സ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അക്ബർ കുപ്രസിദ്ധനാണ്. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് പ്രതികരണം.
ആയിഷ സുൽത്താന
ഹൈലൈറ്റ്:
- സിഐ അക്ബറിനെതിരെ കടുത്ത ആരോപണം
- അക്ബർ നിരവധി സ്ത്രീകളെ ചൂഷണം ചെയ്തു
- അക്ബർ ചൂഷണം ചെയ്യുന്നതിൽ കുപ്രസിദ്ധനെന്നും ആരോപണം
കൊച്ചി: മിനിക്കോയ് സിഐ അക്ബറിനെതിരെ ഗുരുതര ആരോപണവുമായി സംവിധായിക ആയിഷ സുൽത്താന. സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന സ്ത്രീകളെ അക്ബർ ചൂഷണം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് ആയിഷ ആരോപിച്ചു. അക്ബർ ചൂഷണം ചെയ്തതായി നിരവധി സ്ത്രീകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആയിഷ വെളിപ്പെടുത്തി, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.
സ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അക്ബർ കുപ്രസിദ്ധനാണ്. അക്ബറിന്റെ വലംകൈയ്യാണ് കളക്ടർ അസ്കർ അലി. സിഐ പറയുന്നത് അക്ഷരംപ്രതി കേൾക്കുന്ന ആളാണ് കളക്ടർ എന്ന് ആയിഷ ആരോപിച്ചു.
അതേസമയം, അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കരണങ്ങൾക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ച ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷക ഫസീല ഇബ്രാഹിമിനെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുയർന്നു.
അഡ്മിനിസ്ട്രേറ്റർക്കെതിരെ സംസാരിച്ചതിന് തനിക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഫസീല പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനാൽ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് വ്യക്തമാക്കിയാണ് സിഐ അക്ബർ തന്റെ പിതാവിനെ വിളിച്ചതെന്ന് ഫസീല പറഞ്ഞു.
ഫസീലയെ പരിചയപ്പെടാനാണ് വിളിച്ചതെന്ന് സിഐ അക്ബർ പറയുന്നു. മിനിക്കോയ് സ്വദേശിയാണെന്ന് അറിയില്ലായിരുന്നു. അഭിഭാഷകയ്ക്കെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്നും സിഐ പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പിതാവിനെ വിളിച്ച അക്ബർ തന്റെ കുടുംബത്തെക്കുറിച്ച് ആരാഞ്ഞു. പിന്നീട് വിളിച്ച ഉദ്യോഗസ്ഥൻ എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു. ഫോൺ വിളിച്ചാൽ എടുക്കണമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞതായും ഫസീല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : aisha sultana against lakshadweep police
Malayalam News from malayalam.samayam.com, TIL Network