മഴയത്ത് കാടും കാട്ടാറും വെള്ളച്ചാട്ടവും അറിഞ്ഞൊരു യാത്രപോയാലോ. കാഴ്ചകൾ കണ്ട്, നല്ല ചൂട് കട്ടൻചായ കുടിച്ച്, വെള്ളച്ചാട്ടങ്ങളിൽ എത്തിനോക്കി ഒരു യാത്ര. പച്ചപ്പിന്റെ ക്യാൻവാസിൽ വെള്ളിക്കൊലുസുപോലെ മലയോര ഗ്രാമങ്ങൾക്ക് വശ്യഭംഗി തീർത്ത് ചെറുതും വലുതുമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട് മലയോരത്ത്. കിസയിലൂടെ അത്തരം വെള്ളച്ചാട്ടങ്ങളെ
പരിചയപ്പെടാം…
മലബാറിന്റെ ഗവി പച്ചപ്പിന്റെ നനവിൽ മഞ്ഞും മഴയും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് കക്കാടംപൊയിലിലേക്ക് വരാം. മഴയോടൊപ്പം ശീതക്കാറ്റിൽ കോട പുതയ്ക്കുന്നതാണ് മുഖ്യ ആകർഷണം. മലബാറിന്റെ ഗവി എന്നാണ് വിളിപ്പേര്. മാണിക്യമുടി, കുരിശുമല, വെള്ളരിമല എന്നീ പ്രദേശങ്ങൾ കോടമഞ്ഞിൽ ആറാടും. നട്ടുച്ചയ്ക്കും കോടമഞ്ഞിനെ പുണർന്നിരിക്കുന്ന ഇവിടത്തെ പ്രകൃതിയും തണുത്ത കാറ്റും ഏതൊരു സഞ്ചാരിയുടെയും മനമിളക്കും.
മലപ്പുറം ജില്ലയിൽ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായാണ് കക്കാടംപൊയിൽ നീണ്ടുനിവർന്നു കിടക്കുന്നത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് പ്രദേശം.
ഉത്രാടം വെള്ളച്ചാട്ടം
അധികമാരും അറിയാത്ത വെള്ളച്ചാട്ടമാണ് ഉത്രാടം പുഴയിലേത്. നിലമ്പൂർ- നായാടംപൊയിൽ മലയോരപാതയിൽ വെണ്ടേക്കുംപൊയിലിന് സമീപം. ചാലിയാർ പഞ്ചായത്തിലെ പതിനൊന്നാം ബ്ലോക്കിന് സമീപം 150 അടി ഉയരത്തിൽനിന്ന് വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്നു. മുളങ്കാടുകൾക്കും ഓടകൾക്കുമിടയിലൂടെ ഒഴുകിയെത്തുന്ന പുഴയുടെ മനോഹര കാഴ്ച.
ആഢ്യൻപാറ
വെള്ളരിമലയ്ക്ക് കീഴിൽ പ്രകൃതിയൊരുക്കുന്ന വാട്ടർ തീം പാർക്ക് ആണ് ആഢ്യൻപാറ വെള്ളച്ചാട്ടം. നിലമ്പൂരിലെത്തുന്നവർ സന്ദർശിക്കേണ്ട ഇടം. മഴക്കാലത്ത് ആഢ്യൻപാറ ഹൃദ്യമായ അനുഭവം നൽകും. ടിക്കറ്റെടുത്തു കൗണ്ടറിന്റെ താഴേക്കു നടന്നിറങ്ങാം. വിശാലമായ പാറപ്പുറത്തുകൂടെ നീർച്ചാലിൽ എത്താം. നല്ല ഗ്രിപ് ഉള്ള ചെരിപ്പോ ഷൂവോ നിർബന്ധം. ആഢ്യൻപാറ ഒരു വെള്ളച്ചാട്ടമല്ല. ചെറുതും വലുതുമായ ചെറുവെള്ളച്ചാട്ടങ്ങളുടെയും ക്രിസ്റ്റൽ ക്ലിയർ വെള്ളം ഉൾക്കൊള്ളുന്ന ചെറിയ കുളങ്ങളുടെയും കൂട്ടമാണ്. കാഞ്ഞിരപ്പുഴയുടെ വിവിധ ഭാവങ്ങൾ ആഢ്യൻപാറയിൽനിന്നു കാണാം.
കോഴിപ്പാറ
പാറക്കൂട്ടങ്ങളിൽനിന്നൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാണ് കോഴിപ്പാറ.
കക്കാടംപൊയിലിൽനിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ. കാടിന്റെ വന്യതയും സൗന്ദര്യവും കുളിർമയുമെല്ലാമുള്ള വെള്ളച്ചാട്ടം.
തെളിനീരു പോലെയുള്ള വെള്ളം തട്ടുതട്ടായുള്ള പാറകളിലൂടെ അതിവേഗത്തിൽ പതഞ്ഞൊഴുകുന്നു. അടുത്തെത്തിയാൽ ഈ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മറ്റെല്ലാറ്റിനേക്കാളും ഉയരത്തിൽ സഞ്ചാരികളെ വന്നു മൂടും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചരവരെയാണ് പ്രവേശനം. വനയാത്രകളും മലകയറ്റവും ഇഷ്ടപ്പെടുന്ന സാഹസികർക്ക് പറ്റിയ ഇടം. കുറുവൻ നദിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം.
വടക്കുകിഴക്കേ അറ്റത്തെ കേരളാംകുണ്ട്
മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിർത്തിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോടടുത്ത് കരുവാരക്കുണ്ടിൽ 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. സൈലന്റ് വാലി ബഫർസോണിലെ കാട്ടരുവികളിൽനിന്നുള്ള ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. ഒലിപ്പുഴ ആരംഭിക്കുന്നതും ഇവിടെനിന്നാണ്. ഊട്ടിയോട് സമാനമായ കാലാവസ്ഥ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകൾ നിറഞ്ഞയിടം.
മഴക്കാടുകളുടെ നെടുങ്കയം
പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലാണ് നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രം. കരിമ്പുഴ വന്യജീവി സങ്കേതത്തിന് കീഴിൽ വരുന്ന മഴക്കാടുകളാണ് പ്രധാന ആകർഷണം. മഴയുടെ സൗന്ദര്യം അതേപടി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട ഇടം. കരുളായി പഞ്ചായത്തിലാണ് നെടുങ്കയം. സഞ്ചാരികൾക്കായി ഡോർമെറ്ററിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുക്കട്ട കരുളായി വഴി നെടുങ്കയത്ത് എത്താം. കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമായതിനാൽ അനുവാദമില്ലാതെ പ്രവേശിക്കരുത്.
ഈ വഴികളിലൂടെ
കക്കാടംപൊയിൽ, ആഢ്യൻപാറ, കോഴിപ്പാറ, ഉത്രാടം വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് മലപ്പുറത്തുനിന്ന് വരുന്നവർക്ക് നിലമ്പൂർ അകമ്പാടം വഴി എത്താം. കോഴിക്കോടുനിന്ന് വരുന്നവർക്ക് മുക്കം കൂടരഞ്ഞി വഴിയും ഇവിടെയെത്താം. നിലമ്പൂരിൽനിന്ന് കരുളായി വഴി നെടുങ്കയത്തും കാളികാവ് വഴി കേരളാംകുണ്ടിലുമെത്താം.
ശ്രദ്ധിക്കണേ…
കാണാൻ സുന്ദരിയാണെങ്കിലും പ്രകൃതിഭംഗിക്കൊപ്പം അപകടക്കെണികളും വെള്ളച്ചാട്ടങ്ങളിൽ പതുങ്ങിയിരിപ്പുണ്ട്. വനത്തിൽ മഴ പെയ്താൽ പുഴകളിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുണ്ടാകും. കാണുമ്പോൾ രസമാണെങ്കിലും പാറക്കെട്ടുകൾ വഴുക്കൽ നിറഞ്ഞതാണ്. തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പാറക്കെട്ടിലൂടെ നടക്കുമ്പോൾ ജാഗ്രതയോടെ മുന്നോട്ടുപോകണം. ചിലയിടങ്ങളിലെങ്കിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കും സാധ്യത. വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. പ്രവേശനം നിരോധിച്ച മേഖലകളിലേക്ക് കടക്കരുത്. സമീപവാസികളുടെ കുടിവെള്ളപൈപ്പുകൾ മലയോരത്തെ മിക്ക പുഴകളിലുമുണ്ടാകും. അതു കേടാക്കരുത്. കാട്ടിലും പുഴയിലും പ്ലാസ്റ്റിക്കും തള്ളരുത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..