World Schizophrenia Day 2021: അകറ്റി നിർത്താനല്ല, കൂടെ നിർത്തണം സ്കിസോഫ്രീനിയ രോഗികളെ

world-schizophrenia-day-2021:-അകറ്റി-നിർത്താനല്ല,-കൂടെ-നിർത്തണം-സ്കിസോഫ്രീനിയ-രോഗികളെ

ഇന്ന് ലോക സ്കിസോഫ്രീനിയ ദിനം. എന്താണ് സ്കിസോഫ്രീനിയ? ഇത് ഒരു രോഗമാണോ? ഈ അവസ്ഥയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? സ്കിസോഫ്രീനിയ എങ്ങനെ ചികിത്സിക്കാം?

Symptoms Of schizophrenia

കൂടെ നിർത്തണം സ്കിസോഫ്രീനിയ രോഗികളെ

ഹൈലൈറ്റ്:

  • ആരെയാണ് സ്കിസോഫ്രീനിയ ബാധിക്കുന്നത്?
  • സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
  • ഇത് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം?

മനസിന് ഒരു താളമുണ്ട്, വളരെ നേർത്തതും എന്നാൽ അതി സങ്കീർണവുമാണ് ആ താളം. അതുകൊണ്ട് തന്നെ ഒരു ചെറിയ തളപ്പിഴ സംഭവിച്ചാൽ ഒരു വ്യക്തി തന്നെ ഇല്ലാതാകും. മനസിന്റെ താളം തെറ്റിയ ഒരാൾ പിന്നീട് നിയന്ത്രണമില്ലാത്ത ഒരു ശരീരം മാത്രമാണ്. പല തരം മാനസിക പ്രശ്‌നങ്ങളിൽ അതിഗൗരവകരമായ രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ അഥവാ ചിത്തഭ്രമം. ഒരാളുടെ ചിന്തകളെയും പ്രവര്‍ത്തികളെയും ഈ രോഗം കീഴ്മേല്‍ മറിക്കുന്നു. രോഗം ബാധിച്ചയാള്‍ യാഥാര്‍ഥ്യമേത് മിഥ്യയേത് എന്ന തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറുന്നു.അതായത് തലച്ചോറിന്റെ ദൈനംദിന പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും രോഗി ഒരുപാട് കാര്യങ്ങൾ സങ്കൽപ്പിക്കാനും ഭ്രമാത്മകമാക്കാനും തുടങ്ങുന്നു, ചിന്തകൾ യുക്തിരഹിതവും ക്രമരഹിതവുമാകുകയും ദൈനദിന കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാൻ കഴിയതാകുന്ന അവസ്ഥയാണ് സ്കിസോഫ്രീനിയ.

സ്കിസോഫ്രീനിയ ബാധിക്കുന്നത്:

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതുകാണുന്നത്. സാധാരണയായി നൂറുപേരില്‍ ഒരാള്‍ക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

കാരണങ്ങള്‍:

ശാരീരികവും മാനസികവുമായ പല കാരണങ്ങളും ഒരാളെ സ്കീസോഫ്രീനിയയിലേക്ക് നയിക്കാറുണ്ട്.
തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളായ ഡോപാമൈന്‍ (dopamine) ഗ്ളൂട്ടമേറ്റ് (glutamate) എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു.

ചില കേസുകളിൽ പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ ക്ഷതം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണങ്ങളാകാം. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ അനുഭവിക്കുന്നത് ഈ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കും.
ഇനി 2 മീറ്റർ പോരാ, വേണം സാമൂഹിക അകലം 10 മീറ്റർ എങ്കിലും; കാരണം അറിയുക
ലക്ഷണങ്ങള്‍:

*ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും കേള്‍ക്കുന്നതായുമുള്ള തോന്നല്‍

*തെറ്റായ വിചാരങ്ങള്‍, അനാവശ്യ സംശയം, അസാധാരണമായ ചിന്തകള്‍.

*ഇല്ലാത്ത ഗന്ധവും രുചിയും അനുഭവപ്പെടുന്ന തോന്നൽ

*തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍

*സംശയകരമായ ചിന്തകളും പരസ്പര വിരുദ്ധവും ക്രമമില്ലാതെയുള്ള സംസാരവും

*ഓരോ സാഹചര്യങ്ങളിലും അനുയോജ്യമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള തടസ്സം

*ഒരു കാര്യത്തിലും താല്പര്യമില്ലായ്മ

*സംസാരിക്കാനുള്ള പ്രയാസം

കൗമാരക്കാരിൽ സ്കീസോഫ്രീനിയയുടെ സാധാരണ ലക്ഷണങ്ങൾ:

*സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും പിൻവലിയൽ

*സ്കൂളിലെ പ്രകടനത്തിലെ കുറവ്, പഠന കാര്യങ്ങളിൽ അസാധാരണമായ പിന്നാക്കാവസ്ഥ

*ഉറങ്ങുന്നതിൽ പ്രശ്‌നം

*അകാരണമായ ദേഷ്യം അല്ലെങ്കിൽ വിഷാദാവസ്ഥ

ചികിത്സ എങ്ങനെ?

വളരെ നേരത്തെ തിരിച്ചറിയുകയും കൃത്യമായി ചികിത്സ നൽകുകയും ചെയ്‌താൽ സ്കിസോഫ്രീനിയ ഭേദമാക്കാം. ഇതിനായി പ്രത്യേക തെറാപ്പികൾ ലഭ്യമാണ്. ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പിയും കൗണ്‍സെലിംഗ് പോലുള്ള ചികിത്സകളും ഈ അവസ്ഥയെ മറികടക്കാൻ ഫലപ്രദമാണ്. എന്നാൽ കുറഞ്ഞ കാലയളവിനുള്ളിൽ ഈ അവസ്ഥ മാറ്റിയെടുക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ മിക്കവർക്കും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടതായി വരും. എങ്കിൽ മാത്രമേ സാധാരണ ജീവിതത്തിലേയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ സാധിക്കൂ.

കൂടെയുണ്ടാകണം:

സ്കിസോഫ്രീനിയ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അവരെ പരിചരിക്കുന്നവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അവർക്ക് ഈ അസുഖത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ചികിത്സ പൂർണമാകൂ.

കൂടെയുള്ളവർ ശ്രദ്ധിക്കേണ്ടത് :

*രോഗികളില്‍ ആത്മഹത്യാപ്രവണതയുടെ എന്തെങ്കിലും സൂചനകള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ അറിയിക്കേണ്ടതാണ്.

*കുറ്റപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യാതെ ഊര്‍ജ്ജസ്വലതയോടെ ജീവിക്കാന്‍ പരിചാരകര്‍ രോഗികളെ പ്രേരിപ്പിക്കണം

*മരുന്നുകള്‍ കൃത്യമായി കഴിക്കാന്‍ രോഗികളെ പ്രേരിപ്പിക്കണം

* രോഗികളുടെ നല്ല പ്രവൃത്തികളെ അഭിനന്ദിക്കുകയും അത്തരം പ്രവൃത്തികള്‍ തുടര്‍ന്നും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും വേണം.

*അവരോട് തര്‍ക്കിക്കുന്ന വിധത്തില്‍ സംസാരിക്കരുത്.

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : know the signs and symptoms of schizophrenia
Malayalam News from malayalam.samayam.com, TIL Network

Exit mobile version