പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സൂപ്പര്‍ ഫുഡ് എന്ന് പാലിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല, എങ്കിലും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പോഷകാഹാരങ്ങളുടെ മിശ്രിതം എന്ന സവിശേഷത പാലിനുണ്ട്. 

പാലിന്റെ ഉപയോഗം അമിതഭാരത്തിന് കാരണമാകുമോ?

അത്തരത്തിലൊരു ധാരണ പൊതുവെ വ്യാപകമാണ്. എന്നാല്‍ ശുദ്ധമായ പാല്‍ കഴിക്കുന്നത് കൊണ്ട് മാത്രം അമിതവണ്ണം സൃഷ്ടിക്കപ്പെടുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ശുദ്ധമായ പാലില്‍ സ്വാഭാവികമായ പഞ്ചസാരയുടെ സാന്നിദ്ധ്യമുണ്ട്. ഇതില്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കുകയോ, അല്ലെങ്കില്‍ മറ്റ് ഹെല്‍ത്ത് ഡ്രിങ്കുകളോ മറ്റോ ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ കുട്ടികളിലും മറ്റും ശരീരഭാരവര്‍ധനവിലേക്ക് നയിക്കാനുള്ള സാധ്യത വര്‍ധിക്കും. ഇത് യഥാര്‍ത്ഥത്തില്‍ പാലിന്റെ കുഴപ്പമല്ല മറിച്ച് പാലില്‍ ചേര്‍ക്കുന്ന അനുബന്ധ വസ്തുക്കളുടെ കൂടി കുഴപ്പമാണ്. മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഭക്ഷണം എന്ന രീതിയില്‍ പാലിന്റെ ശരിയായ രീതിയിലുള്ള ഉപയോഗം ശരീരഭാരത്തെ നിയന്ത്രിക്കാനാണ് സഹായിക്കുന്നത്.

കുഞ്ഞുങ്ങളിലെ പാലിന്റെ ഉപയോഗം

ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ മുലപ്പാല്‍ മാത്രമെ നല്‍കാന്‍ പാടുള്ളൂ അത് കഴിഞ്ഞാല്‍ ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ച് തുടങ്ങുന്നത് വരെ കുട്ടികള്‍ നേര്‍പ്പിച്ച, കുറുക്ക് രൂപത്തിലുള്ള പാല്‍ കുടിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. പാലില്‍ അടങ്ങിയിരിക്കുന്ന അന്നജം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ലാക്‌റ്റേസ് എന്ന എന്‍സൈം കുട്ടികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ പാല്‍ എളുപ്പത്തില്‍ ദഹിക്കുകയും ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ മുതിര്‍ന്നവരില്‍ ലാക്‌റ്റേസിന്റെ അളവ് കുറവായിരിക്കും. അതുകൊണ്ട് തന്നെ മുതിര്‍ന്ന് കഴിഞ്ഞ ശേഷം ഒരു പരിധിക്കപ്പുറം പാല്‍ കുടിക്കുന്നത് ദോഷകരമാവുകയും ചെയ്യും.

പാല്‍ നിയന്ത്രിക്കേണ്ടത് ആരൊക്കെ?

നല്ല സമീകൃതാഹാരമാണെങ്കിലും എല്ലാവര്‍ക്കും അത്രത്തോളം നല്ലതാണെന്ന അഭിപ്രായവുമില്ല. പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗമുള്ളവര്‍, പ്രമേഹബാധിതര്‍, ദഹനസംബന്ധമായ അസുഖമുള്ളവര്‍, അലര്‍ജിയുള്ളവര്‍, വൃക്കയില്‍ കല്ലുള്ളവര്‍, വൃക്കരോഗികള്‍ മുതലായവര്‍ പാല്‍ ഉപയോഗം പരിമിതപ്പെടുത്തുകയോ നിശ്ശേഷം ഒഴിവാക്കുകയോ ചെയ്യണം. പാല്‍ കുടിക്കുന്നത് മൂലം വിശപ്പ് കുറയുകയും മറ്റ് ആഹാരങ്ങളുടെ ഉപയോഗം കുറയുകയും ചെയ്യും. ഇത് ഇരുമ്പ് പോലുള്ള പോഷകാംശങ്ങളുടെ കുറവിനിടയാക്കും.

പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം

പാല്‍ പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ പ്രോബയോടിക്കിന്റെ സാന്നിധ്യവുമുണ്ട്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് പാല്‍ ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച പുളിപ്പിച്ച പാല്‍ ഉള്‍പ്പന്നങ്ങള്‍ സഹായകരമാകുന്നു. ലാക്ടോബാസിലസ് ബാക്ടീരിയകളുടെ സാന്നിധ്യം ഇതില്‍ നിര്‍ണ്ണായകമാണ്. തൈര്, വെണ്ണ, സംഭാരം, പാല്‍ക്കട്ടി മുതലായവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റാണ് ലേഖിക)

Content Highlights: World Milk Day: Check out how much milk you should drink

Exit mobile version