അടുക്കള ജോലിക്കിടെ പൊള്ളലേറ്റോ? അവിടെ തന്നെ പരിഹാരമുണ്ടല്ലോ

അടുക്കള-ജോലിക്കിടെ-പൊള്ളലേറ്റോ?-അവിടെ-തന്നെ-പരിഹാരമുണ്ടല്ലോ

ടുക്കള ജോലിക്കിടെ പൊള്ളലുണ്ടായാല്‍ പെട്ടെന്ന് എന്തുചെയ്യണമെന്ന് ആകെ ഒരു കണ്‍ഫ്യൂഷന്‍ ആണ്. അത് അകറ്റാനുള്ള ചില നുറുങ്ങു വിദ്യകള്‍

വീടുകളില്‍ ഉണ്ടാകുന്ന പരിക്കുകളില്‍ നിര്‍ഭാഗ്യവശാല്‍ ഒന്നാം സ്ഥാനം എന്നും പൊള്ളലിനാണ്. ചെറിയ ചെറിയ പൊള്ളലുകള്‍ ഉണ്ടാകുമ്പോഴാണ് നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കേണ്ട ബര്‍നോള്‍ പോലുള്ള ഓയിന്റ്മെന്റുകളെ കുറിച്ച് ചിന്തിക്കുന്നത്. പൊള്ളലുകള്‍ മിക്കവാറും ശ്രദ്ധക്കുറവുകൊണ്ടാണ് ഉണ്ടാകുക. ഇനിയിപ്പോള്‍ പൊള്ളിയാല്‍ പെട്ടെന്ന് എന്തുചെയ്യണമെന്ന് ആകെ ഒരു കണ്‍ഫ്യൂഷന്‍ ആണ്. ആ കണ്‍ഫ്യൂഷന്‍ അകറ്റാനുള്ള ചില നുറുങ്ങു വിദ്യകളെ പരിചയപ്പെടാം.

പൊള്ളല്‍ എന്നത് അവയുടെ തീവ്രത അനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്. നിസ്സാരവും തൊലിയുടെ പുറമേയുള്ള പൊള്ളലാണ് ഒന്നാമത്തേത് – അതിനെ ഒന്നാംതരം (first-degree burn) പൊള്ളല്‍ എന്നാണ് പറയുന്നത്. ഇങ്ങനെയുള്ള പൊള്ളല്‍ തൊലിയുടെ നിറം ചെറിയ തോതില്‍ ചുവപ്പിക്കുകയും ചെറിയ വേദനയോടു കൂടിയ വീക്കം ഉണ്ടാക്കുകയും ചെയ്യും.

പൊള്ളിയ അവയവമനുസരിച്ച് വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.  ചെറിയരീതിയില്‍ കൈകളിലോ, കാലുകളിലോ ഉള്ള പൊള്ളലാണ് (പൊള്ളലേറ്റത് മൂന്ന് ഇഞ്ചില്‍ കുറവാണെങ്കില്‍) സാധാരണ വീട്ടില്‍ ചികിത്സിക്കാറുള്ളത്. രണ്ടാം തരം (Second-degree burns) പൊള്ളല്‍ ത്വക്കിന്റെ പുറമേയുള്ള ആവരണത്തെ തുളച്ച് രണ്ടാമത്തെ പാളിയെ (dermis) ബാധിക്കുന്ന പൊള്ളലാണ്. ഈ തരത്തിലുള്ള പൊള്ളല്‍ ത്വക്കിന്റെ നിറം കടും ചുവപ്പാക്കുകയും കുമിളകള്‍ കാണപ്പെടുകയും ചെയ്യുന്നു. മാത്രമല്ല  പോള്ളലേറ്റ ഭാഗത്ത് വേദനയോടുകൂടിയ വീക്കങ്ങളും ഉണ്ടാകും.

പൊള്ളലേറ്റ ഭാഗം മൂന്ന് ഇഞ്ചില്‍ കൂടുതലാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക. മൂന്നാംതരവും നാലാംതരവും (Third-degree, Fourth-degree) പൊള്ളല്‍ വളരെ ഗൗരവമുള്ളതും തത്സമയം തന്നെ പ്രൊഫഷണല്‍ വൈദ്യസഹായം തേടേണ്ടതുമാണ്. ഇങ്ങനെയുള്ള പൊള്ളല്‍ ചര്‍മത്തെ മാത്രമല്ല സന്ധികള്‍ക്കും അസ്ഥികള്‍ക്കും വരെ ശാശ്വതമായ ക്ഷതം വരുത്തുന്നവയാണ്. ഇവ തീര്‍ച്ചയായും ആശുപത്രിയില്‍ത്തന്നെ ചികിത്സിക്കേണ്ടതാണ്. 

മൂന്ന് ഇഞ്ചില്‍ താഴെയുള്ള ചെറിയ പൊള്ളല്‍ ഉണ്ടാകുകയാണെങ്കില്‍ താഴെ പറയുന്നവ ചെയ്യാവുന്നതാണ്. എന്നാല്‍ വലിയ രീതിയിലുള്ള പൊള്ളലിന് തീര്‍ച്ചയായും വൈദ്യസഹായം തേടുക.

വെള്ളം 
പ്രഷര്‍ കുക്കറില്‍ തട്ടിയോ, ചൂടുവെള്ളം തെറിച്ചു വീണോ എളുപ്പത്തില്‍ പൊള്ളലേല്‍ക്കുന്നത് കൈകളിലാണ്. നമ്മുടെ അടുക്കളയില്‍ത്തന്നെ പൊള്ളലിന്റെ വേദനയെയും പാടിനെയും കുറയ്ക്കുന്ന ചെപ്പടിവിദ്യകളുണ്ട്. ഉദാഹരണത്തിന് ഏതൊരു അടുക്കളയിലും കാണും ഒരു പൈപ്പും അതിലൂടെ വരുന്ന തണുത്ത വെള്ളവും. പൊള്ളലേറ്റു എന്ന് കണ്ടുകഴിഞ്ഞാല്‍ ഉടനെതന്നെ പൊള്ളലേറ്റ ഭാഗം വെള്ളത്തില്‍ മുക്കിവയ്ക്കാനോ അല്ലെങ്കില്‍ പൈപ്പിലൂടെ വരുന്ന തണുത്ത വെള്ളത്തിന്റെ അടിയില്‍ പിടിക്കാനോ നോക്കണം (തണുത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്, ഐസ് അല്ല. ഐസ് ഉപയോഗിക്കുകയാണെങ്കില്‍ പൊള്ളലേറ്റ ഭാഗത്തെ രക്തപ്രവാഹം പരിമിതപ്പെടുകയും അതു വഴി സൂക്ഷ്മമായ കോശങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്യും).

പൊള്ളല്‍ ഉണ്ടാകുമ്പോള്‍ ചര്‍മത്തിന്റെ ഉപരിതലത്തില്‍ മാത്രമല്ല ക്ഷതമുണ്ടാകുന്നത്, ചര്‍മത്തിന്റെ അന്തര്‍ഭാഗത്തും ക്ഷതമുണ്ടാകുന്നുണ്ട്. ഒഴുകുന്ന തണുത്ത വെള്ളത്തില്‍ പൊള്ളലേറ്റ ഭാഗം കാണിക്കുമ്പോള്‍ രണ്ടു പ്രയോജനമാണ് ഉണ്ടാകുന്നത്. ഒന്നാമതായി  ഇന്ദ്രിയാവബോധം ഉണ്ടാക്കുന്ന ഞരമ്പുകളെ (Sensory nerves) ചൂടില്‍ നിന്നുള്ള വേദനയില്‍നിന്ന് വ്യതിചലിപ്പിക്കുന്നു. മറ്റൊരുപയോഗം, നമ്മുടെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത ത്വക്കിന്റെ ആന്തരിക ക്ഷതം വ്യാപിക്കുന്നത് തടയുന്നു. 

ഉരുളക്കിഴങ്ങ്
ചൊറിച്ചിലുണ്ടാക്കുന്നതിനെതിരേ പ്രവര്‍ത്തിക്കാന്‍ അത്യുത്തമമായ ഒന്നാണ് ഉരുളക്കിഴങ്ങ്. വെള്ളത്തില്‍ കുറച്ചുസമയം വച്ചതിനു ശേഷം, പൊള്ളലുണ്ടായ ഭാഗത്ത് ഉരുളക്കിഴങ്ങിന്റെ ഒരു ഭാഗം മുറിച്ചെടുത്തു വയ്ക്കുന്നത് (ഉരുളക്കിഴങ്ങിന്റെ ചാറ് പൊള്ളലേറ്റ ഭാഗത്തു വീഴുന്ന വിധത്തില്‍) വേദനയില്‍നിന്ന് ആശ്വാസവും കുമിളകള്‍ ഉണ്ടാകുന്നത് തടയാനും സഹായിക്കും. മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിന്, പൊള്ളല്‍ സംഭവിച്ചാല്‍ ഉടന്‍ ഈ പരിഹാരങ്ങള്‍ ഉപയോഗിക്കുക.

കറ്റാര്‍വാഴ
പണ്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടില്ലേ, നാടന്‍ ഒറ്റമൂലികളില്‍ ഒന്നാമനാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ അസ്ട്രിന്‍ജന്റ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ സുഖപ്പെടുത്തുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. കറ്റാര്‍വാഴയില ഒരു ചെറിയ കഷണം മുറിച്ച് അവയില്‍നിന്നുള്ള ചാറ് പൊള്ളലേറ്റ ഭാഗത്തു വീഴ്ത്തുക. കറ്റാര്‍വാഴയുടെ ചെടി ഇല്ലെങ്കില്‍, കറ്റാര്‍വാഴ ചേരുവയായുള്ള ക്രീം ഉപയോഗിക്കാം.

തേന്‍ 
തുറന്ന മുറിവുകളില്‍ പൊള്ളലേല്‍ക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. പൊള്ളലേറ്റതിനു ശേഷം തണുത്ത വെള്ളത്തില്‍ വച്ചതിനു ശേഷം (താപനില കൊടുംചൂടില്‍നിന്ന് താഴെ കൊണ്ടുവന്നതിനു ശേഷം) ലേശം തേന്‍ പൊള്ളലേറ്റ ഭാഗത്തു പുരട്ടുന്നത് അണുബാധ തടയുകയും വേദനയ്ക്ക് ആശ്വാസം നല്‍കുകയും ത്വക്കിനെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുന്നതിന് സഹായിക്കുകയും ചെയ്യും. 

വെളിച്ചെണ്ണ 
പൊള്ളല്‍ ചികിത്സയില്‍ ഏറ്റവും ഫലപ്രദവും നമ്മുടെ അടുക്കളയില്‍നിന്ന് എളുപ്പത്തില്‍ ലഭിക്കുന്നതുമായ ഒരു സ്വാഭാവിക ചികിത്സാവസ്തുവാണ് വെളിച്ചെണ്ണ. അണുബാധകള്‍ക്കെതിരേ ചര്‍മത്തെ പരിരക്ഷിക്കുകയും രോഗശാന്തി വര്‍ധിപ്പിക്കുകയും വേദന, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വെളിച്ചെണ്ണ ഈര്‍പ്പം നല്‍കി ത്വക്കിന്റെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ശാശ്വതമായ അടയാളങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും പോളിഫിനോളും ചര്‍മത്തില്‍ ആഴ്ന്നിറങ്ങി കേടുവന്ന കോശങ്ങളെ വേഗത്തില്‍ പൂര്‍വസ്ഥിതിയില്‍ എത്താന്‍ സഹായിക്കുന്നു.

വെള്ളത്തില്‍ കാണിച്ച് പൊള്ളലേറ്റ സ്ഥലത്തെ താപനില താഴെ കൊണ്ടുവന്നതിനു ശേഷം വെളിച്ചെണ്ണ പുരട്ടി കുറച്ചുസമയം വയ്ക്കുക. ഇത് ആവര്‍ത്തിച്ച് ചെയ്യുകയാണെങ്കില്‍ ഫലം നിശ്ചിതം.

‘രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്’- കേട്ടിട്ടില്ലേ ഈ പഴമൊഴി. അതുപോലെ കുറച്ചു ശ്രദ്ധയോടും അടുക്കും ചിട്ടയോടും കൂടി അടുക്കളജോലിയില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പൊള്ളല്‍ ഉണ്ടാകുന്നത് തടയാവുന്നതാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിലെ ചര്‍മം മുതിര്‍ന്നവരുടെ ചര്‍മത്തെക്കാള്‍ വളരെ മൃദുലമാണ്.

അതിനാല്‍ അടുക്കളയില്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. ചൂടുള്ള പാത്രങ്ങള്‍, കുക്കര്‍ എന്നിവ അടുക്കളയില്‍ പെരുമാറുന്ന ഭാഗത്തുനിന്ന് മാറ്റിവയ്ക്കുക. ചൂടുവെള്ളം, എണ്ണ എന്നിവ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുക. ബര്‍നോള്‍ മുതലായ ഓയിന്റ്മെന്റ്, കറ്റാര്‍വാഴ അടങ്ങിയിട്ടുള്ള ഓയിന്റ്മെന്റ് എന്നിവ തീര്‍ച്ചയായും അടുക്കളയില്‍ സൂക്ഷിക്കുക.

Content Highlights: Burns during kitchen work

Exit mobile version