മേനകയ്ക്കും അരൂരിനും മെട്രോ സാധ്യത? ആലോചനകൾ നിരവധി, ആദ്യം അങ്കമാലി എന്ന നിലപാടിൽ കെഎംആ‍ർഎൽ

മേനകയ്ക്കും-അരൂരിനും-മെട്രോ-സാധ്യത?-ആലോചനകൾ-നിരവധി,-ആദ്യം-അങ്കമാലി-എന്ന-നിലപാടിൽ-കെഎംആ‍ർഎൽ
കൊച്ചി: കാക്കനാട് വഴി ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ പാത ഈ വർഷം അവസാനം നിർമാണം തുടങ്ങുകയാണ്. നിലവിൽ ആലുവ മുതൽ എസ്എൻ ജങ്ഷൻ വരെ സർവീസ് നടത്തുന്ന മെട്രോ കാക്കനാട്ടേക്കു കൂടി നീട്ടണമെന്ന ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ഇതോടെ, കൊച്ചിയുടെ പ്രധാന നഗരഭാഗങ്ങളിലേക്കെല്ലാം മെട്രോ ട്രെയിനുകൾ എത്തും. പശ്ചിമ കൊച്ചിയിലെ പ്രധാന ജനവാസമേഖലകളിലേക്ക് വാട്ടർ മെട്രോ കണക്ടിവിറ്റി യാഥാർഥ്യമാക്കാനായി വരുന്ന മാർച്ചോടുകൂടി ടെർമിനലുകളുടെ നിർമാണം പൂർത്തിയാക്കാനും പദ്ധതിയുണ്ട്. എന്നാൽ, കൊച്ചി മെട്രോയുടെ വികസനസാധ്യതകൾ ഇവിടംകൊണ്ടു തീരില്ല. എറണാകുളം ജില്ലയ്ക്കു പുറത്തേക്കുവരെ മെട്രോ നീട്ടണമെന്ന ആവശ്യം ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ട്.

നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജങ്ഷൻ വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. ഡിസംബറിൽ എസ്എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനടുത്തേക്ക് മെട്രോ നീളും. ഇതോടെ സ്റ്റേഷനുകളുടെ എണ്ണം 25 ആയി ഉയരും. ഇതോടൊപ്പം കലൂർ ജെഎൽഎൻ സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് വഴി ഇൻഫോപാർക്കിലേക്കുള്ള നിർമാണവും തുടങ്ങും. രണ്ടുവ‍ർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. വാഴക്കാല വഴി കാക്കനാട് കളക്ടറേറ്റ് ജങ്ഷനിലെത്തുന്ന പാത ചിറ്റേത്തുകര വഴിയാണ് ഇൻഫോപാർക്കിലേക്ക് കടക്കുക. ഈ പാതയിൽ മൊത്തം പത്ത് സ്റ്റേഷനുകളുമുണ്ടാകും. ഇതോടൊപ്പം മെട്രോയുടെ മൂന്നാംഘട്ട പദ്ധതിയുമായും മുന്നോട്ടുപോകുകയാണ് കെഎംആർഎൽ.

Aranmula boat race: ആറന്മുള ഉതൃട്ടാതി വള്ളം കളി കാഴ്ചകൾ

എയർപോർട്ടിലേക്ക് നീളുമോ മെട്രോ?

ആലുവയിൽനിന്ന് മെട്രോ പാത നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും അങ്കമാലിക്കും നീട്ടണമെന്ന് കാലങ്ങളായി ആവശ്യമുണ്ട്. ദേശീയപാത വഴി പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ നഗരത്തിലേക്ക് എത്തുന്ന മാർഗമാണിത്. കൂടാതെ, മെട്രോ വിമാനയാത്രക്കാർക്കും പ്രയോജനം ചെയ്യും. ആലുവയിൽനിന്ന് അത്താണി വരെ നിലവിലെ മെട്രോ പാത നീട്ടാനും അത്താണി ജങ്ഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് ഒരു ബ്രാഞ്ച് ലൈൻ നിർമിക്കാനുമാണ് മൂന്നാംഘട്ടത്തിൻ്റെ ഭാഗമായുള്ള ആലോചന. 20 കിലോമീറ്ററോളം വരുന്ന ആലുവ – അങ്കമാലി പാതയിൽ 14 സ്റ്റേഷനുകളുണ്ടാകും. അത്താണിയിൽ നിന്ന് വിമാനത്താവളത്തിലെ പുതിയ മൂന്നാം ടെർമിനൽ വരെ മെട്രോ പാത നിർമിക്കുന്നതിന് സാങ്കേതികതടസ്സങ്ങളൊന്നുമില്ല. ഒരു കിലോമീറ്ററിന് ഏകദേശം 200 കോടി രൂപയാണ് മെട്രോ നിർമാണത്തിനുള്ള ചെലവ്. ഈ നിരക്കിൽ നിക്ഷേപം നടത്തിയാലും വിമാനത്താവളപാതയിൽ വേണ്ടത്ര യാത്രക്കാരെ ലഭിക്കുമോ എന്ന ആശങ്ക പല വിദഗ്ധരും പങ്കുവെക്കുന്നുണ്ട്. നിലവിലുള്ള ആലുവ – എയർപോർട്ട് ഫീഡർ ബസ് സർവീസ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പല കോണുകളിൽനിന്നും അഭിപ്രായമുണ്ട്. വിമാനത്താവള പാത യാഥാർഥ്യമായില്ലെങ്കിലും ആലുവ – അങ്കമാലി പാത കെഎംആർഎലിൻ്റെ സജീവപരിഗണനയിലുണ്ട്. ഈ വഴി മെട്രോ പാത ഗിഫ്റ്റ് സിറ്റി പ്രത്യേക വ്യവസായമേഖലയിലേക്കും നീട്ടാനാകും.

കൊച്ചി മെട്രോ മൂന്നാംഘട്ട അലൈൻമെന്റ് മാപ്പ്: എയർപോർട്ടിനെയും ഗിഫ്റ്റ് സിറ്റിയെയും കണക്ട് ചെയ്യും പുതിയ പാത
കായലിനടിയിലൂടെ മെട്രോ വേണ്ട

മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി പച്ചാളത്തുനിന്ന് ഫോർട്ട് കൊച്ചി വരെ കായലിനടിയിലൂടെ തുരങ്കം നിർമിച്ച് മെട്രോ പാത നിർമിക്കാമെന്ന ആശയം
നാലുവർഷംമുൻപ് കേന്ദ്ര ഏജൻസിയായ യുഎംടിസി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ,15,000 കോടിയോളം വരുന്ന പദ്ധതി കൊച്ചി മെട്രോ തള്ളി. പകരം, ഇതിൻ്റെ ചെറിയൊരു ശതമാനം ചെലവിലാണ് വാട്ടർ മെട്രോ തയ്യാറാക്കി പശ്ചിമകൊച്ചിയെ ആകെ ബന്ധിപ്പിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ വൈറ്റിലയിൽനിന്നും ഹൈക്കോടതിയിൽ നിന്നും പശ്ചിമ കൊച്ചിയിലെ ദ്വീപുകളിലേക്ക് മെട്രോ നിലവാരത്തിൽ ബോട്ടുകൾ ഉണ്ടാകും.

വാട്ടർ മെട്രോ ചിറ്റൂരിലേക്ക്; രണ്ട് ബോട്ടുകളുമായി സർവീസ് ഉടൻ; വൈറ്റില – കാക്കനാട് റൂട്ടിൽ കൂടുതൽ സർവീസുകളും
മേനക വഴി ലൂപ്പ് ലൈൻ

കൊച്ചി മെട്രോ ആദ്യഘട്ടത്തെപ്പറ്റി പഠനം നടത്തിയ സമയത്ത് ഹൈക്കോടതിയും മേനകയും ബന്ധിപ്പിച്ചുള്ള പാത പരിഗണിച്ചിരുന്നു. എന്നാൽ എംജി റോഡ് വഴി മെട്രോ നിർമിക്കാൻ തീരുമാനിച്ചതോടെ തിരക്കേറിയ ഈ മേഖലകൾ മെട്രോ ശൃംഖലയ്ക്ക് പുറത്തായി. ഈ സാഹചര്യത്തിൽ, എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഹൈക്കോടതി വഴി മേനകയിലേക്കോ ബോട്ട് ജെട്ടിയിലേക്കോ ഒരു ലൂപ്പ് ലൈൻ നിർമിക്കണമെന്ന് ഗോശ്രീ ഐലൻഡേഴ്സ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഭാവിയിൽ പരിഗണിക്കാമെന്നാണ് കെഎംആ‍ർഎലിൻ്റെ നിലപാട്. രണ്ടര കിലോമീറ്റർ മാത്രം വരുന്ന ഈ പാതയ്ക്കുവേണ്ടി വലിയ മുതൽമുടക്ക് വേണ്ടിവന്നേക്കില്ല എന്ന മെച്ചമുണ്ട്. ഈ പാത യാഥാർഥ്യമായാൽ ഹൈക്കോടതി കവലയിൽ വാട്ടർ മെട്രോയും കൊച്ചി മെട്രോയും നേരിട്ടു ബന്ധിപ്പിക്കപ്പെടും. ബോട്ടുജെട്ടിയിൽ നിന്ന് ഈ പാത കിഴക്കോട്ടു നീട്ടി എറണാകുളം സൗത്ത് സ്റ്റേഷനുമായി ബന്ധിപ്പിക്കുകയുമാകാം.

തിരക്കേറിയ ബ്രോഡ്‍വേ മാർക്കറ്റിലേക്ക് എത്തുന്നവർ, മേനക ഭാഗത്തുള്ള വ്യാപാരികൾ, മറൈൻ ഡ്രൈവ് സന്ദർശിക്കാനെത്തുന്നവർ, ഫോർട്ട് കൊച്ചി, വൈപ്പിൻ മേഖലകളിൽനിന്നുള്ള സ്ഥിരം യാത്രക്കാർ തുടങ്ങിയവർക്കെല്ലാം ഈ പാത സഹായകമാകും. മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനും ഈ നീക്കം സഹായിച്ചേക്കും.

മെട്രോയ്ക്കും ബൈപ്പാസ്

നിലവിൽ ഇടപ്പള്ളിയിൽ നിന്നുള്ള യാത്രക്കാർക്ക് മെട്രോയിൽ വൈറ്റിലയിലേക്ക് എത്താൻ എംജി റോഡിലൂടെയുള്ള വളഞ്ഞ വഴി മാത്രമാണ് ശരണം. ഇത് ഏറെ സമയനഷ്ടമുണ്ടാക്കുന്നുണ്ട്. തിരക്കേറിയ ഇടപ്പള്ളി – പാലാരിവട്ടം – വൈറ്റില പാതയിൽ മെട്രോ എത്താൻ സാധ്യതയേറെയാണ്. ഈ ഭാഗത്ത് ദേശീയപാതാ അതോരിറ്റി ഉയരപ്പാത നിർമിക്കാനുള്ള നീക്കത്തിലാണ്. ഇതോടൊപ്പം മെട്രോ തൂണുകൾക്കുള്ള ഇടം കൂടി കണ്ടെത്തണമെന്ന ആവശ്യവും ജനപ്രതിനിധികൾ അടക്കം ഉയർത്തിയിട്ടുണ്ട്. ഈ പാത യാഥാർഥ്യമായാൽ അരൂരിൽ നിന്ന് ആരംഭിച്ച്, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി വഴി ചേരാനല്ലൂരിലേക്കോ വരാപ്പൂഴയിലേക്കോ മെട്രോ എത്തിക്കാനാകും. അരൂർ വഴി ചേർത്തല വരെ മെട്രോ നീട്ടാൻ സംസ്ഥാന സർക്കാരിനും താത്പര്യമുണ്ട്. അതേസമയം, ഈ പാത സംബന്ധിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല. അരൂരിലേക്ക് മെട്രോ നീട്ടിയാൽ ജില്ലയ്ക്ക് പുറത്തൊരു മെട്രോ സ്റ്റേഷൻ എന്ന സവിശേഷതയുമുണ്ടാകും.

ആൽബിൻ കുര്യൻ നെ കുറിച്ച്

ആൽബിൻ കുര്യൻ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

സമയം മലയാളം വാർത്താ പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ആൽബിൻ കുര്യൻ. ആറു വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമായ ആൽബിൻ രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം ബിരുദാന്തര ഡിപ്ലോമ നേടി. പത്ത് വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ആൽബിൻ മുൻപ് പബ്ലിക് റിലേഷൻസ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.Read More

Exit mobile version