പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചീര; ഗുണങ്ങളുടെ പട്ടികയ്ക്ക് നീളമേറെ

പ്രതിരോധശേഷി-വര്‍ധിപ്പിക്കാന്‍-ചീര;-ഗുണങ്ങളുടെ-പട്ടികയ്ക്ക്-നീളമേറെ

ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ്… ‘ചീര’ എന്നത് നമുക്ക് നമ്മുടെ വീട്ടില്‍ത്തന്നെ നട്ടുവളര്‍ത്താവുന്ന ഒരു ഇലക്കറിയാണ്. ചീരതന്നെയാണ് ഇലവര്‍ഗങ്ങളില്‍ ഏറ്റവുമധികം പോഷകങ്ങള്‍ നല്‍കുന്നതും. ജീവകം-എ, ജീവകം-സി, ജീവകം-കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.

വിവിധയിനം ചീരകള്‍ കാണപ്പെടാറുണ്ട്. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവയാണ് അവയില്‍ ചിലത്.

വിവിധ വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള ചീരച്ചെടികളുണ്ട്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചുവന്നചീര. പച്ചനിറത്തിലുള്ള ചീരയും പാലക് ചീരയും ഇവിടെയും ധാരാളമായി കിട്ടും.

എന്നാല്‍, ഞങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഇന്ത്യന്‍ സ്റ്റോറില്‍ കിട്ടാത്ത ഒരു ഇലവര്‍ഗമാണ് ചുവന്നചീര. അവസാനം ചീരയുടെ രുചിയുടെ ഓര്‍മകാരണം ഈ വര്‍ഷം ഞാന്‍ ചുവന്നചീരയുടെ വിത്ത് പാകുകയും അവ വിജയകരമായി വിളവെടുക്കുകയും ചെയ്തു.

നാടന്‍ വിളവുകളുടെ നിറം എത്ര കടുത്തതാണോ, അത് ആരോഗ്യത്തിന് അത്രയുംതന്നെ മെച്ചമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നതിന് പിന്നില്‍ വ്യക്തമായ വസ്തുതകള്‍ ഉണ്ട്. ആരോഗ്യ ആനുകൂല്യങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ‘ചുവന്നചീര’ ആ ചാര്‍ട്ടില്‍ ഒന്നാമതാണ്. വിറ്റാമിന്‍-സി, മറ്റ് പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകള്‍ എന്നിവ വളരെയധികം അടങ്ങിയിട്ടുള്ള ചുവന്നചീരയ്ക്ക് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ കഴിയും. ‘അമരാന്തേഷ്യ’ എന്ന വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുള്ള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ചീരയുടെ ആരോഗ്യഗുണങ്ങള്‍

കാഴ്ചശക്തി മെച്ചപ്പെടുത്താന്‍

ചുവന്നചീരയില്‍ ധാരാളം വിറ്റാമിന്‍-സി ഉണ്ട്. ഇത് നല്ല കാഴ്ചനല്‍കാനും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കും. കൂടാതെ ഒപ്റ്റിക് ഞരമ്പുകളെ ശക്തിപ്പെടുത്താനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രായംകൂടുമ്പോള്‍ ഉണ്ടാകുന്ന, കാഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തടയുന്നതിനായി ചുവന്നചീരയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ വളരെ സഹായിക്കും.

ദഹനപ്രക്രിയ സുഗമമാക്കാന്‍

ചീരയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചീര ശരിയായ ദഹനത്തിന് സഹായിക്കുന്നതു കൂടാതെ വന്‍കുടല്‍ കാന്‍സര്‍, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ പരിഹരിക്കാനും ശരീരഭാരം കുറയ്ക്കാനും ഉപയോഗപ്രദമാണ്.

കാന്‍സര്‍ തടയാന്‍

ചുവന്നചീരയില്‍ അമിനോ ആസിഡ്, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍-ഇ, പൊട്ടാസ്യം, വിറ്റാമിന്‍-സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. ഇവയിലെ ആന്റി ഓക്സിഡന്റുകളും കാന്‍സര്‍ വരുന്നത് തടയുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു.

മുടി നരയ്ക്കുന്നത് തടയാന്‍

ചെറുപ്പക്കാരില്‍ വരെ ഇന്ന് അകാലനര കാണപ്പെടാറുണ്ട്. ചുവന്നചീരയില്‍ അടങ്ങിയിട്ടുള്ള അയണ്‍, മാംഗനീസ്, കാത്സ്യം, മറ്റ് പ്രധാന ധാതുക്കള്‍ എന്നിവ മുടിയിലെ ‘മെലാനിന്‍’ മെച്ചപ്പെടുത്തുകയും അകാലനരയെ തടയുകയും ചെയ്യുന്നു. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വിളര്‍ച്ച തടയുന്നതിന്

ചുവന്നചീരയില്‍ നല്ല അളവില്‍ ‘ഇരുമ്പ്’ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ വിളര്‍ച്ച ചികിത്സിക്കുന്നതിനായി നല്ലൊരു വിഭവമാണ്. ചുവന്ന ചീരയില്‍ ഉള്ള ഇരുമ്പിന്റെ അംശം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നു. ചുവന്നചീരയുടെ പതിവായിട്ടുള്ള ഉപയോഗം വഴി ‘ഹീമോഗ്ലോബിന്‍’ നില മെച്ചപ്പെടുത്താനും രക്തത്തെ ശുദ്ധീകരിക്കാനും കഴിയും. അതുവഴി സ്വാഭാവികമായുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വിളര്‍ച്ചയുള്ളവരാണെങ്കില്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചുവന്നചീര ഉള്‍പ്പെടുത്തുക.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയര്‍ന്ന ഉറവിടമായതിനാല്‍ ചുവന്നചീര രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അമിനോ ആസിഡ്, വിറ്റാമിന്‍-ഇ, വിറ്റാമിന്‍-കെ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍.

അസ്ഥികളുടെ ശക്തി വര്‍ധിപ്പിക്കാന്‍

ചുവന്നചീര വിറ്റാമിന്‍-കെ.യുടെ നല്ല ഉറവിടമായതിനാല്‍, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ഗുണംചെയ്യും. ഭക്ഷണത്തില്‍ വിറ്റാമിന്‍-കെ.യുടെ അഭാവം ‘ഓസ്റ്റിയോപൊറോസിസ്’ അല്ലെങ്കില്‍ ‘അസ്ഥിയൊടിവ്’ ഉണ്ടാകാന്‍ കാരണമാകും. ചുവന്നചീര കഴിക്കുന്നത് കാത്സ്യം ആഗികരണം, അസ്ഥി മാട്രിക്സ് പ്രോട്ടീന്‍ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍

ചുവന്നചീരയില്‍ കലോറി വളരെ കുറവാണ്. പൊട്ടാസ്യം കൂടുതലാണ്. ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്. ഇത് രക്താതിസമര്‍ദ രോഗികള്‍ക്ക് അഭികാമ്യമാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിലെ മര്‍ദം കുറയ്ക്കാനും ചുവന്നചീര സഹായിക്കും.

‘അമിതമായാല്‍ അമൃതും വിഷം’

ചുവന്നചീരയ്ക്ക് പല ഗുണങ്ങളും ഉണ്ടെങ്കിലും ചിലരിലെങ്കിലും പാര്‍ശ്വഫലങ്ങളും കാണാറുണ്ട്. ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചില അസുഖങ്ങളുള്ളവര്‍ക്ക് ഇത് കഴിക്കുന്നതുവഴി ദോഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് ‘കിഡ്നി സ്റ്റോണ്‍’ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകുകയാണെങ്കില്‍ കൂടുതല്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ട്. അതിനാല്‍ അമിതമായി ഇവര്‍ ചീര കഴിക്കുന്നത്, അവയില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ എത്തിക്കാനും അതുവഴി രോഗം വഷളാവാനും സാധ്യതയുണ്ട്.

ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ (ബ്ലഡ് തിന്നിങ്) മരുന്നുകള്‍ കഴിക്കുന്നവര്‍ കരുതലോടെ വേണം ഇവ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.

ചീരയില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഒരുവട്ടം വേവിച്ച ചീര വീണ്ടും ചൂടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഇങ്ങനെ പാചകംചെയ്ത ചീര പലയാവര്‍ത്തി ചൂടാക്കിക്കഴിക്കരുത്.

ചീരയില്‍ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായി മിക്കവാറും കൃഷിയിടങ്ങളില്‍ ‘കീടനാശിനി’ തളിക്കുക സാധാരണമാണ്. അതിനാല്‍ മാര്‍ക്കറ്റുകളില്‍നിന്ന് വാങ്ങുന്ന ചീരയില്‍ കീടനാശിനികളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. വെള്ളവും മഞ്ഞളും ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.

Exit mobile version