ഓണം കൊഴുപ്പിക്കാൻ പാലക്കാട്ടെ 
ടൂറിസം കേന്ദ്രങ്ങളും

ഓണം-കൊഴുപ്പിക്കാൻ-പാലക്കാട്ടെ-
ടൂറിസം-കേന്ദ്രങ്ങളും

പാലക്കാട്‌ > ഓണം കളറാക്കാൻ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ അണിഞ്ഞൊരുങ്ങുന്നു. നെല്ലിയാമ്പതി, മലമ്പുഴ, കൊല്ലങ്കോട്‌ എന്നിവിടങ്ങളിലെല്ലാം ഇത്തവണ തിരക്കേറും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഓണാഘോഷ പരിപാടികളുണ്ടാകും.

രാജ്യത്ത്‌ കാണേണ്ട സുന്ദരമായ 10 സ്ഥലങ്ങളിലൊന്നായി കൊല്ലങ്കോട്‌ ഇടംനേടിയതോടെ ഇവിടേക്ക്‌ സഞ്ചാരികളുടെ ഒഴുക്കാണ്‌. മറ്റു ജില്ലകളിൽനിന്ന്‌ ഓണയാത്രകൾക്ക്‌ തയ്യാറെടുക്കുന്നവർ പ്രധാനകേന്ദ്രമായ മലമ്പുഴയ്‌ക്കൊപ്പം കൊല്ലങ്കോടിനെയും ചേർത്തുവയ്‌ക്കുന്നു. ഇത്‌ മുന്നിൽക്കണ്ട്‌ ചില സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത്‌ അധികൃതരും തയ്യാറെടുക്കുന്നുണ്ട്‌. സീതാർകുണ്ട്‌ വെള്ളച്ചാട്ടം കാണാനെത്തുന്നവർ അപകടസാധ്യത മുന്നിൽക്കണ്ട്‌ ജാഗ്രതയോടെ വേണം വെള്ളത്തിലിറങ്ങാൻ. വിവിധ സിനിമകളുടെ ലൊക്കേഷൻ കേന്ദ്രമായ ചിങ്ങൻചിറയും തൊട്ടടുത്താണ്‌. ഇരുട്ടും നേരിയ വെളിച്ചവും തണുപ്പും കാറ്റും ചേർന്ന വന്യമായ അന്തരീക്ഷം വിസ്‌മയമാകും.

പോത്തുണ്ടി അണക്കെട്ടും പരിസരങ്ങളും ഓണം ആഘോഷിക്കാനെത്തുന്നവരെ സ്വീകരിക്കാൻ ഒരുങ്ങി. കുട്ടികളുടെ പാർക്കും നവീകരിച്ചിട്ടുണ്ട്‌. ഇവിടെനിന്ന്‌ പത്തോളം ഹെയർപിൻ വളവുകൾചുറ്റി മലകയറിയാൽ ഓറഞ്ചുതോട്ടമായ നെല്ലിയാമ്പതിയിലെത്താം. കാനനക്കാഴ്‌ചകൾക്കൊപ്പം കോടമഞ്ഞിൽ കുളിച്ചുള്ള യാത്ര മനംകവരുന്നതാണ്‌. മാനും കാട്ടുപോത്തും മലയണ്ണാനും വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുമെല്ലാം മുന്നിലെത്തും. തൂക്കുപാലം, കേബിൾ കാർ സവാരി, ഫാന്റസി പാർക്ക്‌, പൂന്തോട്ടം എന്നിവയെല്ലാം ഒരുക്കിയാണ്‌ മലമ്പുഴ കാത്തിരിക്കുന്നത്‌.

തെക്കേ മലമ്പുഴയിലും കവയിലും കാഴ്‌ച ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്‌. സൈലന്റ്‌വാലി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക്‌ പോകാൻ ഓണത്തോടനുബന്ധിച്ച്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെല്ലും യാത്രകൾ ഒരുക്കിയിട്ടുണ്ട്‌. ധോണി വെള്ളച്ചാട്ടം, കാഞ്ഞിരപ്പുഴ അണക്കെട്ട്‌ എന്നിവിടങ്ങളിലും തിരക്കേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version