കൊച്ചി: കല്യാണം കഴിഞ്ഞ് ഗള്‍ഫിലേക്കു പോയ ഇത്താത്ത നാട്ടിലേക്കു വരുമ്പോള്‍ സോനം സമ്മാനമായി ആവശ്യപ്പെട്ടത് ‘അറേബ്യന്‍ കുനാഫ’യാണ്. ‘കുനാഫയോ, അതെന്തു കുന്തം’ എന്ന് അദ്ഭുതപ്പെട്ട ഇത്താത്ത അനുജത്തിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയറിയിറങ്ങി. പക്ഷേ, സാധനം കണ്ടില്ല. ഒടുവില്‍ നാട്ടിലേക്കു പോരുന്നതിന്റെ തലേ ദിവസം ഇത്താത്ത സാധനം സംഘടിപ്പിച്ചു. ഗൂഗിളില്‍ പാചകക്കുറിപ്പ് തിരഞ്ഞു കണ്ടുപിടിച്ച്, അറേബ്യന്‍ സ്റ്റൈലില്‍ കുനാഫ തയ്യാറാക്കുമ്പോള്‍ സോനം കരുതിയില്ല, അതു തങ്ങളുടെ ഭാവി മാറ്റി മറിക്കുമെന്ന്. കുനാഫ ഹിറ്റായതോടെ വീട്ടില്‍നിന്ന് സുഹൃത്തുക്കളിലേക്കും പിന്നെ മറ്റുള്ളവരിലേക്കും സഞ്ചരിച്ചു. ഇന്ന് ‘കുനാഫ’യും ‘ബക്ലാവ’യും അടക്കമുള്ള അറേബ്യന്‍ വിഭവങ്ങളുടെ റാണിമാരാണ് ഈ ഇത്താത്തയും അനുജത്തിയും.
എളമക്കര സ്വദേശികളായ സനം സഫീദും അനുജത്തി സോനം സഫീദും ഇപ്പോള്‍ യു.എ.ഇ.യില്‍നിന്നും ഈജിപ്തില്‍നിന്നുമൊക്കെ ചേരുവകള്‍ എത്തിച്ച് അറേബ്യന്‍ വിഭവങ്ങളുടെ വലിയൊരു ലോകമാണ് കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ സൃഷ്ടിക്കുന്നത്.
രുചിയുടെ അദ്ഭുതങ്ങള്‍
എന്‍ജിനീയറിങ് പഠിച്ച സനവും ബി.കോം കഴിഞ്ഞ സോനവും അറേബ്യന്‍ രുചിയുടെ സാധ്യതകള്‍ തേടിപ്പിടിച്ചു. ”വീട്ടില്‍ ഉമ്മ സജ്നയുടെ സഹായത്തോടെയാണ് ആദ്യം കുനാഫ തയ്യാറാക്കിയിരുന്നത്. പപ്പ സഫീദും പരീക്ഷണങ്ങള്‍ക്ക് പിന്തുണയേകി. ആദ്യമായി കുനാഫ ഉണ്ടാക്കിയപ്പോള്‍ സ്റ്റോറിയായി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു. അതോടെ പല ഭാഗത്തുനിന്നും വിളി വന്നുതുടങ്ങി. ആവശ്യക്കാര്‍ കൂടിയതോടെ ‘സ്വീറ്റ് സ്മിത്ത്’ എന്ന പേരില്‍ സ്റ്റോര്‍ തുടങ്ങി. ഇപ്പോള്‍ വരുമാനത്തിനൊപ്പം കുറച്ചുപേര്‍ക്ക് ജോലി നല്കുന്ന ഇടമായി ‘സ്വീറ്റ് സ്മിത്ത്’ മാറി” – സോനം, കുനാഫയുടെ പിറവിയുടെ കഥ പറഞ്ഞു.
ബക്ലാവയും ഉംഅലിയും
കുനാഫ ഹിറ്റായതോടെ അറേബ്യന്‍ വിഭവങ്ങളുടെ മറ്റു സാധ്യതകളിലേക്കായി സഞ്ചാരം. എത്തിയത് ബക്ലാവയും ഉംഅലിയും പോലുള്ള വിഭവങ്ങളില്‍. ”അറേബ്യന്‍ മധുര വിഭവങ്ങളുടെ ലോകത്തേക്കുള്ള യാത്ര രസമുള്ള അനുഭവമാണ്. തുടക്കത്തില്‍ ന്യൂട്ടെല്ല, ക്ലാസിക് എന്നീ രണ്ടുതരം കുനാഫകളാണ് ഉണ്ടാക്കിയത്. പിന്നീട് പുതിയ രുചിക്കൂട്ടുകളിലേക്ക് വ്യാപിപ്പിച്ചു. കിളിക്കൂട് പോലെയാണ് കാഴ്ചയില്‍ ബക്ലാവ. നട്ട്സും പിസ്തയും ചോക്ലേറ്റുമൊക്കെ ചേര്‍ത്താണ് ഈ പരമ്പരാഗത അറേബ്യന്‍ വിഭവമുണ്ടാക്കുന്നത്. എന്റെ മകന് ഈസയുടേയും മകള്‍ ഐറയുടേയും പേരു ചേര്‍ത്ത് ‘ഇസ്ഐറ’ എന്ന പേരിലാണ് ബക്ലാവ തയ്യാറാക്കുന്നത്. ഈജിപ്തില്‍നിന്നുള്ള തകര്‍പ്പന്‍ ഐറ്റമാണ് ‘ഉംഅലി’. ക്രീമും നട്ട്സും തന്നെയാണ് ഉംഅലിയുടെ രുചിയുടെ രഹസ്യം” – സനം പറഞ്ഞു.
പെണ്‍കുട്ടികളേ ഇതിലേ
ബി.കോമിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോനം ആദ്യമായി കുനാഫ ഉണ്ടാക്കി രുചിയുടെ ലോകത്തേക്ക് യാത്ര തുടങ്ങുന്നത്. ഇന്നിപ്പോള്‍ ഇതിലൂടെ നല്ലൊരു വരുമാന മാര്‍ഗം തുറന്നുകിട്ടി. ”എന്‍ജിനീയറിങ് കഴിഞ്ഞ ഇത്താത്തയ്ക്കും പാചകം മോശം കാര്യമായി തോന്നിയിട്ടില്ല. വിദേശത്തു നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ജീവിതത്തില്‍ അതുവരെ കാണുകയോ കഴിക്കുകയോ ചെയ്യാതിരുന്ന ഒരു സാധനം ജീവിതം മാറ്റിമറിച്ചാല്‍ അതിനെക്കാള്‍ വലിയൊരു ത്രില്ലുണ്ടോ? – സോനത്തിന്റെ ചോദ്യത്തിന് ഉത്തരംപോലെ സനം പുഞ്ചിരിച്ചു.
Content Highlights: Two sisters success in Arabic special food restaurant