കുവൈറ്റ് സിറ്റി > കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഗസ്ത് പതിനഞ്ചു മുതൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും, ഓഫീസുകളിലെ ജോലി സമയവും ഹാജർ നിലയും വര്‍ദ്ധിപ്പിക്കാനുമാണ് തീരുമാനം.
രോഗബാധ ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ ഒന്ന് മുതൽ രാജ്യത്തെ സർക്കാർ സ്വകാര്യ സ്‌കൂളുകളും മാനദണ്ഡങ്ങൾക്ക് വിധേയമായി തുറക്കാനും മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് പുരോഗമിക്കുകയാണ്. പന്ത്രണ്ടിനും പതിനഞ്ചു വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച തയ്യാറെടുപ്പുകൾ ആരോഗ്യ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നു വരികയാണ്.
സർക്കാർ പ്രഖ്യാപിച്ച യാത്ര ഇളവുകളുടെ ഭാഗമായി, ഇന്ത്യ ഉൾപ്പെടയുള്ള ചില രാജ്യങ്ങളൊഴിച്ച്, മറ്റു രാജ്യങ്ങളിൽ നിന്നും കുവൈറ്റ് അംഗീകരിച്ച വാക്സിനുകളുടെ രണ്ടു ഡോസുകൾ സ്വീകരിച്ച പ്രവാസികളും കുവൈറ്റിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യക്കാരുടെ നേരിട്ടുള്ള തിരിച്ചുവരവ് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..