ബഹ്‌റൈനില്‍ ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും

ബഹ്‌റൈനില്‍-ലോക്-ഡൗണ്‍-ഭാഗികമായി-പിന്‍വലിക്കും

മനാമ  >  ബഹ്‌റൈനനില്‍ കോവിഡ് 19 വ്യാപനം വിലയിരുത്തുന്നതിനായി നാല് തലങ്ങളിലുള്ള ജാഗ്രതാ സംവിധാനം നടപ്പാക്കുന്നു. ട്രാഫിക് ലൈറ്റ് സംവിധാനത്തിന് സമാനമായ അലര്‍ട്ട് ലെവല്‍ സംവിധാനമാണിത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

പ്രതിദിന കോവിഡ് പരിശോധനകളില്‍ പോസിറ്റീവ് കേസുകളുടെ ശരാശരി ശതമാനത്തെ വിലയിരുത്തി കേസുകളുടെ ഏറ്റകുറച്ചിലുകളെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നീ ലോക്ഡൗണ്‍ തലങ്ങളിലാക്കുകയും അതിനനുസൃതമായി നടപടിടകള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ദേശീയ ആരോഗ്യ കര്‍മ്മ സമിതി അറിയിച്ചു.

പോസിറ്റീവ് കോവിഡ് 19 കേസുകളുടെ ശരാശരി ശതമാനം മൂന്ന് ദിവസം എട്ട് ശതമാനം കവിഞ്ഞാല്‍ റെഡ്‌ലെവല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഇതില്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന എല്ലാ സ്ഥാപനങ്ങളും അടച്ച് പൂട്ടുകയും പ്രവര്‍ത്തനങ്ങള്‍ ഡെലിവറിയിലേക്ക് മാറുകയും ചെയ്യും.

അഞ്ച് ദിവസ കാലയളവില്‍ കേസ് ശതമാനം ശരാശരി  എട്ട് വരെ ആണെങ്കില്‍, ഓറഞ്ച് ലെവല്‍ ലോക്ക്ഡൗണും ഏഴ് ദിവസ കാലയളവില്‍ ശരാശരി കേസ് രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയായാല്‍ മഞ്ഞ ലെവല്‍ ലോക്ക്ഡൗണായിരിക്കും. 14 ദിവസ കാലയളവില്‍ കേസുകളുടെ ശരാശരി ശതമാനം രണ്ടില്‍ താഴെയായാല്‍ പച്ച ലെവല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഓറഞ്ച് ലെവലില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും രോഗമുക്തര്‍ക്കും മാത്രമായിരിക്കും മാളുകളിലും റെസ്റ്ററോണ്ടുകളിലും പ്രവേശനം. ജിം, നീന്തല്‍കുളം, സിനിമ, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയവ അനുവദിക്കും. ബി അവയെര്‍ ആപ്പില്‍ ഗ്രീന്‍ ഷീല്‍ഡ് കാണിച്ച് ഷോപ്പിംഗ് മാള്‍, കടകള്‍, സിനിമാ ശാലകള്‍ എന്നിവയില്‍ പ്രവേശിക്കാം. റെസ്‌റ്റോറണ്ടുകളല്‍ 30 പേര്‍ക്ക് അനുമതി. വീടുകളില്‍ ആറുപേരില്‍ കൂടുതലുള്ള ഒത്തുചേരല്‍ പാടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവശ്യ സര്‍വീസ് മേഖലകളിലെ ജീവനക്കാര്‍ക്കും റാപിഡ് ടെസ്റ്റ് നിര്‍ബന്ധം.

വെള്ളിയാഴ്ച രാജ്യത്ത് മഞ്ഞ ലെവല്‍ ലോക്ഡൗണാണ് നിലവില്‍ വരിക. കഴിഞ്ഞ ഏഴു ദിവസങ്ങളിലെ കേസുകള്‍ കുറഞ്ഞുവരുന്നതിനെ അടിസ്ഥാനമാക്കിയാണിത്. മാളുകള്‍, റസ്‌റ്റോറണ്ടുകള്‍, കായിക വിനോദങ്ങള്‍, സിനിമാ ശാലകള്‍ തുടങ്ങിയവയില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്കും രോഗമുക്തര്‍ക്കുമായിരിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒപ്പം മാദണ്ഡങ്ങള്‍ പാലിക്കുന്ന മുതിര്‍ന്ന വ്യക്തിയുണ്ടായിരിക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ക്ലാസില്‍ നേരിട്ടോ വിദൂരമായോ പങ്കെടുക്കുന്നത് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. മാളുകള്‍ക്ക് പുറത്തുള്ള കടകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും പ്രവേശിക്കാനും അനുവാദമുണ്ട്. 30 പേരുടെ വരെ കൂടിച്ചേരല്‍ അനുവദിക്കും. സിനിമാ തിയേറ്ററുകളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രം.

പച്ച ലെവലില്‍, വാക്‌സിനേഷന്‍ എടുത്തിട്ടുള്ളവര്‍ക്കും വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും മിക്ക സൗകര്യങ്ങളിലേക്കും പ്രവേശനം ലഭ്യമാകും.
ലോക്ഡൗണിന്റെ നാല് തലങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്‌റ്റോറുകള്‍, മത്സ്യം, ഇറച്ചി കടകള്‍, ഫാര്‍മസികള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവക്ക് തുറക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version