സാമ്പാര്‍ പൊടി വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം

സാമ്പാര്‍-പൊടി-വീട്ടില്‍-തന്നെ-എളുപ്പത്തില്‍-തയ്യാറാക്കാം

ദക്ഷിണേന്ത്യക്കാരുടെ ഒരു പ്രധാന വിഭവമാണ് സാമ്പാര്‍. എന്നാല്‍ വറുത്തരച്ച് സാമ്പാര്‍ തയ്യാറാക്കി വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് പലരും സാമ്പാര്‍ പൊടികളെ ആശ്രയിക്കാറാണ് പതിവ്. വീട്ടില്‍ തന്നെ സാമ്പാര്‍ പൊടി തയ്യാറാക്കാവുന്നതേയുള്ളു. ഇത്തരത്തില്‍ തയ്യാറാക്കുന്ന കൂട്ട് 45 ദിവസത്തോളം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.

ചേരുവകള്‍

  1. മല്ലി – 1 കപ്പ് 
  2. കറിവേപ്പില – 2 തണ്ട് 
  3. കടലപ്പരിപ്പ് – 1/4 കപ്പ് 
  4. ഉലുവ – 1 ടീസ്പൂണ്‍
  5. കടുക് – 1 ടീസ്പൂണ്‍
  6. ജീരകം – 2 ടേബിള്‍സ്പൂണ്‍ 
  7. കുരുമുളക് – 2 ടീസ്പൂണ്‍
  8. കറുവാപട്ട – 3-4 കഷണം
  9. ഉണക്കമുളക് – 1 കപ്പ്
  10. ചിരകിയ ഉണക്കത്തേങ്ങ – 4 ടേബിള്‍സ്പൂണ്‍ 
  11. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഓരോ ബൗളിലാക്കി വയ്ക്കുക.ഒരു പാനിലാക്കി മല്ലിയും കറിവേപ്പിലയും ചെറിയ തീയില്‍ വറുക്കുക.മല്ലി ചെറുതായി ബ്രൗണ്‍ നിറമാകുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റുക.
അതേ പാനില്‍ കടലപ്പരിപ്പും ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.പ്ലേറ്റിലേക്ക് മാറ്റുക.കടുകും ഉലുവയും ഒന്നിച്ചു വറുത്തെടുക്കുക.

ജീരകവും കുരുമുളകും കറുവാപട്ടയും ഒന്നിച്ച് 30-40 സെക്കന്‍ഡ് വറുത്തെടുക്കുക. ഉണക്കമുളക് വറുത്ത് മാറ്റിയ ശേഷം ഉണക്കത്തേങ്ങ ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. എല്ലാ ചേരുവകളും തണുത്ത ശേഷം ഒന്നിച്ചു മിക്‌സിയിലാക്കി മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക.
ഈ കൂട്ട് 45 ദിവസത്തോളം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.

Content Highlights: Sambar powder recipe

Exit mobile version