പരീക്ഷിച്ച് വിജയിച്ച മാർഗ്ഗം; താരനും മുടികൊഴിച്ചിലും മാറാൻ ഉലുവാ വെള്ളം

പരീക്ഷിച്ച്-വിജയിച്ച-മാർഗ്ഗം;-താരനും-മുടികൊഴിച്ചിലും-മാറാൻ-ഉലുവാ-വെള്ളം
താരൻ, മുടി കൊഴിച്ചിൽ – ഇവ രണ്ടുമായിരിക്കും മുടിയുമായി ബന്ധപ്പെട്ട് പല ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത്. തലയിലെ താരൻ സ്വാഭാവികമായും മുടി കൊഴിച്ചിലിലേയ്ക്കും നയിക്കും. താരൻ അകറ്റാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ മുടി കൊഴിച്ചിലിന് ഫലപ്രദമാകില്ല. നേരെ തിരിച്ചും. ഇവ രണ്ടിനും ഒരു ഉൽപ്പന്നം കൊണ്ട് പരിഹാരം കാണാം എന്നൊക്കെ ഉറപ്പ് നൽകി വിപണിയിലെത്തുന്ന ഉല്പന്നങ്ങളാകട്ടെ, ദീർഘകാലത്തേക്ക് ഫലം നൽകുന്നുമില്ല. മാത്രവുമല്ല, ഇത്തരം ഉൽപ്പന്നങ്ങൾ ദീർഘനാൾ ഉപയോഗിക്കുന്നത് വഴി അവയിലെ രാസപദാർത്ഥങ്ങൾ മുടിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും.

വീട്ടിലെ പൊടിക്കൈകൾ

വീട്ടിലെ പൊടിക്കൈകൾ

മുടിയുടെ അഴകിനും ആരോഗ്യത്തിനും എപ്പോഴും നല്ലത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ്. അത്തരത്തിൽ നമുക്ക് പരീക്ഷിക്കാവുന്ന പല ഹെയർ മാസ്കുകളും എണ്ണകളുമൊക്കെയുണ്ട്. ഹെയർ മാസ്കുകളുടെ ഉപയോഗം നല്ലതാണെങ്കിലും ഒന്നിലധികം ചേരുവകൾ ചേർത്ത് തയ്യാറാക്കിയെടുക്കണമെന്നതിനാൽ പലർക്കും ഇതൊരു മെനക്കേടാണ്.

എന്നാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ താരൻ, മുടി കൊഴിച്ചിൽ എന്നീ രണ്ട് പ്രശ്നങ്ങളെയും ഒരുപോലെ നേരിടാൻ സാഹായിക്കുന്ന ഒരു സൂപ്പർ വിദ്യയുണ്ട്. ഉപയോഗിച്ച് വിജയിച്ച ഈ മാർഗ്ഗം നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്.

വേണ്ടത് ഈ ഒരൊറ്റ ചേരുവ

ഇതിനായി വേണ്ടത് ഒരുപിടി ഉലുവാ മാത്രമാണ്. മിക്ക അടുക്കളകളിലും എപ്പോഴും ഉണ്ടാകുന്ന ഉലുവ പാചകത്തിലെ സ്ഥിരം സാന്നിധ്യമാണ്. ഉലുവാ ചേർക്കാത്ത ഒരു മീൻ കറിയെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന ഉലുവ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ ഇതുകൊണ്ട് പല സൗന്ദര്യ സംരക്ഷണ വിദ്യകളുമുണ്ട്. അത്തരത്തിലൊന്നാണ് മുടിയിൽ ഉലുവ ഉപയോഗിക്കുന്നത്.

ചെയ്തത് ഇത്രമാത്രം

പല സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരുമൊക്കെ ഇതിനെക്കുറിച്ച് വാ തോരാതെ പറയുമെങ്കിലും അതൊക്കെ ശ്രദ്ധ ആകർഷിക്കാനുള്ള കാര്യം മാത്രമായാണ് ആദ്യം കരുതിയത്. വെറും ഉലുവ മാത്രമല്ലേ, എന്നാലൊന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാണ് ഉപയോഗം തുടങ്ങിയത്.

ഒരു പിടി ഉലുവ ഒരു പാത്രത്തിലെടുത്ത് രണ്ടുമൂന്ന് തവണ കഴുകിയെടുക്കുക. അതിന് ശേഷം ഉലുവ മുങ്ങുന്ന അത്രയും വെള്ളത്തിൽ 8 – 10 മണിക്കൂറെങ്കിലും ഇത് കുതിർത്ത് വെയ്ക്കുക. ഞാൻ സാധാരണ രാവിലെയാണ് ഇങ്ങനെ കുതിർക്കാണ് വെയ്ക്കുക. വൈകുന്നേരമാകുമ്പോഴേയ്ക്കും വെള്ളം ഇളം മഞ്ഞ നിറത്തിൽ ആയിട്ടുണ്ടാകും. രാത്രി ഉലുവ കുതിർത്ത് അടുത്ത ദിവസം രാവിലെ ഉപയോഗിക്കാനാണ് സൗകര്യമെങ്കിൽ അങ്ങനെയും ചെയ്യാം.

ഉലുവ വെള്ളം

ഉലുവ മാറ്റി ഈ വെള്ളം മാത്രമായി ഒരു സ്പ്രേ ബോട്ടിലിലേയ്ക്കോ അല്ലെങ്കിൽ മറ്റൊരു പാത്രത്തിലേയ്ക്കോ എടുക്കുക. ഇനി ഈ വെള്ളം തലയോട്ടിട്ടിലേയ്ക്ക് സ്പ്രേ ചെയ്ത് കൊടുക്കാം. മുടിയിഴകൾ വകഞ്ഞ് വേണം ശിരോചർമ്മത്തിൽ സ്പ്രേ ചെയ്യാൻ. ഇനി സ്പ്രേ ബോട്ടിൽ ഇല്ലെങ്കിൽ ഒരു പാത്രത്തിൽ എടുത്ത ഉലുവാ വെള്ളത്തിൽ വിരലുകൾ മുക്കി നനച്ച് തലയോട്ടിയിൽ മസ്സാജ് ചെയ്ത് കൊടുക്കുക. അങ്ങനെ ശിരോചർമ്മത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ഈ വെള്ളം തേച്ച് പിടിപ്പിച്ച ശേഷം ഒരു അഞ്ച് മിനിറ്റ് വളരെ മൃദുവായി ഒന്ന് മസ്സാജ് ചെയ്ത് കൊടുക്കണം. ഇങ്ങനെ മസ്സാജ് ചെയ്യുമ്പോൾ കുറച്ച് മുടിയൊക്കെ ഊരിപ്പോരുന്നത് സ്വാഭാവികമാണ്. അതോർത്ത് ടെൻഷൻ വേണ്ട. അതിന് ശേഷം ഒരു അര മണിക്കൂർ കഴിയുമ്പോൾ മുടി സാധാരണ വെള്ളത്തിൽ കഴുകാം. ഉലുവ വെള്ളം മുടിയിൽ നിന്ന് ദുർഗന്ധമൊന്നും ഉണ്ടാകാത്തതിനാൽ മുടി കഴുകുമ്പോൾ ഷാംപൂ ഒഴിവാക്കാം. അതുകൊണ്ട് പച്ചവെള്ളത്തിൽ നല്ലതുപോലെ ഒന്ന് കഴുകിയെടുത്താൽ മാത്രം മതി.

എല്ലാ ദിവസവും വേണോ?

വേണ്ട. ആഴ്ചയിൽ ഒരു മൂന്ന് ദിവസമായി ചെയ്യാം. അതായത് ആഴ്ചയിൽ എത്രതവണ മുടി കഴുകുന്നുണ്ട് എന്നത് കണക്കാക്കി ചെയ്യുന്നതാകും നല്ലത്. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി മുടി കഴുകുമ്പോൾ അതിന് ഏകദേശം അര മണിക്കൂർ മുമ്പായി ഈ വെള്ളം സ്പ്രേ ചെയ്യുന്ന രീതിയാണ് ഞാൻ സ്വീകരിച്ചത്. ഇത് ആഴ്ചയിൽ മൂന്ന് തവണ വെച്ച് ഒരു മാസത്തോളം ചെയ്തപ്പോൾ തന്നെ വ്യത്യാസം കണ്ടുതുടങ്ങി. മുടി കൊഴിച്ചിൽ ഗണ്യമായി കുറഞ്ഞു എന്ന് മാത്രമല്ല, താരൻ ഇളകി മുടിയിൽ അങ്ങിങ്ങായി കാണുന്നതൊക്കെ അപ്രത്യക്ഷമായി തുടങ്ങി.

ദിവസം മുഴുവൻ വെച്ചാൽ

ഉലുവാ വെള്ളം മുടിയിൽ ഉപയോഗിക്കുന്നത് ഫലം നൽകും. പക്ഷെ എത്ര നേരം ഈ വെള്ളം മുടിയിൽ വെക്കുന്നു എന്നതിലുമുണ്ട് കാര്യം. ചില ആളുകൾ ഉലുവാവെള്ളം മുടിയിൽ പുരട്ടി ഒരു ദിവസം മുഴുവൻ അങ്ങനെ വിടാറുണ്ട്. അങ്ങനെ ചെയ്ത് നോക്കിയപ്പോൾ മുടി കൊഴിച്ചിൽ കൂടുന്നത് പോലെയാണ് തോന്നിയത്. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ വരെ ഇത് മുടിയിൽ വെച്ച് കഴുകി കളയാൻ തുടങ്ങിയപ്പോൾ കൂടുതൽ ഫലം കിട്ടി തുടങ്ങി. താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളേയും അലട്ടുന്നുണ്ടെങ്കിൽ ഈ രീതി ഒന്ന് പരീക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കുക, കേവലം ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചതുകൊണ്ട് ഫലം കിട്ടില്ല. കൂടുതൽ ഗുണങ്ങൾ കണ്ടുതുടങ്ങണമെങ്കിൽ രണ്ട് മാസമെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്.

അനിറ്റ് നെ കുറിച്ച്

അനിറ്റ് സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ

മാധ്യമപ്രവർത്തന രംഗത്ത് ഒൻപത് വർഷത്തിലേറെ പ്രവർത്തന പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരിജ്ഞാനം. വാർത്താ അവതാരകയായി തുടക്കം. ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ പൂർണ്ണമായും പ്രയോജനപ്പെടുത്താനായി കരിയറിലെ ചുവടുമാറ്റം. ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ള എഴുത്തുകളോട് പ്രിയം. വൈകാരിക തലത്തിൽ വായനക്കാരോട് സംവദിക്കുന്ന തരത്തിലുള്ള രീതിയിൽ സ്ത്രീകളടക്കമുള്ള സാധാരണക്കാരുടെ ശബ്ദമാകാൻ ഊർജ്ജം നൽകുന്ന എഴുത്ത്. എഴുത്തിന് പ്രചോദനമാകുന്ന യാത്രകൾ, ഇതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ. എഴുത്തും യാത്രകളും മാറ്റി നിർത്തിയാൽ സിനിമകളോട് ഏറെ ഇഷ്ടം.Read More

Exit mobile version