തിരുവോണം ബമ്പർ വിൽപന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. പിന്നീടിങ്ങോട്ടുള്ള ഓരോദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ ഭാഗ്യാന്വേഷികളുടെ കൈകളിലേക്കെത്തി. ഇന്നലെമാത്രം രണ്ടരലക്ഷം ടിക്കറ്റ് വിറ്റെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെയാണ് ഓണം ബമ്പർ വിൽപന 44.5 ലക്ഷത്തിലേക്കെത്തിയത്.
Puthuppally Byelection: ചാണ്ടി ഉമ്മൻ മികച്ച ഭൂരിപക്ഷം നേടി വിജയിക്കും – പിഎംഎ സലാം
ആദ്യം 30 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കെത്തിച്ചതെങ്കിലും ഡിമാൻഡ് ഉയർന്നതോടെ 20 ലക്ഷം ടിക്കറ്റുകൾകൂടി എത്തിച്ച് 50 ലക്ഷമാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം ടിക്കറ്റുകൾകൂടി അച്ചടിച്ച് വിൽപനയ്ക്കായി എത്തിച്ചുകഴിഞ്ഞു. ആവശ്യം വരികയാണെങ്കിൽ 10 ലക്ഷം ടിക്കറ്റുകൾകൂടി അച്ചടിക്കാനും ഭാഗ്യക്കുറി വകുപ്പ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞവർഷം 66.5 ലക്ഷം ടിക്കറ്റുകളായിരുന്നു കേരള ലോട്ടറി വകുപ്പ് വിറ്റിരുന്നത്. ഇത്തവണ 90 ലക്ഷം ടിക്കറ്റുവരെ വിൽപനയ്ക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 രൂപയാണ് ഓണം ബമ്പർ ടിക്കറ്റ് വില. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടിവീതം 20 പേർക്കും ലഭിക്കും.
ആകെ 5,34,670 സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 3,97,911 ആയിരുന്നു. തിരുവോണം ബമ്പറിന്‍റെ മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പറുകൾക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം പത്തുപേർക്കാണ് സ്വന്തമാക്കാനാകുക. അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം പത്തുപേർക്കുണ്ട്. 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 125.54 കോടിയാണ് ആകെ സമ്മാനത്തുക. ഇത്തവണ വിൽപ്പനക്കാരുടെ കമീഷനും വർധിപ്പിച്ചിട്ടുണ്ട്.