കണ്ണൂർ ജില്ലയിൽ മാത്രം 126 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. രണ്ടു റീച്ചുകളിലായിട്ടായിരുന്നു നിർമാണം. ചെറുപുഴമുതൽ വള്ളിത്തോടുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും, വള്ളിത്തോടുമുതൽ മണത്തണവരെ ഇരിക്കൂർ കൺസ്‌ട്രക്ഷൻസുമാണ് റോഡ് നിർമ്മിച്ചത്. 12 മീറ്റർ വീതിയുള്ള റോഡിൽ ഏഴുമീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങാണ് നടത്തിയത്.
ചെറുപുഴ, ആലക്കോട്, നടുവിൽ, പായം, ഏരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലൂടെയാണ് കണ്ണൂർ ജില്ലയിലെ മലയോര ഹൈവേ കടന്നുപോകുന്നത്. വിമാനത്താവള റോഡിന്‍റെ ഭാഗമായതിനാൽ മണത്തണമുതൽ അമ്പായത്തോടുവരെ താൽക്കാലിക പ്രവൃത്തിയേ നടത്തിയിട്ടുള്ളൂ.
മലയോര മേഖലലയിൽനിന്ന് മലഞ്ചരക്ക്, സുഗന്ധദ്രവ്യ വ്യാപരമേഖലയിൽ പുത്തനുണർവുണ്ടായി. പുതിയ വ്യവസായസംരഭങ്ങളും ആരംഭിച്ചു. ടൂറിസത്തിന്‍റെ സാധ്യതയും ഉയർന്നതോടെ ജനങ്ങളുടെ ജീവിതമാകെ മാറിയിരിക്കുകയാണ്.
ഇടുക്കി ജില്ലയിലും മലയോര ഹൈവേ നിർമാണം പുരോഗമിക്കുകയാണ്. കുട്ടിക്കാനം – ചപ്പാത്ത് ഒന്നാം റീച്ചിന്‍റെ നിർമാണം നേരത്തെ പൂർത്തിയായിട്ടുണ്ട്. ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള രണ്ടാം റീച്ച് നിർമാണം പുരോഗമിക്കുകയാണ്. കിഫ്ബിയിൽനിന്ന് 90.34 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് ഒന്നാം റീച്ചിലെ 18.3 കിലോമീറ്റർ ദൂരം നിർമാണം നടത്തിയത്.
രണ്ടാം റീച്ചിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെ 21 കിലോമീറ്ററാണുള്ളത്. ചപ്പാത്ത് – മേരികുളം, മേരികുളം – നരിയമ്പാറ, നരിയമ്പാറ – കട്ടപ്പന എന്നിങ്ങനെ മൂന്നു ഘട്ടമായാണ് നിർമാണം. 92.93 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചപ്പാത്ത് – കട്ടപ്പന വരെയുള്ള റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് അവസാനം മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുക്കിയിട്ടുണ്ട്. ബസുകള്‍ ഒഴികെയുള്ള വാഹനങ്ങളാണ് വഴിതിരിച്ചുവിടുന്നത്.
ഇടുക്കി – തങ്കമണി – തൊടുപുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം – ലബ്ബക്കട റോഡ് വഴി ലബ്ബക്കട എത്തി യാത്ര തുടരണം. വെള്ളിലാംങ്കണ്ടം – കല്‍ത്തൊട്ടി – കാഞ്ചിയാര്‍ വഴി കക്കാട്ടുകടയില്‍ എത്തി കക്കാട്ടുകട – സുവര്‍ണ്ണഗിരി – വെള്ളയാംകുടി – നത്തുകല്ല് റോഡ് വഴി വെള്ളയാംകുടിയില്‍ എത്തിയും യാത്ര തുടരാം.
കോട്ടയം ഭാഗത്ത് നിന്നും കട്ടപ്പന, നെടുംങ്കണ്ടം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളിലാംങ്കണ്ടം ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു വെള്ളിലാംങ്കണ്ടം – കല്‍ത്തൊട്ടി – നരിയംപാറ – മൂലേക്കട – വള്ളക്കടവ് റോഡ് വഴി വള്ളക്കടവില്‍ എത്തി യാത്ര തുടരുകയാണ് വേണ്ടത്.