സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നം പൂവണിഞ്ഞില്ല; ആവേശപ്പോരാട്ടത്തില്‍ ചെല്‍സിക്ക് കിരീടം

സിറ്റിയുടെ-ചാമ്പ്യന്‍സ്-ലീഗ്-സ്വപ്നം-പൂവണിഞ്ഞില്ല;-ആവേശപ്പോരാട്ടത്തില്‍-ചെല്‍സിക്ക്-കിരീടം

ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്.

പോര്‍ട്ടോ: ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി രാജകീയമായ സീസണ്‍ അവസാനിപ്പിക്കാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം ചെല്‍സി ഇല്ലാതാക്കി. ഇംഗ്ലീഷ് ക്ലബ്ബുകളുടെ കലാശപ്പോരാട്ടത്തില്‍ പ്രവചനങ്ങള്‍ക്ക് അധീതമായി നീലപ്പട കിരീടം ചൂടി. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്. ഒന്നാം പകുതിയില്‍ കെയ് ഹാവെര്‍ട്സ് നേടിയ ഏക ഗോളാണ് വിജയത്തിലേക്ക് നയിച്ചത്.

പതിവിന് വിപരീതമായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍. മധ്യനിരയേക്കാള്‍ പ്രാധാന്യം ആക്രമണത്തിന് നല്‍കി. ഫലം കണ്ടേക്കാവുന്ന പരീക്ഷണമായിരുന്നെങ്കിലും ചെല്‍സിയുടെ പ്രതിരോധം അവിശ്വസിനീയം ആയിരുന്നു. സിറ്റിയുടെ മുന്നേറ്റ നിര പെനാലിറ്റി ബോക്സിലെത്താന്‍ പോലും സാധ്യമാകാതെ പലപ്പോഴും പരാജയപ്പെട്ടു.

42-ാം മിനുറ്റിലായിരുന്നു ഹാവെര്‍ട്സിന്റെ ഗോള്‍. പന്തുമായി മുന്നേറിയ താരത്തെ തടയാന്‍ സിറ്റിയുടെ പ്രതിരോധനിരയ്ക്ക് ആയില്ല. മാസന്‍ മൗണ്ടിന്റെ പാസ്. സിറ്റി താരങ്ങളുടെ ഇടയിലൂടെ എത്തിയ പന്ത് ഹാവെര്‍ട്സ് നേടി. ഗോളി എഡേഴ്സണ്‍ കുതിച്ചു പാഞ്ഞെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവസാനം ഹാവെര്‍ട്സിന് മുന്നില്‍ ഗോള്‍വല മാത്രം. അനായാസം ലക്ഷ്യത്തിലേക്ക്.

Also Read: ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ

രണ്ടാം പകുതിയില്‍ സിറ്റിയുടെ തുടക്കം മികച്ചതായിരുന്നു. ചെല്‍സി താരങ്ങളെ മൈതാനത്തിന്റെ പകുതി കടക്കാന്‍ അനുവദിക്കാത്ത ആക്രമണങ്ങള്‍. പക്ഷെ വിജയം മാത്രം അകന്നു നിന്നു. 61 ശതമാനം പന്തടക്കം ഉണ്ടായിരുന്നു സിറ്റിക്ക്. മുന്നേറ്റങ്ങളില്‍ ഇരുകൂട്ടരും ഒപ്പത്തിനൊപ്പവും.

ഇതോടെ കളിച്ച ഏഴ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ ആറ് തവണയും കിരീടം നേടി ചെല്‍സി. 2012 ന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് എന്ന നേട്ടം. പരിശീലകൻ തോമസ് ടുഹലിനും ഇത് ഇരട്ടി മധുരം നല്‍കിയേക്കും. കഴിഞ്ഞ തവണ പിഎസ്ജിയെ ഫൈനലില്‍ എത്തിക്കാനായെങ്കിലും ബയേണ്‍ മ്യൂണിച്ച് ഇല്ലാതാക്കിയ കിരീട നേട്ടം ഇത്തവണ സാധ്യമാക്കി.

Exit mobile version