ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് നീട്ടി

ഇന്ത്യയില്‍-നിന്നുള്ള-വിമാനങ്ങള്‍ക്ക്-യുഎഇ-വിലക്ക്-നീട്ടി

മനാമ > ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.

കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര്‍(ട്രാന്‍സിറ്റ്)ക്കും വിലക്കു ബാധകമാണെന്ന് എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ വെള്ളിയാഴ്ച നല്‍കിയ അറിയിപ്പില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് കഴിഞ്ഞ മാസം 26ന് യുഎഇ സിവില്‍ ഏവിയേഷനും ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെ നീട്ടുന്നതായി ഇത്തിഹാദ് എയര്‍വേസും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍, നയതന്ത്ര മിഷന്‍ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കി. യുഎഇയില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്‍വീസിന് വിലക്കില്ല. ഇന്ത്യയില്‍ കൊറോണവൈറസ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യന്‍ സര്‍വീസുകള്‍ നിരോധിച്ചത്.

ഈ മാസം എഴു മുതല്‍ സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് നേരത്തെ എമിറേറ്റ്സ് സൂചിപ്പിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ അന്താരാഷ്ട്ര വിമാന നിരോധനം ജൂലൈ 31 വരെ നീട്ടിയിരുന്നു.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനു പൗരന്മാര്‍ക്ക് യുഎഇ നിരോധനവും ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനവും വേനലവധിക്കാലവും മുന്‍നിര്‍ത്തിയാണ് നിയന്ത്രണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version