Sumayya P | Samayam Malayalam | Updated: 11 Jun 2021, 08:55:22 AM
ദ്വീപ് സമൂഹത്തിന്റെ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ഒരു നിലയ്ക്കും അപകടപ്പെടുത്താത്ത രീതിയിലായിരിക്കും പാലത്തിന്റെ നിര്‍മാണം.
നിര്‍മാണ കരാര്‍ ഗ്രീക്ക് കമ്പനിക്ക്
കടലിലെ നിര്‍മാണ പ്രവര്‍ത്തികളില്‍ അഗ്രഗണ്യരായ ആര്‍ക്കിറൊഡോണ്‍ എന്ന ഗ്രീക്ക് കോണ്ട്രാക്റ്റിംഗ് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല. വിവിധ ദ്വീപു സമൂഹങ്ങളെ ചെങ്കടല്‍ തീരവുമായി ബന്ധിപ്പിക്കുന്ന 3.3 കിലോമീറ്റര്‍ ക്രോസിംഗിന്റെ ഭാഗമായാണ് അതിനൂതനവും പ്രകൃതി സൗഹൃദവുമായ ഡിസൈനില്‍ പാലം നിര്‍മിക്കുന്നത്. ശുറൈറ പാലത്തിന്റെ നിര്‍മാണത്തോടെ റെഡ് സീ ടൂറിസം പദ്ധതിയുടെ ഒരു പ്രധാന ഘട്ടം പൂര്‍ത്തിയാവുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമായി 20 ബില്യണ്‍ റിയാലിന്റെ നൂറു കണക്കിന് കരാറുകള്‍ കമ്പനി നല്‍കുമെന്നും ജോണ്‍ പഗാനോ പറഞ്ഞു.
പ്രകൃതിയെ സംരക്ഷിച്ച് പദ്ധതി നടപ്പിലാക്കും
ടൂറിസത്തെയും പ്രകൃതി സംരക്ഷണത്തെയും പരസ്പരം കോര്‍ത്തിണക്കി കൊണ്ടുപോവുന്ന രീതിയാണ് ചെങ്കടല്‍ ടൂറിസം പദ്ധതി അനുവര്‍ത്തിക്കുന്നതെന്നും പഗാനോ വ്യക്തമാക്കി. വലിയ കടല്‍ ജീവികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയായിരിക്കും പാലത്തിന്റെ നിര്‍മാണം. ദ്വീപ് സമൂഹത്തിന്റെ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ഒരു നിലയ്ക്കും അപകടപ്പെടുത്താത്ത രീതിയിലായിരിക്കും പാലത്തിന്റെ നിര്‍മാണം. പൈലിംഗ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ കടലില്‍ കലരാതിരിക്കുന്നതിനുള്ള പഴുതടച്ച സംവിധാനങ്ങളാണ് നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ദ്വീപുസമൂഹത്തിലെ സങ്കീര്‍ണമായ ആവാസ വ്യവസ്ഥയ്ക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിലായിരിക്കും പാലത്തിന്റെ ഡിസൈനെന്ന് ആര്‍ക്കിറൊഡോണ്‍ ഗ്രൂപ്പ് സിഇഒ ഡെന്നിസ് കരാപിപെറിസ് പറഞ്ഞു.
ആദ്യഘട്ടം അടുത്ത വര്‍ഷാന്ത്യത്തോടെ
ചെങ്കടലിലെ 90ലേറെ വരുന്ന ദ്വീപു സമൂഹങ്ങളില്‍ 22 എണ്ണത്തില്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുറൈറ ദ്വീപ് സമൂഹങ്ങള്‍. ബാക്കി ദ്വീപുകളെ അതേരീതിയില്‍ നിലനിര്‍ത്താനാണ് പദ്ധതി. 2022 അവസാനത്തോടെ ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളവും ഹോട്ടലുകളും യാഥാര്‍ഥ്യമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതോടെ ചെങ്കടല്‍ ടൂറിസം പദ്ധതി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. 2023ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 16 ആഢംബര ഹോട്ടലുകള്‍ നിര്‍മിക്കാനാണ് പദ്ധതി. സൗദിയുടെ അഭിമാന പദ്ധതിയായി വിലയിരുത്തപ്പെടുന്ന റെഡ് സീ പ്രൊജക്ടിനായി 2023 ആകുമ്പോഴേക്കും 3000 കോടി റിയാല്‍ ചെലവാണ് കണക്കാക്കപ്പെടുന്നത്. 2030ല്‍ റെഡ് സീ ടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നതോടെ 8000 മുറികളുള്ള 50 ഹോട്ടലുകളും 1300 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും ഇവിടെ ഒരുങ്ങും.
സൗദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതി
സൗദി അറേബ്യയെ ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ചെങ്കടല്‍ ടൂറിസം പദ്ധതി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതി കൂടിയാണിത്. ഒന്നാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ വര്‍ഷത്തില്‍ മൂന്ന് ലക്ഷം വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുടെ സിഇഒ ജോണ്‍ പഗാനോ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇത് 10 ലക്ഷത്തോളമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ വിനോദ സഞ്ചാരികള്‍ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെങ്കടലിനോടു ചേര്‍ന്നു കിടക്കുന്ന ദ്വീപുകള്‍ക്കു ചുറ്റം പവിഴപ്പുറ്റുകള്‍ക്കും കടല്‍ സസ്യങ്ങള്‍ക്കും ഇടയിലൂടെ ഡൈവിംഗ് ആസ്വദിക്കാനും മേഖലയിലെ പ്രകൃതി ഭംഗിയും പൈതൃക കേന്ദ്രങ്ങളും അനുഭവിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. ബോട്ടുകളും സീപ്ലെയ്നുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
റെഡ് സീ പ്രൊജക്ട് 34,000 ചതുരശ്ര കിലോമീറ്ററില്‍
പടിഞ്ഞാറന്‍ തീരമേഖലയിലെ അതി വിസ്തൃതമായ പ്രദേശത്താണ് ചെങ്കടല്‍ പദ്ധതി ആരംഭിക്കുന്നത്. മദാഇന്‍ സ്വാലിഹ് ഉള്‍പ്പെടെയുള്ള പൈതൃക കേന്ദ്രങ്ങള്‍, പടിഞ്ഞാറന്‍ പര്‍വത നിരകള്‍, സംരക്ഷിത പ്രകൃതി മേഖലകള്‍, നിര്‍ജീവമായ അഗ്നിപര്‍വതങ്ങള്‍, കടല്‍ത്തീരങ്ങള്‍, ദ്വീപുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വിനോദ സഞ്ചാരപദ്ധതി. പ്രധാന തുറമുഖ നഗരമായ യാമ്പുവിന് വടക്ക് ഉംലജ് മുതല്‍ അല്‍വജ് വരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി പ്രദേശം. ഇതിനായി തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്ററോളം കടല്‍ത്തീരം അത്യാധുനിക രീതിയില്‍ വികസിപ്പിച്ചെടുക്കും. പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 34,000 ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടല്‍ത്തീരത്ത് നിന്ന് അധികം അകലെയല്ലാതെ വ്യാപിച്ചു കിടക്കുന്ന ദ്വീപുകളില്‍ ടൂറിസ്റ്റുകള്‍ക്കായി റിസോര്‍ട്ടുകളും ഉല്ലാസ കേന്ദ്രങ്ങളും സ്ഥാപിക്കും. പ്രത്യേക വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍, ആഢംബര റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia to build 12km bridge to red sea island
Malayalam News from malayalam.samayam.com, TIL Network