സ്ത്രീകൾ സ്വന്തം ആരോഗ്യ കാര്യത്തിൽ കാണിക്കുന്ന അലംഭാവമാണ് പലപ്പോഴും പിന്നീട് ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. വ്യായാമത്തിലെ വിട്ടുവീഴ്ചയും പിന്നീട് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു.
സ്ത്രീകൾക്ക് ചെയ്യാവുന്ന അഞ്ച് മികച്ച വ്യായാമങ്ങൾ
ഹൈലൈറ്റ്:
- ആറോയാകാര്യത്തിൽ സ്ത്രീകൾ കാണിക്കുന്ന അലംഭാവമാണ് പല രോഗങ്ങൾക്കും കാരണം.
- സ്ത്രീകൾക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഈ വ്യായാമങ്ങൾ അവരുടെ ആരോഗ്യം സംരക്ഷിക്കും.
ജീവിതശൈലിയിലും ആരോഗ്യകാര്യത്തിലും ഭക്ഷണശീലത്തിലും വ്യായാമം ചെയ്യുന്നതിലുമെല്ലാം പല സ്ത്രീകളും വിട്ടുവീഴ്ച ചെയ്യുന്നു. പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോൾ, സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ തുടങ്ങിയവയെല്ലാം ഇതിന്റെ പരിണിതഫലങ്ങളാണ്.
വ്യായാമത്തിലെ വിട്ടുവീഴ്ച
പതിവായി വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യം ഇന്നും പലരും മനസ്സിലാക്കുന്നില്ല. പല തിരക്കുകൾക്കിടയിൽ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നതും വ്യായാമകാര്യത്തിലാണ്. സ്ത്രീ ശരീരത്തിന്റെ പ്രത്യേകത കൊണ്ട് പെട്ടന്ന് വണ്ണം കൂടാനും ശരീരത്തിൽ കൊഴുപ്പടിയാനും സാധ്യത കൂടുതലാണ്. ഇത് നിയന്ത്രിക്കാൻ വ്യായാമം കൂടിയേ തീരൂ. മാത്രവുമല്ല, ഒരു പ്രായം കഴിഞ്ഞാൽ, പ്രത്യേകിച്ച് നാൽപ്പത് വയസ്സിന് ശേഷം സ്ത്രീകളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാനും വ്യായാമം കൂടിയേ തീരൂ. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സന്ധിവേദന, പ്രമേഹ ലക്ഷണങ്ങൾ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാൻ ചില വ്യായാമങ്ങൾ ശീലമാക്കുക.
സ്ത്രീകൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതുമായ അഞ്ച് മികച്ച വ്യായാമങ്ങൾ ഇതാ…
ദിവസവും നടക്കുന്നത്
ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന മികച്ച വ്യായാമങ്ങളിലൊന്ന്. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അമിതവണ്ണം കുറയ്ക്കാനും ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാനുമെല്ലാം സഹായിക്കുന്ന വ്യായാമമാണിത്. ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രിയിലെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും നടക്കുന്നത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം നടത്തം സഹായിക്കുമ്പോൾ എന്തിന് പിന്നെ ഈ വ്യായാമം വേണ്ടെന്ന് വെക്കണം?
ജോഗ്ഗിംഗ്
നടത്തിന്റെയും ഓട്ടത്തിന്റെയും ഇടയിൽ വരുന്നതാണ് ജോഗിങ്. ദിവസേന നടന്ന് ശീലിച്ചാൽ അത് പിന്നീടുള്ള നടത്തം ജോഗിങ് രൂപത്തിലേക്ക് മാറ്റാം. സ്ത്രീ ശരീരത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്ന വ്യായാമമാണിത്. വിസറൽ ഫാറ്റ് ഇല്ലാതാക്കാനും കുടവയർ കുറയ്ക്കാനും പതിവായി ജോഗിങ് ചെയ്യുന്നത് സഹായിക്കും.
യോഗ
സ്ത്രീശരീരത്തിന് അനുയോജ്യമായ മികച്ച ആരോഗ്യ സംരക്ഷണ പരിശീലനമാണ് യോഗ. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യോഗ ഗുണം ചെയ്യും. പല രോഗ സാധ്യതകളും കുറയ്ക്കാനും ശാരീരിക വഴക്കം മെച്ചപ്പെടുത്താനും അൽഷിമേഴ്സ് പോലുള്ള അവസ്ഥ ഉണ്ടാകുന്നത് കുറയ്ക്കാനുമെല്ലാം യോഗ ശീലമാക്കുന്നത് സഹായിക്കും.
ലഞ്ചസ്:
എളുപ്പത്തിൽ ചെയ്യാവുന്നതും അതേസമയം ഗുണങ്ങൾ ഏറെയുള്ളതുമായ ഒരു വ്യായാമമാണിത്. തുടക്കക്കാർക്ക് ചില അസ്വസ്ഥതകൾ നേരിട്ടാലും പതിവായി ചെയ്യുമ്പോൾ തുടകൾ, ബട്ടക്സ്, ഹിപ്, അബ്ഡോമിനൽ മസിൽസ് എന്നിവിടങ്ങളിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച വ്യായാമരീതിയാണിത്. നട്ടെല്ലിന്റെ ബലവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ഈ വ്യായാമം സഹായിക്കും.
സ്ക്വാറ്റ്:
അമിതവണ്ണം നിയന്ത്രിച്ച് ശരീരത്തിന്റെ ആകൃതിയും ഭംഗിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച വ്യായാമം ആണിത്. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തുടക്കത്തിൽ ചെറിയ തോതിൽ ചെയ്ത് ആരംഭിച്ച് പിന്നീട് എണ്ണവും സമയവും കൂട്ടാം. കുറഞ്ഞത് ഒരു മാസമെങ്കിലും സ്ക്വറ്റ്സ് തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൻറെ ആകൃതിയിൽ വരുന്ന മനോഹരമായ മാറ്റം തീർച്ചയായും തിരിച്ചറിയാൻ കഴിയും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : 5 best exercises for women to stay fit and healthy
Malayalam News from Samayam Malayalam, TIL Network