ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ ജൂലായ് 21 വരെ നീട്ടി

ഇന്ത്യന്‍-വിമാനങ്ങള്‍ക്കുള്ള-വിലക്ക്-യുഎഇ-ജൂലായ്-21-വരെ-നീട്ടി

മനാമ> ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലായ് 21 വരെ നീട്ടി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് യുഎഇ സിവില്‍ ഏവിയേഷന്‍ പ്രവേശന നിരോധനം നീട്ടിയത്. ചരക്ക് വിമാനങ്ങള്‍, ബിസിനസ്, ചാര്‍ട്ടര്‍ വിമാനങ്ങള്‍ എന്നിവക്ക് വിലക്കില്ലെന്ന് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.

യുഎഇ അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസക്കാരെ ജൂണ്‍ 23 മുതല്‍ തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞ ശനിയാഴ്ച ദുബായ് ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും വരുന്നവര്‍ യാത്രക്ക് മുന്‍പ് 48 മണിക്കൂറിനിടെ പിസിആര്‍ പരിശോധനയും വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് റാപിഡ് പിസിആര്‍ പരിശോധനയും നടത്തണമെന്നും യുഎഇ നിര്‍ദേശിച്ചു.

 എന്നാല്‍, ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് കോവിഡ് റാപിഡ് പരിശോധനാ സൗകര്യം ഇല്ലാത്തതാണ് വിലക്ക് നീട്ടാന്‍ കാരണമായി വ്യവസായ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.23 മുതല്‍ പ്രവേശനം അനുവദിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും എമിറേറ്റ്സും ഉള്‍പ്പെടെ ദുബായ് സര്‍വീസിന് ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു. ജൂലായ് ആറ് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ എയര്‍ലൈന്‍സുകള്‍ ബുക്കിംഗും ആരംഭിച്ചെങ്കിലും വിലക്ക് വീണ്ടും നീട്ടുകയായിരുന്നു.

ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുവരുന്ന ദേശീയ അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് പലതവണയായി നീട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version