ജീര റൈസ് ഒപ്പം പനീര്‍ കാപ്‌സിക്കം മസാല

ജീര-റൈസ്-ഒപ്പം-പനീര്‍-കാപ്‌സിക്കം-മസാല

സ്ഥിരം ലഞ്ച് ബോക്‌സ് റെസിപ്പികള്‍ പരീക്ഷിച്ച് മടുത്തവര്‍ക്കൊരു ജീര റൈസ് ഇഷ്ടപ്പെടും. ജീര റൈസും ഒപ്പം പനീര്‍ കാപ്‌സിക്കം മസാലയും നല്ലൊരു കോംമ്പിനേഷനാണ്. സാധാരണ രീതിയിലും പ്രഷര്‍കുക്കറിലും ജീര റൈസ് തയ്യാറാക്കാം. നോര്‍ത്ത് ഇന്ത്യന്‍ രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ കോംമ്പോ ഇഷ്ടമാവും

ജീര റൈസ്

  1. ബസുമതി അരി – 1 കപ്പ്
  2. കറുകയില – 1
  3. കറുകപ്പട്ട – 1 ചെറിയ കഷണം
  4. ഗ്രാമ്പു – 5
  5. ഏലക്ക – 2
  6. ജീരകം – 2 ടീസ്പൂണ്‍
  7. പച്ചമുളക് – 2 എണ്ണം
  8. ഉപ്പ് – ആവശ്യത്തിന്
  9. നെയ്യ് – 1 ടേബിള്‍സ്പൂണ്‍
  10. മല്ലിയില അറിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍.

രണ്ടുരീതിയില്‍ ചോറു തയ്യാറാക്കാം.
ആദ്യമായി വേവിച്ചു വച്ച ചോറു കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. 

ബസുമതി അരി കഴുകി ഊറ്റി ഉപ്പിട്ട് വേവിച്ചു വെക്കുക.
ചൂടായ പാത്രത്തില്‍ നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ച അരി ചേര്‍ത്ത് ഉടഞ്ഞു പോകാതെ പതുക്കെ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക.
5 മിനുട്ട് ചെറുതീയില്‍ അടച്ചു വച്ചു വേവിച്ച ശേഷം മുകളില്‍ മല്ലിയില തൂവി അടുപ്പില്‍ നിന്നും മാറ്റാം.

പ്രഷര്‍ കുക്കറില്‍ തയ്യാറാക്കുന്ന വിധം:

അരി കഴുകി 10 മിനുട്ട് കുതിര്‍ത്തു വെക്കുക.
കുക്കര്‍ ചൂടാക്കി നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം അതിലേക്ക് കുതിര്‍ത്ത് വെള്ളം വാര്‍ന്നു വച്ചിരിക്കുന്ന അരി കൂടെ ചേര്‍ത്ത് 3 മിനുട്ട് ചെറുതീയില്‍ വറുക്കുക.
അതിലേക്ക് ഒന്നേമുക്കാല്‍ കപ്പ് തിളച്ച വെള്ളം, ആവശ്യത്തിന് ഉപ്പും  ചേര്‍ത്ത് വേവിക്കാന്‍ വെക്കുക. 
രണ്ട് വിസില്‍ വന്ന് കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി കുക്കറിന്റെ വെയ്റ്റും മാറ്റി വെക്കുക. 
15 മിനുട്ട് അങ്ങനെ വച്ച ശേഷം അടപ്പ് തുറന്ന് അരിഞ്ഞ മല്ലിയില തൂവി യോജിപ്പിക്കുക.

പനീര്‍ കാപ്‌സിക്കം മസാല

  1. പനീര്‍ – 100 ഗ്രാം
  2. കാപ്‌സിക്കം _ 1 വലുത്
  3. സവാള – 3 എണ്ണം ഇടത്തരം
  4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
  5. തക്കാളി – 2 എണ്ണം
  6. വറ്റല്‍ മുളക് – 2 എണ്ണം
  7. ജീരകം – 1/4 ടീസ്പൂണ്‍
  8. മുളക്‌പൊടി – 1 ടീസ്പൂണ്‍
  9. മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍
  10. മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
  11. ഗരം മസാല -1 ടീസ്പൂണ്‍
  12. ജീരകം വറുത്തു പൊടിച്ചത് – 1/4 ടീസ്പൂണ്‍
  13. കസൂരി മേത്തി – 1/2 ടീസ്പൂണ്‍
  14. മല്ലിയില അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
  15. എണ്ണ – 2 ടേബിള്‍സ്പൂണ്‍
  16. ഉപ്പ് – പാകത്തിന്

ചതുരക്കഷണങ്ങള്‍ ആക്കിയ പനീര്‍, കാപ്‌സിക്കം 5 മിനുട്ട് എണ്ണയില്‍ വറുത്തു മാറ്റി വെക്കുക.
അതേ എണ്ണയില്‍ തന്നെ ജീരകം, വറ്റല്‍മുളക് മൂപ്പിച്ച ശേഷം വളരെ ചെറുതായി അരിഞ്ഞ  സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്,  എന്നിവ നന്നായി വഴറ്റി എടുക്കുക. 
അതിലേക്ക് മസാലപൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക. 
ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
എണ്ണ തെളിഞ്ഞു വരുന്ന സമയത്ത് 2 കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. 
ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക.
അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പനീറും കാപ്‌സിക്കവും ചേര്‍ത്ത് 1 മിനുട്ട് കൂടി തിളപ്പിക്കുക. 
അരിഞ്ഞ മല്ലിയില, കസൂരി മേത്തി എന്നിവ തൂവി അടുപ്പില്‍ നിന്നും മാറ്റാം.

Content Highlights: Lunch box recipes

Exit mobile version