വീടിന് ഭംഗി കൂട്ടാൻ നാം ചെറുതും വലുതുമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. ലിവിങ് റൂം ആയാലും ബെഡ് റൂം ആയാലും ഇവയുടെ ഭംഗി അത് നാം എങ്ങനെ ഒരുക്കിയിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ചെറിയ സ്ഥലത്തെ മനോഹരമായി ഒരുക്കൂ ഇങ്ങനെ
ഹൈലൈറ്റ്:
- ചെറിയ സ്ഥലം എങ്ങനെ മനോഹരമാക്കാം?
- വീട് ഒരുക്കുമ്പോൾ ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകാം
തറ വൃത്തിയായി സൂക്ഷിക്കാം:
സ്ഥലം ഏതാണെങ്കിലും അതിന്റെ തറയിൽ എല്ലാ വസ്തുക്കളും നിരത്തിയിടുന്നത് അഭംഗിയുണ്ടാക്കും. മാത്രമല്ല, അത്രയും സ്ഥലം ആവശ്യത്തിന് ഉപയോഗിക്കാനാകാതെ നഷ്ടമാകുകയും ചെയ്യും. ചെറിയ വിസ്‌തീർണമുള്ള സ്ഥലങ്ങളിൽ നടക്കാൻ പോലുമാകാത്ത വിധം സാധനങ്ങൾ നിരത്തുന്നത് വലിയ പ്രയാസമുണ്ടാക്കും. ഈ പ്രശ്നം ഒഴിവാക്കാൻ ഫർണിച്ചറുകൾ ഒതുക്കി മാത്രം വെക്കുന്നതാണ് നല്ലത്.
ഫോൾഡിങ് ഫർണിച്ചർ ഉപയോഗിക്കുക:
എത്ര ചെറിയ വീടാണെങ്കിലും ഫർണിച്ചറുകൾ അത്യാവശ്യമാണ്. എന്നാൽ എല്ലായ്പ്പോഴും അവ ഉപയോഗിക്കുകയുമില്ല. അങ്ങനെയെങ്കിൽ ഉപയോഗിക്കാത്ത സമയങ്ങളിൽ അവ മടക്കി സൂക്ഷിക്കുകയല്ലേ നല്ലത്. ചുമരിനോട് ബന്ധിപ്പിച്ച മേശയും കസേരകളും പ്രത്യേകം തിരഞ്ഞെടുത്തു ഉപയോഗിക്കാം. ആവശ്യ സമയത്ത് നിവർത്തുകയും അല്ലാത്ത സമയങ്ങളിൽ ചുമരിലേയ്ക്ക് തന്നെ ഒതുക്കി വെയ്ക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഫർണിച്ചറുകൾ ഉപയോഗിക്കാത്ത സമയങ്ങളിൽ നിങ്ങൾക്ക് തറ പൂർണമായും ഉപയോഗിക്കാം.
ലൈറ്റിങ് ശ്രദ്ധിക്കാം:
ചെറിയ സ്ഥലങ്ങളിൽ ഇടുങ്ങിയ വിൻഡോകൾ സ്ഥാപിച്ചാൽ ആവശ്യത്തിന് വെളിച്ചം ലഭിക്കാൻ തടസമുണ്ടാകും. ഇരുണ്ട വെളിച്ചത്തിൽ റൂമുകൾ കൂടുതൽ മങ്ങിയതായി അനുഭവപ്പെടും. അതിനാൽ ചെറിയ ഇടങ്ങളിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന തരത്തിൽ വിൻഡോകൾ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. റൂഫുകളിൽ മനോഹരമായ ലൈറ്റുകൾ സ്ഥാപിക്കുന്നതും കൂടുതൽ ആകർഷണീയത പകരും. ഗാർഡൻ ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ?
കണ്ണാടികൾ സ്ഥാപിക്കാം:
മുറിയിൽ ആവശ്യമായ പ്രകൃതിദത്ത പ്രകാശം ലഭിക്കാൻ സാധ്യതയില്ലങ്കിൽ മുറിയിലുടനീളം കണ്ണാടികൾ സ്ഥാപിക്കുന്നതിലൂടെ പരമാവധി പ്രയോജനം ലഭിക്കും. വിസ്തീർണം കുറഞ്ഞ സ്ഥലത്തെ കൂടുതലായി തോന്നിപ്പിക്കാൻ കണ്ണാടിയുടെ ഉപയോഗം സഹായിക്കും. പല ആകൃതിയിലുള്ള കണ്ണാടികൾ ഉപയോഗിക്കുന്നത് വീടകങ്ങളെ കൂടുതൽ മനോഹരമാക്കും.
ചുമരുകൾ കളറാക്കാം:
ഇടുങ്ങിയ മുറികൾ കൂടുതൽ വ്യാപ്തി തോന്നിക്കാൻ പ്രസന്നതയുള്ള ഇളം നിറങ്ങൾ ഉപയോഗിക്കാം. ചുമരുകളിൽ ഇരുണ്ട നിറങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഇടുങ്ങിയതായി തോന്നും. അതിനാൽ കടും നിറങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. കണ്ണിനും മനസിനും സന്തോഷം നൽകുന്ന നിറങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം.
മൾട്ടി പർപ്പസ് ഫർണിച്ചറുകൾ ഉപയോഗിക്കാം:
രണ്ടോ അതിലധികമോ ഉപയോഗമുള്ള ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് ഇടുങ്ങിയ മുറികൾക്ക് കൂടുതൽ അനുയോജ്യമാണ്. രാത്രി സമയത്ത് ബെഡ് ആയും പകൽ അതിഥികൾക്കുള്ള ഇരിപ്പിടമായും രൂപമാറ്റം വരുത്താവുന്ന തരത്തിലുള്ള ഫർണിച്ചറുകൾ ഏറെ ഉപകാരപ്രദമാണ്. ബെഡിന്റെ വശങ്ങളിൽ ഷെൽഫുകൾ നിർമിച്ചാൽ വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ സൂക്ഷിക്കുന്നതിനുള്ള സ്ഥലമായി ഇത് ഉപയോഗിക്കാം. സാധനങ്ങൾ വലിച്ചു വാരി ഇടാതെ വളരെ വൃത്തിയായി സൂക്ഷിക്കാൻ ഇത് സഹായിക്കും.
സ്ഥലമറിഞ്ഞു സാധങ്ങൾ വാങ്ങാം:
നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ വ്യാപ്തിയോട് യോജിക്കുന്ന തരത്തിലുള്ള ഫർണിച്ചറുകൾ വേണം തിരഞ്ഞെടുക്കാൻ. സാധാരണ വലിയ മേശകളും മറ്റു ഫർണിച്ചറുകളും ഇടുങ്ങിയ മുറികളിൽ നിരത്തുന്നത് അഭംഗിയും അസൗകര്യവുമുണ്ടാക്കും. അതിനാൽ ആവശ്യത്തിന് ഉപകരിക്കുന്ന വലിപ്പം കുറഞ്ഞ വസ്തുക്കൾ മാത്രം തിരഞ്ഞെടുക്കൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : interior design ideas for small house
Malayalam News from malayalam.samayam.com, TIL Network